ടെൽ അവീവ്: ഗസയിൽ ഇസ്രഈലി സൈനികനെ ഹമാസ് ബന്ദിയാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സൈന്യത്തിന് നേരെ രൂക്ഷ വിമർശനവുമായി ഇസ്രഈലി പത്രങ്ങൾ.
ഗസയിൽ ഹമാസ് ഒരു ഇസ്രഈലി സൈനികനെ കൊലപ്പെടുത്തുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നതിന്റെ ഒരു വീഡിയോ ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡുകൾ പുറത്തുവിട്ടിരുന്നു. പിന്നാലെ ഇസ്രഈലി സൈന്യം തങ്ങളുടെ സൈനികർക്ക് വേണ്ട സംരക്ഷണം നൽകുന്നില്ലെന്നാരോപിച്ച് രൂക്ഷ വിമർശനവുമായി പ്രാദേശിക മാധ്യമങ്ങൾ എത്തി.
പുറത്ത് വന്ന വീഡിയോയിൽ തെക്കൻ ഗസയിലെ ഖാൻ യൂനിസിന് കിഴക്കുള്ള അബാസൻ അൽ-കബീറ പ്രദേശത്ത് ഹമാസ് പ്രാദേശികമായി നിർമിച്ച ആന്റി-ആർമർ മിസൈൽ ഉപയോഗിച്ച് ഒരു ഇസ്രഈലി ബുൾഡോസർ ആക്രമിക്കുന്നത് കാണാം.
ആക്രമണത്തിന് പിന്നാലെ ബുൾഡോസറിൽ നിന്ന് ചാടിയിറങ്ങുന്ന ഇസ്രഈലി റിസർവ് സൈനികൻ അവ്രഹാം അസുലെയെ ഹമാസ് നിലത്ത് കിടത്തുന്നതായും ആയുധങ്ങൾ പിടിച്ചുവാങ്ങുന്നതായും കാണാം.
ഇസ്രഈൽ സൈന്യം ഹമാസിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സൈനികൻ ഹമാസിന്റെ പിടിയിലായത്. ഹമാസ് അംഗങ്ങൾ ഒരു തുരങ്കത്തിൽ നിന്ന് പുറത്തുവന്ന്, ഇസ്രഈൽ സേനയെ ആക്രമിച്ച് അസുലെയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നായിരുന്നു ഇസ്രഈൽ സേനയുടെ വാദം. ഇസ്രഈലി സൈന്യം വെടിയുതിർക്കുകയും തട്ടിക്കൊണ്ട് പോകൽ തടയാൻ ശ്രമിച്ചെന്നും സേന പറഞ്ഞു. എന്നാൽ പുറത്തു വന്ന വീഡിയോയിൽ സൈന്യം അവരുടെ സൈനികനെ രക്ഷിക്കാൻ ശ്രമിക്കുന്നതായി കാണുന്നില്ലെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഇസ്രഈൽ സേനക്ക് നേരെ പ്രാദേശിക ജങ്ങളുടെയും മാധ്യമങ്ങളുടെയും രോഷം ഉയരുന്നുണ്ട്. പ്രാദേശിക ഇസ്രഈലി ചാനൽ 12 ന്യൂസിന്റെ ലേഖകനായ അൽമോഗ് ബോക്കർ ഇസ്രഈൽ സേനയെ വിമർശിച്ചു. അസുലെയെ രക്ഷിക്കാൻ സൈന്യം പൂർണ ശക്തിയോടെ പോരാടിയെന്ന് പറഞ്ഞു. എന്നാൽ അവർ ഒന്നും ചെയ്തില്ല.
‘ഏഴ് സൈനികരെ നഷ്ടപ്പെട്ട പ്യൂമ സംഭവത്തിന് ശേഷം, ഹമാസ് കവചിത വാഹനത്തിൽ കയറി ആരും ശ്രദ്ധിക്കാതെ ഒരു സ്ഫോടകവസ്തു അകത്തേക്ക് എറിഞ്ഞത് എങ്ങനെയെന്ന് സൈന്യം കണ്ടതാണ്. അങ്ങനെയുള്ളപ്പോൾ ഖാൻ യൂനിസിൽ ഒരു ബുൾഡോസർ ഓപ്പറേറ്ററെ വേണ്ട സുരക്ഷയില്ലാതെ പ്രവർത്തിക്കാൻ നിര്ബന്ധിക്കുന്നതെങ്ങനെ,’ ബോക്കർ എക്‌സിൽ ചോദിച്ചു.
ജൂൺ അവസാനം നടത്തിയ ആക്രമണത്തിൽ ഒരു ഹമാസ് അംഗം ഇസ്രഈൽ സൈനികർ ഇരുന്നിരുന്ന കവചിത പേഴ്‌സണൽ കാരിയർ ലക്ഷ്യമാക്കി സ്ഫോടകവസ്തു എറിഞ്ഞതിനെ തുടർന്ന് ഏഴ് ഇസ്രഈലി സൈനികർ കൊല്ലപ്പെട്ടിരുന്നു.
Content Highlight: Israeli media criticises army after Hamas clip shows soldier kidnapping attempt