| Wednesday, 22nd April 2026, 9:38 am

വെസ്റ്റ് ബാങ്കിൽ സ്കൂളിന് നേരെ ഇസ്രഈൽ അധിനിവേശക്കാരുടെ ആക്രമണം; വിദ്യാർത്ഥിയടക്കം രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു

മുഹമ്മദ് നബീല്‍

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ സ്‌കൂളിന് നേരെ ഇന്നലെ (ചൊവ്വ) ഇസ്രഈൽ അധിനിവേശക്കാർ നടത്തിയ ആക്രമണത്തിൽ ഒരു വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് ഫലസ്തീനികൾ വെടിയേറ്റ് കൊല്ലപ്പെട്ടു.

ഫലസ്‌തീൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളനുസരിച്ച് 14 വയസുകാരൻ ഔസ് ഹംദി അൽ നസ്സാനും 32 വയസുള്ള ജിഹാദ് മർസൂഖ് അബു നയീമുമാണ് കൊല്ലപ്പെട്ടത്.

വെസ്റ്റ് ബാങ്കിലെ രാമല്ലയ്ക്ക് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അൽ മുഗയിർ ഗ്രാമത്തിലെ സ്കൂളിലാണ് ആക്രമണം നടന്നത്. കുറഞ്ഞത് നാല് ഫലസ്തീൻ പൗരന്മാർക്കെങ്കിലും പരിക്കേറ്റതായി മെഡിക്കൽ ഉദ്യോഗസ്ഥർ പറഞ്ഞു.

ആക്രമണത്തിന് തൊട്ടുമുമ്പ് ഇസ്രഈൽ അധിനിവേശക്കാർ കർഷകരെ ആട്ടിയോടിക്കാൻ ശ്രമിച്ചതായി അൽ ബൈദാർ മനുഷ്യാവകാശ സംഘടന അറിയിച്ചു.

അധിനിവേശക്കാർ കൃഷിഭൂമിയിൽ അതിക്രമിച്ച് കയറുകയും കർഷകർ ജോലി ചെയ്യുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തത് പ്രദേശത്ത് വലിയ സംഘർഷാവസ്ഥയ്ക്ക് കാരണമായതായി സംഘടന അറിയിച്ചു.

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ ഇസ്രഈൽ പൗരന്മാർ നടത്തുന്ന അതിക്രമങ്ങൾ നിത്യേന വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇന്നലെ (ചൊവ്വ) വടക്കൻ ജോർദാൻ താഴ്വരയിലെ ഖിർബെത് സംര പ്രദേശത്ത് ഇസ്രഈൽ സൈന്യത്തിന്റെ സംരക്ഷണയിൽ അധിനിവേശക്കാർ ഒരു ട്രക്ക് തടഞ്ഞുവെച്ചു.

അതേസമയം വടക്കൻ ജോർദാൻ താഴ്വരയിലെ അൽ മാലെ പ്രൈമറി സ്കൂളും ഇന്നലെ ഇസ്രഈൽ സൈന്യം തകർത്തു.

മാർച്ച് മാസത്തിൽ മാത്രം അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കും അവരുടെ സ്വത്തുക്കൾക്കും നേരെ ഇസ്രഈൽ കുടിയേറ്റക്കാർ 497 ആക്രമണങ്ങൾ നടത്തിയതായും ഇതിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായും വാൾ ആൻഡ് സെറ്റിൽമെന്റ് റെസിസ്റ്റൻസ് കമ്മീഷൻ അറിയിച്ചു.

Content Highlight: Israeli occupation forces attack school in West Bank; Two Palestinians, including a student, killed

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more