| Thursday, 20th August 2026, 8:40 pm

ജെറുസലേമിൽ ഇന്ത്യക്കാരനെ ഇസ്രഈലി യുവാവ് കുത്തിക്കൊന്നു; മൂർച്ഛയുള്ള ഉപകരണം കൊണ്ട് കുത്തിയത് ഒന്നിലധികം തവണ

റെന്വര്‍ പി

ടെൽ അവീവ്: ജെറുസലേമിൽ കെയർ ടേക്കറായി ജോലി ചെയ്ത് വരികയായിരുന്ന ഇന്ത്യൻ യുവാവിനെ ഇസ്രഈലി യുവാവ് കുത്തി കൊലപ്പെടുത്തി. ജറുസലേമിൽ ഒരു വൃദ്ധ ദമ്പതിമാരുടെ കെയർ ടേക്കറായി ജോലി ചെയ്തു വരികയായിരുന്ന രാജീവ് ആചാര്യ എന്ന 40 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ആചാര്യ ജോലി ചെയ്തിരുന്ന വീട്ടിലെ വൃദ്ധ ദമ്പതികളുടെ കൊച്ചു മകനായ ആവിയർ സാകെൻ ആണ് കൊലപാതകം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസം 27നാണ് ജോലി ചെയ്യുന്ന വീട്ടിനകത്ത് രാജീവ് ആചാര്യയെ ആവിയർ സാകെൻ കുത്തി കൊലപ്പെടുത്തിയതെന്നാണ് വിവരം. മൂർച്ഛയുള്ള ഉപകരണം കൊണ്ടാണ് പ്രതി ഒന്നിലധികം തവണ കുത്തിയത്. തുടർന്ന് രക്തം വാർന്നുപോയി രാജീവ് മരിക്കുകയായിരുന്നു.

പ്രതി പിന്നീട് എന്താണ് സംഭവിച്ചതെന്ന് മറച്ചുവെക്കാൻ ശ്രമിച്ചതായാണ് വിവരം. കൊലക്കുപയോഗിച്ച ആയുധവും മറ്റ് തെളിവുകളും കൊണ്ട് സംഭവത്തിന് പിന്നാലെ അയാൾ സ്ഥലം വിട്ടിരുന്നതായി കേസിലെ പ്രോസിക്യൂട്ടർമാർ പറഞ്ഞിരുന്നു.

കൊല്ലപ്പെട്ടയാൾ രാജീവ് ആചാര്യയാണെന്ന് സ്ഥിരീകരിച്ച് ടെൽ അവീവിലെ ഇന്ത്യൻ എംബസി ഇന്നലെ (ഓഗസ്റ്റ് 19, ബുധൻ) ഒരു വാർത്താക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇസ്രഈൽ അധികൃതരുമായി നിരന്തര സമ്പർക്കം പുലർത്തുകയാണെന്നും എംബസി അറിയിച്ചിരുന്നു.

പ്രതി ആവിയർ സാകെൻ അറസ്റ്റിലായിട്ടുണ്ടെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രതി നിലവിൽ കസ്റ്റഡിയിൽ തുടരുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേസിൽ അന്വേഷണ നടപടികളും പുരോഗമിക്കുന്നുണ്ട്. ഇസ്രഈൽ ശിക്ഷാ നിയമം വകുപ്പ് 300 (എ) പ്രകാരം പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി എംബസി അറിയിച്ചു.

പശ്ചിമ ബംഗാളിലെ കലിംപോങ് സ്വദേശിയാണ് കൊല്ലപ്പെട്ട രാജീവ് ആചാര്യ. നാട്ടിൽ മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുണ്ട്. വീട്ടിലെ വരുമാനമുള്ള ഏക അംഗമായിരുന്നു രാജീവ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജീവ് ആചാര്യയുടെ ഭൗതിക ശരീരം നാട്ടിലെത്തിച്ചതായാണ് വിവരം. ഈ മാസം 13ന് ഇസ്രഈലിൽ നിന്ന് മുംബൈയിലേക്കും 14ന് ബാഗ്ദോഗ്ര വിമാനത്താവളത്തിലേക്കും ശരീരം എത്തിച്ചതായി ഇസ്രഈലിലെ ഇന്ത്യൻ ഗൂർഖ കമ്യൂണിറ്റി സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

ഇസ്രഈലിലെ ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നതാണ് ആചാര്യയുടെ കൊലപാതകമെന്ന് വിലയിരുത്തപ്പെടുന്നു. പതിനാലായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ ഇന്ത്യൻ കെയർ ടേക്കർമാർ ഇസ്രഈലി വീടുകളിൽ തൊഴിലെടുക്കുന്നതായാണ് ഇന്ത്യൻ എംബസിയുടെ കണക്കുകൾ.

വിദേശ തൊഴിലാളികളെ ആക്രമണങ്ങളിൽ നിന്നും പീഢനങ്ങളിൽ നിന്നും സംരക്ഷിക്കുന്ന നിയമ നിർമാണത്തിന് വേണ്ടി ഇസ്രഈലിലെ ഇന്ത്യൻ കമ്യൂണിറ്റി തൊഴിലാളികൾ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യപ്പെട്ടതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ആചാര്യയുടെ കുടുംബത്തിന് നഷ്ടപരിഹാരവും കേസിൽ കുറ്റമറ്റ വിചാരണ നടപടികളും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Content Highlight: Israeli Man Killed Indian Care Giver – Stabbed to Death At Jerusalem

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more