ജെറുസലേം: തീവ്ര വലതുപക്ഷക്കാരനായ ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരുടെ സംഘം അല്‍ അഖ്‌സക്ക് പിന്നാലെ ഇബ്രാഹിമി പള്ളിയിലേക്കും അതിക്രമിച്ച് കയറി. തിങ്കളാഴ്ചയായിരുന്നു ബെന്‍ഗ്വിറും അനധികൃത കുടിയേറ്റക്കാരും ജെറുസലേമിലെ അല്‍ അഖ്‌സ മസ്ജിദില്‍ അതിക്രമിച്ചു കയറിയത്. തൊട്ടടുത്ത ദിവസം ബെന്‍ഗ്വിറിന്റെ നേതൃത്വത്തില്‍ കുടിയേറ്റക്കാരുടെ സംഘം ഇബ്രാഹിമി പള്ളിയിലും അതിക്രമിച്ച് കടക്കുകയായിരുന്നു.
പോലീസ് അകമ്പടിയോടെയാണ് ഇവര്‍ അല്‍ അഖ്‌സ വളപ്പിലേക്ക് പ്രവേശിച്ചതെന്ന് ജെറുസലേം ഇസ്ലാമിക് വഖ്ഫിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സുക്കോട്ട് എന്ന ജൂത ആഘോഷ വേളയിലാണ് ഈ അതിക്രമം നടന്നത്. കൈയേറ്റക്കാര്‍ ഫലസ്തീനികളെ ആക്രമിച്ചു. ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ അക്രമികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി ജറുസലേം ഗവര്‍ണറേറ്റിനെ ഉദ്ധരിച്ച് ‘വഫ’ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആഘോഷത്തിന്റെ മൂന്നാം ദിവസമായ തിങ്കളാഴ്ചയാണ് സംഭവം. ബെന്‍ഗ്വിറിന്റെ നേതൃത്വത്തില്‍ 900ലധികം ഇസ്രഈലി കുടിയേറ്റക്കാര്‍ പേര്‍ അല്‍ അഖ്‌സ വളപ്പിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. പള്ളിയുടെ മുറ്റത്ത് ഇസ്രായേലികള്‍ വട്ടത്തില്‍ നൃത്തം ചെയ്യുകയും പാട്ടുകള്‍ പാടുകയും ചെയ്തതായും ഗവര്‍ണറേറ്റ് അധികൃതര്‍ വ്യക്തമാക്കി.
അല്‍ അഖ്‌സയുടെ ഉടമസ്ഥര്‍ തങ്ങളാണെന്ന് ബെന്‍ഗ്വിര്‍ അവകാശപ്പെടുകയും ചെയ്തു. ‘അല്‍-അഖ്‌സയിലെയും ജയിലുകളിലെയും സ്ഥലങ്ങളുടെ ഉടമകള്‍ ഞങ്ങളാണ്. ഭീകരവാദികളായ തടവുകാരുടെ ജീവിതം ഞങ്ങള്‍ നരകതുല്യമാക്കിയിരിക്കുന്നു,’ ബെന്‍ഗ്വിര്‍ പറഞ്ഞു.
‘ഇസ്രഈല്‍ ജനത സമ്പൂര്‍ണ വിജയത്തിലേക്കുള്ള പാതയിലാണ്. യഹൂദ ജനതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായ അല്‍-അഖ്‌സയില്‍ ഞങ്ങള്‍ ഇന്ന് പ്രാര്‍ത്ഥിക്കുന്നു,’ എന്നും ബെന്‍ഗ്വിര്‍ പറഞ്ഞു.
ഇസ്രഈല്‍ നടപടി തീക്കളിയാണെന്ന് ഫലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് നബില്‍ അബു രുദൈന അഭിപ്രായപ്പെട്ടു. ഇത് ‘ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന അപകടകരമായ പ്രകോപനം’ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ ഒരു ‘മതയുദ്ധം’ ആളിക്കത്തിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധിനിവേശ വെസ്റ്റ് ബാങ്കിന്റെ തെക്ക് ഭാഗത്തുള്ള ഹെബ്രോണിലെ ഇബ്രാഹിമി പള്ളിയിലേക്ക് ബെന്‍ഗ്വിര്‍ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്കൊപ്പം ചൊവ്വാഴ്ച അതിക്രമിച്ചു കയറി. സൂക്കോട്ട് ആഘോഷത്തിന്റെ മൂന്നാം ദിനത്തിലായിരുന്നു ഇത്. സുക്കോട്ട് ആഘോഷവേളയില്‍ ഇബ്രാഹിമി പള്ളി മുസ്‌ലിം വിശ്വാസികള്‍ക്കായി അടച്ചിടുമെന്ന് ഇസ്രായേല്‍ അധികൃതര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇബ്രാഹിമി പള്ളിയിലേക്ക് ബെന്‍ഗ്വിറും സംഘവും അതിക്രമിച്ച് കയറുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രഈലിന്റെ ‘ചാനല്‍ 14’ സംപ്രേഷണം ചെയ്തു. ‘ഇബ്രാഹിമി പള്ളിയില്‍ എത്തുമ്പോള്‍, പാടാനും ആഹ്ലാദിക്കാനും തോന്നുന്ന തരത്തിലുള്ള ഊര്‍ജ്ജം എനിക്ക് ലഭിക്കുന്നു,’ എന്ന് വര്‍ഷങ്ങളായി ഹെബ്രോണില്‍ അനധികൃത കുടിയേറ്റക്കാരനായി താമസിക്കുന്ന ബെന്‍-ഗ്വിര്‍ ചാനലിനോട് പറഞ്ഞു.
ഹെബ്രോണിലെ ഓള്‍ഡ് സിറ്റിയിലാണ് ഇബ്രാഹിമി പള്ളി സ്ഥിതി ചെയ്യുന്നത്. പൂര്‍ണമായും ഇസ്രഈല്‍ അധിനിവേശത്തിലുള്ള ഈ പ്രദേശത്ത് ഏകദേശം 1,500 ഇസ്രായേലി സൈനികരുടെ സംരക്ഷണയില്‍ 400-ഓളം അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്.
‘സുക്കോട്ട്’ ആഘോഷത്തിന്റെ ഭാഗമായി ജറുസലേമിലെ പഴയ നഗരത്തില്‍ ഫലസ്തീനികളുടെ കടകള്‍ ഇസ്രഈല്‍ സേന അടപ്പിച്ചിരുന്നു. ജൂത പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തുന്നതിനായിരുന്നു കടകള്‍ അടര്രിച്ചത്. ഒക്ടോബര്‍ രണ്ട് വരെ അടച്ചുപൂട്ടല്‍ തുടരുമെന്നാണ് വിവരം.
അല്‍-അഖ്സ പള്ളിയിലേക്കുള്ള പ്രധാന പാതകളിലൊന്നായ ‘ബാബ് അല്‍-ഖത്താനീന്‍’ (പരുത്തി വ്യാപാരികളുടെ കവാടം) ഉള്‍പ്പെടുന്ന മേഖലയിലെ കടകളാണ് അടപ്പിച്ചത്. ഇതോടൊപ്പം പ്രദേശത്തെ ഫലസ്തീനികളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാനും ഇസ്രഈല്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അല്‍-അഖ്സ പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രഈല്‍ സേന കടുപ്പിച്ചിരിക്കുകയാണ്.
2003 മുതല്‍, വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ഒഴികെയുള്ള ദിവസങ്ങളില്‍ മസ്ജിദ് വളപ്പിലേക്ക് പ്രവേശിക്കാന്‍ ഇസ്രഈലികളുടെ സംഘങ്ങള്‍ക്ക് അനുമതി നല്‍കിവരുന്നുണ്ട്. അതേസമയം ഫലസ്തീന്‍ വിശ്വാസികളുടെ മേല്‍ ഇസ്രഈല്‍ പലപ്പോഴും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുമുണ്ട്.
ഈ വര്‍ഷം അല്‍-അഖ്സയില്‍ ഈദ്-ഉല്‍-ഫിത്തര്‍ നമസ്‌കാരം നടത്തുന്നത് ഇസ്രഈല്‍ തടഞ്ഞിരുന്നു. 33 ഫലസ്തീനികള്‍ താമസിക്കുന്ന അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 10,000 പേര്‍ക്ക് മാത്രമായിരുന്നു റമദാനിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്.