| Sunday, 19th October 2025, 6:43 pm

ഗസയിൽ യുദ്ധത്തിന് വീണ്ടും ആഹ്വാനം ചെയ്ത് ഇസ്രഈൽ മന്ത്രിമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിൽ യുദ്ധത്തിന് വീണ്ടും ആഹ്വാനം ചെയ്ത് ഇസ്രഈൽ മന്ത്രിമാർ. യു.എസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ലംഘിക്കുന്ന പരാമർശങ്ങളാണ് മന്ത്രിമാർ നടത്തിയത്. ഗസയിൽ ഇന്നും ഇസ്രഈൽ വ്യോമാക്രമണം നടത്തി.

ഹമാസ് നിലനിൽക്കുന്നിടത്തോളം കാലം ഗസയിൽ യുദ്ധമുണ്ടാകുമെന്ന് ഇസ്രഈൽ വിദേശകാര്യ മന്ത്രി അമിചായ് ചിക്ലി പറഞ്ഞെതായി അൽജസീറ റിപ്പോർട്ട് ചെയ്തു. നിലവിലുള്ള സാഹചര്യം ദുഷ്കരവും സങ്കീർണവുമാണെന്നും ഇസ്രഈൽ മന്ത്രിയായ എബ്രഹാം മോഷെ അവി ​ഡിക്റ്റർ പറഞ്ഞു.

യുദ്ധം പുനരാരംഭിക്കില്ലെന്നും ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്നും ഇസ്രഈൽ ആരോപിച്ചു. ബന്ദികളെ കൈമാറിയ ശേഷം എല്ലാം മാറിയെന്നും ഹമാസിനെ നിരായുധീകരിക്കുന്നതിൽ നിന്നും ഇസ്രഈൽ പിന്മാറുകയില്ലെന്നും അവി ​ഡിക്റ്റർ പറഞ്ഞു.

സമാധാന കരാറിനായുള്ള ചർച്ചകൾക്ക് നടത്തി ബന്ദികളെ കൈമാറിയതിന് ശേഷവും ഇസ്രഈൽ ഇപ്പോഴും ഗസയിൽ ആക്രമണം തുടരുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഇസ്രഈൽ വിട്ടുനൽകിയ ഫലസ്തീനിയൻ ബന്ദികളുടെ മൃതദേഹങ്ങൾ വികൃതമാക്കപ്പെട്ട അവസ്ഥയിലാണെന്ന് യൂറോ- മെഡ് റിപ്പോർട്ട് ചെയ്തിരുന്നു. ഇരകളിൽ പലരും ക്രൂര പീഡനത്തിനും ദുരുപയോഗത്തിനും വിധേയരായിട്ടുണ്ടെന്നും യൂറോ- മെഡ് പറഞ്ഞു.

ഫലസ്തീൻ തടവുകാരെ ഇസ്രഈൽ നിയമപരമായോ മാനുഷികപരമായോ പരിഗണിച്ചില്ലെന്നും തടങ്കലിലിരിക്കെ വധിച്ചെന്നും യൂറോ- മെഡ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രഈൽ നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. അത് മൃതദേഹങ്ങളിൽ നിന്നും വ്യക്തമാകുമെന്നും അവർ പറഞ്ഞിരുന്നു.

Content Highlight: Israeli ministers call for renewed war in Gaza

We use cookies to give you the best possible experience. Learn more