ജറുസലേം: ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നയിച്ച ആവശ്യങ്ങളും നിയമനടപടി ഭീഷണിയും പ്രമുഖ ഇസ്രഈലി പത്രമായ ഹാരെറ്റ്സ് പൂർണമായി തള്ളി. കോടതിയിൽ സത്യം വെളിപ്പെടുത്താൻ തങ്ങൾ തയ്യാറാണെന്ന് പത്രം വ്യക്തമാക്കി.
2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് പത്ത് ദിവസം മുൻപ്, ഹമാസ് തലവൻ യഹ്‌യ സിൻവാറിന്റെ നേതൃത്വത്തിൽ വലിയൊരു നീക്കം ആസൂത്രണം ചെയ്യുന്നതായി യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫോണിലൂടെ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ചൊവ്വാഴ്ച ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഇങ്ങനെയൊരു സംഭാഷണമോ മുന്നറിയിപ്പോ ഉണ്ടായിട്ടില്ലെന്ന് നെതന്യാഹു അവകാശപ്പെട്ടു. നേതാക്കൾ തമ്മിലുള്ള ആശയവിനിമയങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ലെന്നാണ് യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
പത്രത്തിനെതിരെയും പത്രപ്രവർത്തകരായ ഷ്ലോമി എൽദാർ, റൂത്തി യുവൽ എന്നിവർക്കെതിരെയും കേസ് കൊടുക്കുമെന്ന നെതന്യാഹുവിന്റെ വക്കീൽ നോട്ടീസിന് പത്രം രേഖാമൂലം മറുപടി നൽകി.
ഗസ അതിർത്തിയിലെ സൈനിക കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ഹമാസ് നടത്തിയ ആക്രമണം ഇസ്രഈൽ ചരിത്രത്തിലെ തന്നെ കനത്ത രാഷ്ട്രീയ-സൈനിക പരാജയമായാണ് കണക്കാക്കപ്പെടുന്നത്. സൈനിക-രാഷ്ട്രീയ ഉദ്യോഗസ്ഥർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോൾ, വീഴ്ചയുടെ പഴി സൈന്യത്തിന് മേൽ ചാരി നെതന്യാഹു കൈയൊഴിയുകയായിരുന്നു.
പൊതുതാത്പര്യം മുൻനിർത്തി വ്യക്തമായ സ്രോതസ്സുകളോടെ നടത്തിയ സമഗ്രാന്വേഷണ റിപ്പോർട്ടാണിതെന്ന് ഹാരെറ്റ്സ് ചൂണ്ടിക്കാട്ടി. ഭരണകൂടം ജനങ്ങളോട് സുതാര്യത പുലർത്താത്ത സാഹചര്യത്തിൽ വിവരങ്ങൾ ഓരോന്നായി പുറത്തുകൊണ്ടുവരികയെന്നത് മാധ്യമധർമ്മമാണെന്ന് പത്രം നെതന്യാഹുവിന്റെ അഭിഭാഷകനെ അറിയിച്ചു.
റിപ്പോർട്ട് പിൻവലിക്കുക, പരസ്യമായി മാപ്പ് പറയുക, 10 ലക്ഷം ഷെക്കൽ (ഏകദേശം 3,31,000 ഡോളർ ) നഷ്ടപരിഹാരം നൽകുക എന്നീ ഒത്തുതീർപ്പ് നിർദേശങ്ങളാണ് നെതന്യാഹു മുന്നോട്ടുവെച്ചത്. വഴങ്ങിയില്ലെങ്കിൽ 25 ലക്ഷത്തിലധികം ഷെക്കൽ(827,000 ഡോളർ) ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
മാധ്യമങ്ങളുടെ വായടപ്പിക്കാനാണ് ഇത്തരം നീക്കങ്ങളെന്ന് കുറ്റപ്പെടുത്തിയ ഹാരെറ്റ്സിനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യാൻ നെതന്യാഹു തന്റെ നിയമസംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
യു.എ.ഇ നൽകിയ മുന്നറിയിപ്പ് നെതന്യാഹു ഗൗരവത്തിലെടുത്തില്ലെന്നും സൈന്യത്തിനോ രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിനോ കൈമാറിയില്ലെന്നും പത്രം വിമർശിക്കുന്നു.
അതേസമയം, വാർത്തയിൽ നേരിട്ട് പ്രതികരിച്ചില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ആശയവിനിമയ സംവിധാനമുണ്ടെന്നും വിവരങ്ങൾ കൈമാറാറുണ്ടെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
2023 ഒക്ടോബർ മുതൽ ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയിൽ സ്ത്രീകളും കുട്ടികളുമടക്കം 73,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 1,74,000-ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധക്കുറ്റങ്ങളും മനുഷ്യത്വവിരുദ്ധ നടപടികളും മുൻനിർത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി 2024 മുതൽ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതാണ്.
Content Highlight:Israeli newspaper rejects Netanyahu’s lawsuit threat; ‘Haaretz’ says it will prove the truth in court.