| Tuesday, 28th October 2025, 10:07 pm

ഫലസ്തീനികളെ കൊന്നൊടുക്കിയ കേസിലെ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് ഇസ്രഈലി മന്ത്രിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഫലസ്തീനികളെ കൊലപ്പെടുത്തിയ ജൂതന്മാരും ഇസ്രഈലികളുമായ പ്രതികളെ വിട്ടയക്കണമെന്ന് ഇസ്രഈലി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും. പ്രതികളെ മാപ്പ് നല്‍കി വിട്ടയക്കണമെന്നാണ് ഇസ്രഈല്‍ ജനപ്രതിനിധികളുടെ ആവശ്യം.

ഇതിനായി ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെയാണ് ഇവര്‍ സമീപിച്ചത്. ഇസ്രഈലി വാര്‍ത്താ ഏജന്‍സിയായ വൈനെറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഫലസ്തീനികളെ കൊലപ്പെടുത്തിയ കേസുകളില്‍ തടവില്‍ കഴിയുന്ന 25 പേര്‍ക്കെങ്കിലും പൊതുമാപ്പ് നല്‍കണമെന്നാണ് ആവശ്യം. ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, ഗതാഗത മന്ത്രി മിരി റെഗെവ്, സാംസ്‌കാരിക മന്ത്രി മിക്കി സോഹര്‍ എന്നിവരുള്‍പ്പെടെയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

ജൂത തടവുകാരെ മോചിപ്പിക്കാനും നീതി നടപ്പാക്കാനും ഉടനടി നടപടിയെടുക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നമ്മുടെ സര്‍ക്കാര്‍ ആയിരക്കണക്കിന് തീവ്രവാദികളെ വിട്ടയച്ചിരുന്നു. അവരുടെ ചെയ്തികള്‍ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ഇസ്രഈലി നേതാക്കള്‍ പറഞ്ഞു.

‘ജൂത തടവുകാര്‍ ജയിലില്‍ കിടന്ന് ദുരിതമനുഭവിക്കുകയാണ്. അവരുടെ കുടുംബങ്ങളെയും ഭീകരതയുടെ ഇരകളെയും നാം ഉപേക്ഷിച്ച മട്ടിലാണ് നാം. ഇസ്രഈലിന്റെ തടങ്കലില്‍ കഴിഞ്ഞിരുന്ന തീവ്രവാദികള്‍ ഉള്‍പ്പെടെ അവരുടെ കുടുംബങ്ങളോടൊപ്പം സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കണ്ടെത്തുന്നത് ജൂത തടവുകാര്‍ നോക്കി നില്‍ക്കുകയാണ്,’ എം.പിമാര്‍ സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശിച്ചു.

ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസും ഇസ്രഈല്‍ തമ്മില്‍ ഒപ്പുവെച്ച ഗാസയിലെ സമാധാന കരാറിനെ മുന്‍നിര്‍ത്തിയാണ് ഫലസ്തീന്‍ എം.പിമാരുടെ പരാമര്‍ശം. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലികുഡ് പാര്‍ട്ടിയിലെ അംഗങ്ങളും ജൂത തടവുകാരുടെ മോചനം ആവശ്യപ്പെട്ട് രംഗത്തുണ്ട്.

അതേസമയം ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ 125 തവണ ഇസ്രഈല്‍ ലംഘിച്ചതായി ഫലസ്തീന്‍ മീഡിയ ഓഫീസ് പറയുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 94 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 344ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

നിലവിലെ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബര്‍ മുതല്‍ ഇസ്രഈല്‍ ഗസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 68,531 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 170,402 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 474 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Israeli ministers call for amnesty for prisoners convicted of killing Palestinians

We use cookies to give you the best possible experience. Learn more