ജറുസലേം: അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ, ഫലസ്തീന്‍ തടവുകാര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ബില്ലിന്റെ കരടിന് അംഗീകാരം നല്‍കി ഇസ്രഈല്‍.
ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റിന്റെ ദേശീയ സുരക്ഷാ സമിതിയാണ് ചൊവ്വാഴ്ച ബില്ലിന് അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബില്‍ പാര്‍ലമെന്റിന്റെ പൊതുസഭയില്‍ എത്തും. ഇവിടെയുള്ള വോട്ടെടുപ്പുകള്‍ കൂടി കഴിയുന്നതോടെ ബില്‍ നിയമമായി മാറും.
തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റമര്‍ ബെന്‍ ഗ്വിര്‍ അവതരിപ്പിച്ച ബില്ലില്‍ വിചാരണയും ശിക്ഷ നടപ്പാക്കലുമായി ബന്ധപ്പെട്ട് കഠിനമായ വ്യവസ്ഥകളാണുള്ളത്.
കുറ്റക്കാരെന്ന് കണ്ടെത്തുന്ന തടവുകാര്‍ക്ക് വധശിക്ഷ നടപ്പിലാക്കുമെന്ന് ഇസ്രായേലിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ കെ.എ.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
വധശിക്ഷ വിധിക്കാന്‍ ജഡ്ജിമാരുടെ ഏകകണ്ഠമായ തീരുമാനം ആവശ്യമില്ല. കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കാം. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടില്ലെങ്കിലും കോടതിക്ക് ശിക്ഷ തീരുമാനിക്കാവുന്നതാണ്.
വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവര്‍ക്ക് മാപ്പ് നല്‍കാനോ ശിക്ഷാ കാലാവധി കുറയ്ക്കാനോ ഉള്ള ഒരു വഴികളും ബില്ലില്‍ ഇല്ല. മാത്രമല്ല കോടതി വിധി വന്ന് 90 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പിലാക്കിയിരിക്കണമെന്നും ബില്ലില്‍ പറയുന്നു.
വധശിക്ഷ കാത്ത് കഴിയുന്നവരെ പ്രത്യേക തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. അഭിഭാഷകരുമായുള്ള ചര്‍ച്ചകള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മാത്രമേ അനുവദിക്കൂ.
അതേസമയം ബില്ലിന്റെ ആദ്യ കരടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫലസ്തീനികള്‍ക്ക് മാത്രം ബാധകമാകുന്ന രീതിയിലാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം.
ഇസ്രഈലിനെ കൂടുതല്‍ അന്താരാഷ്ട്ര പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് ഭയന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പോലും ചില വ്യവസ്ഥകളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഇസ്രഈലിന് നേരിടേണ്ടി വന്നേക്കാവുന്ന കടുത്ത വിമര്‍ശനങ്ങളും നിയമപരമായ നടപടികളും ഒഴിവാക്കാനായി ബില്ലിന്റെ ആദ്യ കരടിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
‘ഭീകരതയുടെ ഇരകള്‍ ഇസ്രഈലി പൗരന്മാരായിരിക്കണം’ എന്ന വ്യവസ്ഥ ഇതില്‍ പ്രധാനമാണ്. ഈ വ്യവസ്ഥ നിലനിര്‍ത്തിയാല്‍ അത് ഫലസ്തീനികള്‍ക്കെതിരെയുള്ള വ്യക്തമായ വിവേചനമായി അന്താരാഷ്ട്ര തലത്തില്‍ വ്യാഖ്യാനിക്കപ്പെടുമെന്നതിനാലാണ് ഇത് നീക്കം ചെയ്തത്. നിയമപരമായ പഴുതുകള്‍ അടയ്ക്കാനും വിവേചന ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുമാണ് ഇത്തരമൊരു ‘മയപ്പെടുത്തല്‍’ വരുത്തിയിരിക്കുന്നത്.
അതേസമയം ഇസ്രഈല്‍ സൈന്യവും സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് ഈ നിയമനിര്‍മ്മാണത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇതെന്ന് സൈന്യത്തിന് തന്നെ അഭിപ്രായമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ കമാന്‍ഡര്‍മാരെ വിദേശ രാജ്യങ്ങളിലെ കോടതികളിലേക്കും അന്താരാഷ്ട്ര ട്രൈബ്യൂണലുകളിലേക്കും വലിച്ചിഴയ്ക്കാന്‍ ഈ നിയമം കാരണമായേക്കാമെന്ന് ഇസ്രഈല്‍ സൈന്യം ഭയപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2023 ഒക്ടോബറില്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഫലസ്തീന്‍ തടവുകാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇസ്രഈല്‍ വര്‍ദ്ധിപ്പിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പട്ടിണി, പീഡനം, ലൈംഗിക അതിക്രമങ്ങള്‍, ബോധപൂര്‍വ്വമായ ചികിത്സാ നിഷേധം എന്നിവ ജയിലുകളില്‍ നിലവില്‍ തന്നെ വ്യാപകമാണ്.
പുതിയ നിയമം കൂടി വരുന്നതോടെ ഫലസ്തീനികള്‍ക്കെതിരെയുള്ള വലിയ ആയുധമായി ഇസ്രായേല്‍ വധശിക്ഷയെ ഉപയോഗിക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
നിയമം പാസായാല്‍ അത് ഇസ്രഈലിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ നീക്കങ്ങളിലൊന്നായി മാറുമെന്നതില്‍ സംശയമില്ല. ഏപ്രില്‍ മാസത്തില്‍ പെസഹ അവധിക്ക് പാര്‍ലമെന്റ് പിരിയുന്നതിന് മുന്‍പ് തന്നെ ബില്‍ നിയമമാക്കാനാണ് തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ നീക്കം.
Content Highlight: Israeli parliament advances death penalty bill for Palestinian detainees