| Friday, 27th March 2026, 3:01 pm

ഒരു തന്ത്രവുമില്ലാതെ വലിയൊരു യുദ്ധത്തിലേക്ക് സൈനികരെ വലിച്ചിഴച്ചു; നെതന്യാഹു വരുത്തിവച്ചത് വലിയ നാശനഷ്ടങ്ങള്‍: ഇസ്രഈല്‍ പ്രതിപക്ഷ നേതാവ്

അനിത സി

ടെല്‍ അവീവ്: ഇസ്രഈലിന്റെ ഇറാനും ലെബനനും എതിരായ ആക്രമണം വലിയൊരു എടുത്തുചാട്ടമായിരുന്നെന്ന് വിമര്‍ശിച്ച് ഇസ്രഈലിലെ പ്രധാന പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ്. ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ രാജ്യത്തെ വലിയൊരു ദുരന്തത്തിലേക്ക് നയിച്ചിരിക്കുകയാണെന്നും സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തില്‍ അദ്ദേഹം വിമര്‍ശിച്ചു.

വലിയ സന്നാഹങ്ങളില്ലാത്ത ഇസ്രഈലിന്റെ ചെറിയ സൈന്യത്തെ വലിയൊരു ബഹുമുഖ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണെന്നും ലാപിഡ് കുറ്റപ്പെടുത്തി.

‘മുന്‍കൂട്ടി ഒരു തന്ത്രവും മെനയാതെ, ആവശ്യമായ മാര്‍ഗങ്ങള്‍ മുന്‍കൂട്ടി കാണാതെ ചെറുസൈന്യത്തെ സര്‍ക്കാര്‍ ഒരു ബഹുമുഖ യുദ്ധത്തിലേക്ക് അയച്ചിരിക്കുന്നു’, ലാപിഡ് പ്രതികരിച്ചു.

മുമ്പും ഇസ്രഈല്‍ ഗസയിലും ഇറാനിലും ലെബനനിലും നടത്തുന്ന സൈനിക നീക്കങ്ങളെ ലാപിഡ് വിമര്‍ശിച്ചിരുന്നു. ഇവിടങ്ങളിലെ അധിനിവേശങ്ങളെ എതിര്‍ക്കുന്നില്ലെങ്കിലും ഇസ്രഈല്‍ സര്‍ക്കാര്‍ സൈന്യത്തെ വിനിയോഗിക്കുന്ന രീതിയെ അദ്ദേഹം എതിര്‍ത്തിരുന്നു.

ഇസ്രഈല്‍ മേഖലയില്‍ നടത്തുന്ന അധിനിവേശങ്ങളും പ്രദേശങ്ങള്‍ വ്യാപിപ്പിക്കുന്നതും ബൈബിള്‍, സയണിസ്റ്റ് ആശയങ്ങളും അടിസ്ഥാനമാക്കിയാണെന്നും ഇറാഖ് വരെ രാജ്യം വ്യാപിക്കുന്നതിനോട് താന്‍ യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഇസ്രഈല്‍ കടുത്ത സൈനിക ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി നിര്‍ബന്ധിത സൈനിക സേവനം നീട്ടാനൊരുങ്ങുകയാണ് ഇസ്രഈല്‍.

പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ സൈന്യം തകരുമെന്ന് ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി നല്‍കവെയാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന്റെ കാലാവധി നീട്ടാനൊരുങ്ങുന്നതായി അറിയിച്ചത്. പെസഹ അവധിക്ക് ശേഷം സൈനിക സേവന നിയമങ്ങള്‍ പരിഷ്‌കരിക്കാനാണ് പദ്ധതി. സേവന കാലാവധി വര്‍ധിപ്പിക്കുകയും ചെയ്യും.

ലെബനനില്‍ പ്രതിരോധ ബഫര്‍സോണ്‍ സ്ഥാപിക്കുന്നതിനായി കൂടുതല്‍ സൈനികരെ ആവശ്യമുണ്ടെന്ന് സൈനിക വക്താവ് എഫി ഡെഫ്രിന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സേനയ്ക്ക് ഏകദേശം 15000 സൈനികരുടെ കുറവ് നേരിടുണ്ടെന്നും യുദ്ധം തുടരുമ്പോള്‍ അതൊരു വലിയ ആശങ്കയ്ക്ക് കാരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവില്‍ ഇസ്രഈലില്‍ പുരുഷന്മാര്‍ 32 മാസവും സ്ത്രീകള്‍ 24 മാസവും നിര്‍ബന്ധിത സൈനികസേവനം നടത്തണം. ഇത് 36 മാസമായി ഉയര്‍ത്താനാണ് നീക്കം.

അതേസമയം, ഇസ്രഈല്‍ ഹിസ്ബുല്ലയ്‌ക്കെതിരായ ആക്രമണമെന്ന പേരില്‍ താമസ കെട്ടിടങ്ങള്‍ക്ക് നേരെയും ആശുപത്രികള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സേവനങ്ങള്‍ക്ക് നേരെയും ആക്രമണം തുടരുന്നതിനെ ലെബനന്‍ അപലപിച്ചു.

തങ്ങളുടെ പരമാധികാരത്തിന് നേരെ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ പരാതി നല്‍കുമെന്ന് ലെബനന്‍ പറഞ്ഞു.

Content Highlight: Netanyahu dragged soldiers into a major war without any strategy; caused huge damage: Israeli opposition leader Yair Lapid

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more