| Thursday, 26th November 2026, 8:46 am

നെതന്യാഹുവിന് വീണ്ടും സർക്കാർ രൂപീകരിക്കാൻ തടസമാകുന്ന ബില്ലുമായി ഇസ്രഈൽ പാർലമെന്റ്

ശ്രീലക്ഷ്മി പി.പി

ജറുസലേം: അഴിമതി ആരോപണങ്ങളിൽ ജഡ്ജിമാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന്, തനിക്കെതിരായ വിചാരണ ഉടൻ അവസാനിപ്പിക്കണമെന്ന് ഇസ്രഈൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം, ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരെ പ്രധാനമന്ത്രിയാകുന്നതിൽ നിന്ന് തടയുന്ന പുതിയ ബില്ലിന് ഇസ്രഈൽ പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകി.

നെതന്യാഹു നേരിടുന്ന മൂന്ന് അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ബുധനാഴ്ച ജറുസലേമിൽ നടന്ന വാദം കേൾക്കലിലാണ് ജഡ്ജിമാരുടെ നിർണായക പരാമർശങ്ങളുണ്ടായത്. കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയ കേസിൽ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണെന്ന് ജഡ്ജിമാർ സൂചിപ്പിച്ചു.

മൂന്ന് കേസുകളിൽ ഒരെണ്ണം ഉപേക്ഷിക്കാനും, മറ്റൊന്ന് പുനപരിശോധിക്കാനും, മൂന്നാമത്തേത് കരാറിലൂടെ പരിഹരിക്കാനും ജഡ്ജിമാർ നിർദേശിച്ചതായി ഇസ്രഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ, തനിക്കെതിരായ കെട്ടിച്ചമച്ച കേസുകൾ പൊളിഞ്ഞുവീഴുകയാണെന്ന് നെതന്യാഹു പറഞ്ഞു.

മറുവശത്ത്, ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആരെയും സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് വിലക്കുന്ന നിയമഭേദഗതിക്ക് ഇസ്രഈൽ പാർലമെന്റ് പ്രാഥമിക വായനയിൽ അംഗീകാരം നൽകി. നിലവിൽ മൂന്ന് അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെ പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കുറ്റവിചാരണ നേരിടുന്ന നിലവിലെ പ്രധാനമന്ത്രിയെ പുറത്താക്കാൻ കോടതിക്ക് അധികാരം നൽകാനും, പ്രധാനമന്ത്രിമാരുടെ ഭരണകാലാവധി തുടർച്ചയായ എട്ട് വർഷമായി പരിമിതപ്പെടുത്താനും ബിൽ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, എട്ട് വർഷത്തെ ഭരണത്തിന് ശേഷം എട്ട് വർഷത്തെ ഇടവേളയും നിർബന്ധമാക്കുന്നുണ്ട്. നിയമമാകുന്നതിന് മുൻപ് ബില്ലിന് പാർലമെന്ററി സമിതിയുടെ പരിശോധനയും സഭയിൽ മൂന്ന് വോട്ടെടുപ്പുകളും കൂടി കടക്കേണ്ടതുണ്ട്.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിന് ശേഷം മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിനെയാണ് പുതിയ സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഐസൻകോട്ടിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിലവിലെ നിയമപ്രകാരം നെതന്യാഹുവിന് വീണ്ടും അവസരം ലഭിക്കാൻ സാധ്യതയുണ്ട്.

ഇത് തടയാനാണ് പ്രതിപക്ഷ സഖ്യം പുതിയ നിയമനിർമ്മാണവുമായി മുന്നോട്ട് പോകുന്നത്. ഇതിനിടെ, 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുന്നതിന് അനുകൂലമായി ഗാദി ഐസൻകോട്ടിന്റെ പാർലമെന്ററി ബ്ലോക്ക് വോട്ട് രേഖപ്പെടുത്തി.

Content Highlight:Israeli parliament introduces bill that could hinder Netanyahu from forming a government again.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more