ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിമര്‍ശിക്കുന്ന രാജ്യത്തെ ടെലിവിഷന്‍ ചാനലായ ചാനല്‍ 13-ന്റെ ഓഹരികള്‍ വില്‍ക്കുന്നതിനെ എതിര്‍ത്ത് ഇസ്രഈലി മാധ്യമപ്രവര്‍ത്തകര്‍.
ബ്രിട്ടീഷ് ശതകോടീശ്വരനായ സര്‍ ലിയോനാര്‍ഡ് ബ്ലാവത്‌നിക്കിന്റെ കൈവശമുള്ള ചാനലിന്റെ 15 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ നീക്കം നടക്കുന്നത്. നെതന്യാഹു സര്‍ക്കാരിന്റെ നയങ്ങളും നെതന്യാഹു നടത്തിയ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നിരന്തരം പ്രക്ഷേപണം ചെയ്യുന്ന ചാനലാണ് ചാനല്‍ 13.
ബ്ലാവത്‌നിക് വില്‍ക്കുന്ന ഓഹരികള്‍ വാങ്ങുന്നത് ടെലികോം രംഗത്തെ ഭീമനും ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ഇസ്രഈലി പൗരത്വവുമുള്ള പാട്രിക് ദ്രാഹിയാണെന്നാണ് വിവരം. ദ്രാഹിക്ക് ഇസ്രഈലില്‍ സ്വന്തമായി കേബിള്‍ ടെലിവിഷന്‍ കമ്പനിയും ഇസ്രഈലില്‍ നെതന്യാഹുവിനെ അനുകൂലിക്കുന്ന ഒരു വാര്‍ത്താ ചാനലുമുണ്ട്.
കൂടാതെ, യു.എസ് സ്ഥാപനങ്ങളില്‍ നിന്നും വലിയ തോതില്‍ പണം കൈപ്പറ്റിയ ദ്രാഹി വലിയ കടക്കെണിയിലാണെന്നും കേസ് നടത്തിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് വിവരം.
അതേസമയം, ദ്രാഹിയാണ് ബ്രിട്ടീഷ് ശതകോടീശ്വരനില്‍ നിന്നും ഓഹരികള്‍ വാങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് എതിര്‍പ്പുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഈ കച്ചവടത്തിലൂടെ ഇസ്രഈലിലെ പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് വീഴുമെന്ന ആശങ്ക ഇസ്രഈലി മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പങ്കുവെച്ചു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് നെതന്യാഹു സര്‍ക്കാര്‍ മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് ഈ ഡീലെന്നും മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ബ്ലാവത്‌നിക് ഇസ്രഈലിന്റെ പത്രസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളെ പിന്തുണയ്ക്കരുതെന്നും ഓഹരി വില്‍പനയില്‍ നിന്നും പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇസ്രഈലിലെ നിയമപ്രകാരം ഒരു മാധ്യമ സ്ഥാപനത്തില്‍ നിന്നും ഒരാള്‍ക്ക് വാങ്ങാന്‍ കഴിയുന്ന പരമാവധി ഓഹരിയാണ് 15 ശതമാനം. ഇത്തരത്തില്‍ ചാനല്‍ 13ന്റെ 15 ശതമാനം ഓഹരി ദ്രാഹി വാങ്ങിക്കുകയാണെങ്കില്‍ ചാനല്‍ നയത്തിന്റെ 100 ശതമാനവും ദ്രാഹി കൈക്കലാക്കിയേക്കുമെന്ന ആശങ്കയുണ്ടെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ അംഗം അനത് സരഗുസ്തി പറഞ്ഞു.
ചാനലിലേക്ക് പണമൊഴുക്കി നയങ്ങള്‍ മാറ്റുമെന്നാണ് ഭയമെന്നും അദ്ദേഹം പറഞ്ഞു. ഈ ഡിലിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കാര്യത്തില്‍ ഇസ്രഈലിലെ പൊതുജനങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Freedom of Press will be restricted; Israeli journalists oppose selling stakes of channel 13, which critical of Netanyahu