| Tuesday, 1st September 2026, 12:56 pm

അല്‍-അഖ്‌സ പള്ളിയില്‍ അതിക്രമിച്ച് കയറി ഇസ്രഈല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍; പള്ളി പൊളിച്ച് ജൂത ക്ഷേത്രം പണിയണമെന്ന് ആഹ്വാനം

കെ.എസ് ഷാബിന

ജറുസലേം: കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്‌സ പള്ളിയില്‍ അതിക്രമിച്ചു കയറി പ്രാര്‍ത്ഥന നടത്തി ഇസ്രഈല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍.
പള്ളി പൊളിച്ചു അവിടെ ജൂത ക്ഷേത്രം സ്ഥാപിക്കണമെന്ന് ആഹ്വാനം നടത്തിയ ശേഷം പള്ളിയിൽ കയറി പ്രാർത്ഥന നടത്തുന്ന ചിത്രങ്ങളും ബെന്‍ഗ്വിര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ഇസ്രാഈൽ അധിനിവേശ സേനയുടെയും അകമ്പടിയോടെ നിരവധി കുടിയേറ്റക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമായിരുന്നു ബെന്‍ഗ്വിര്‍ അതിക്രമിച്ച് കയറിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്‌ലാം മതത്തിൽ മൂന്നാമത്തെ പുണ്യസ്ഥലമായ അല്‍-അഖ്‌സ പള്ളിയുടെ ചരിത്രപരമായ സവിശേഷത ഇല്ലാതാക്കാനുള്ള പദ്ധതികളും ബെന്‍ഗ്വിര്‍ പ്രഖ്യാപിച്ചു.

‘എനിക്ക് 14 വയസ്സുള്ളപ്പോൾ ഇവിടെ പ്രാർത്ഥന നിരോധിച്ചിരുന്നു. അന്ന് പ്രാർത്ഥിക്കുന്നവരെപ്പോലും പൊലീസ് അറസ്റ്റ് ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് മാറ്റങ്ങൾ കാണാൻ കഴിയുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇവിടെ പ്രാർത്ഥനകൾ നടത്തണം, കൊമ്പ് വിളിച്ച് (ഷോഫാർ) ചടങ്ങുകൾ നടത്തണം, ഇവിടെ ഒരു ജൂത ക്ഷേത്രം വരണം. പക്ഷേ, അത് പതുക്കെ പതുക്കെ മാത്രമേ നടക്കൂ,’ അൽ അഖ്‌സ പള്ളിയിൽ അതിക്രമിച്ചു കയറിയപ്പോൾ ബെൻ-ഗ്വിർ പറഞ്ഞു.

പള്ളിയുടെ കിഴക്കൻ മുറ്റത്ത് താൽമുദിക് പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും ബെൻ-ഗ്വിർ നിർവഹിച്ചതായി ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 27 ന് നടക്കാനിരിക്കുന്ന ഇസ്രാഈലിന്റെ പൊതുതെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് ഈ സംഭവം.

1967 ലെ സ്റ്റാറ്റസ് കോ കരാറിന്റെ ഭാഗമായി ഇസ്‌ലാം മത വിശ്വാസികൾ അല്ലാത്തവർക്ക് മസ്ജിദിനുള്ളിൽ പ്രാർത്ഥന നടത്താൻ അനുവാദമില്ല. എന്നാൽ ജൂതന്മാർക്ക് പള്ളിയുടെ കോമ്പൗണ്ട് സന്ദർശിക്കാനുള്ള അനുവാദമുണ്ട്.

മുസ്‌ലീങ്ങൾക്ക് ലോകത്തിലെ ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ സ്ഥലമാണിത്. എന്നാൽ, പണ്ട് ഇവിടെ രണ്ട് ജൂത ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ജൂതന്മാർ ഈ സ്ഥലത്തെ ‘ടെമ്പിൾ മൗണ്ട്’ എന്ന് വിളിക്കുന്നു. 2003 മുതൽ, വെള്ളിയും ശനിയും ഒഴികെയുള്ള ദിവസങ്ങളിൽ കുടിയേറ്റക്കാർക്ക് പള്ളി വളപ്പിൽ പ്രവേശിക്കാൻ ഇസ്രാഈൽ പോലീസ് അനുമതി നൽകുന്നുണ്ട്.

2022-ൽ അധികാരമേറ്റതിനുശേഷം ബെൻ-ഗ്വിർ നിരവധി തവണ സമാന രീതിയിൽ മസ്ജിദിനുള്ളിൽ അതിക്രമിച്ചു കയറി പ്രാർത്ഥന നടത്തിയിട്ടുണ്ട്. ഇത് ലോകരാജ്യങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

Content Highlight: Israeli Minister Itamar Ben-Gvir Storms Al-Aqsa Mosque, Calls to Replace It with a Jewish Temple

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more