| Friday, 13th November 2026, 7:49 am

ഇറാനെ ആക്രമിക്കുന്നതിനെച്ചൊല്ലി ട്രംപും നെതന്യാഹുവും തമ്മില്‍ വാക്കുതര്‍ക്കമെന്ന് ഇസ്രഈലി മാധ്യമ റിപ്പോര്‍ട്ട്; വ്യാജവാര്‍ത്തയെന്ന് സര്‍ക്കാര്‍

നിഷാന. വി.വി

ടെല്‍അവീവ്: ഇറാനെതിരായ സൈനിക നീക്കത്തിന്റെ ഭാവിയെ ചൊല്ലി ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഫോണില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നതായി റിപ്പോര്‍ട്ട്.

ഇസ്രഈലി മാധ്യമങ്ങളായ വൈനെറ്റ്, യെദിയോത്ത് അഹ്റോനോത്ത് എന്നീ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വാരാന്ത്യത്തില്‍ നടന്ന ഫോണ്‍ സംഭാഷണം അതീവ സംഘര്‍ഷഭരിതമായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെ ‘വ്യാജവാര്‍ത്തയും ശുദ്ധ അസംബന്ധവും’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നെതന്യാഹുവിന്റെ ഓഫീസ് രംഗത്തെത്തി.

ഇറാനെതിരെ സംയുക്ത സൈനികാക്രമണം വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുനേതാക്കളും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായത്. സംഭാഷണം വലിയ രീതിയിലുള്ള വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയെന്നാണ് ഇസ്രഈലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, വാരാന്ത്യത്തില്‍ ഇരുനേതാക്കളും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഇസ്രഈലി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. എന്നാല്‍ അതൊരു പ്രയാസകരമായ സംഭാഷണമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ടും രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിനായും സൈനിക ആക്രമണം പുനരാരംഭിക്കണമെന്ന നിലപാടിലാണ് നെതന്യാഹു. ഇതിനായി അദ്ദേഹം മിക്കവാറും എല്ലാ ദിവസവും ട്രംപിനെ ഫോണില്‍ വിളിച്ച് സമ്മര്‍ദം റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഉടനടിയുള്ള സൈനിക നടപടികള്‍ക്ക് ട്രംപ് തയ്യാറല്ല. പകരം നയതന്ത്ര ചര്‍ച്ചകളിലൂടെയും സാമ്പത്തിക ഉപരോധങ്ങളിലൂടെയും ഇറാനെ സമ്മര്‍ദ്ദത്തിലാക്കി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

യുദ്ധം വീണ്ടും തുടങ്ങേണ്ട സാഹചര്യം നിലവിലില്ലെന്ന് 60 മിനിറ്റ്‌സ് എന്ന പരിപാടിയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. നയതന്ത്ര കരാറിനും പുതിയ യുദ്ധത്തിനും ഇടയിലുള്ള നേരിയ അതിര്‍വരമ്പിലാണ് കാര്യങ്ങളുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight: Israeli media report claims a verbal spat between Trump and Netanyahu over attacking Iran; government dismisses it as fake news.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more