ടെഹ്റാന്‍: യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാനിയന്‍ സായുധ സേന മേധാവി അബ്ദുല്‍ റഹിം മൗസവിയും കൊല്ലപ്പെട്ടു. ഇന്നലെ (ശനി) രാവിലെ ഇറാനിലുടനീളം ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങള്‍ക്കിടെയാണ് മൗസവി കൊല്ലപ്പെട്ടത്.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മൗസവിയുടെ മരണവിവരവും പുറത്തുവരുന്നത്. ഇസ്രഈലിന്റെ ആക്രമണത്തില്‍ ഖാംനഇയുടെ മകളും മരുമകളും പേരക്കുട്ടിയും മരിച്ചിരുന്നു.
ഇറാന്‍ പ്രതിരോധമന്ത്രി അമിര്‍ നാസിര്‍സദെയും ഐ.ആര്‍.ജി.സി തലവന്‍ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. നിരവധി ഐ.ആര്‍.ജി.സി കമാന്‍ഡര്‍മാര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്.
പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാനിലെ ഏതാനും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇറാന്‍ ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഖാംനഇയുടെ മരണത്തിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഇറാന്‍ ശക്തമാക്കി. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ തുടര്‍ച്ചയായി ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയാണ്.
ഇസ്രഈലിന്റെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 200ലധികം ആളുകളാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. ഇന്നലെ തെക്കന്‍ ഇറാനിലെ മിനാബില്‍ നടന്ന ഇസ്രഈല്‍ ആക്രമണത്തില്‍ നൂറിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പെണ്‍കുട്ടികളുടെ പഠന കേന്ദ്രത്തിന് നേരെയാണ് ആക്രണം നടന്നത്.
നിലവില്‍ ഖാംനഇയുടെ കൊലപാതകത്തില്‍ ഇറാന്‍ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഒരാഴ്ച പൊതുസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്നും ഇറാന്‍ അറിയിച്ചു.
Content Highlight: Israeli incursion; Iranian army chief Rahim Mousavi also killed