ടെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരുടെ തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റും കിടങ്ങ് കുഴിച്ച് മുതലകളെ വളര്‍ത്തണമെന്ന ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറിന്റെ നിര്‍ദേശം നടപ്പാക്കാനുള്ള നീക്കവുമായി ഇസ്രഈല്‍ സര്‍ക്കാര്‍.
മുതലകളുടെ സംരക്ഷിത വന്യജീവി പദവിയായിരുന്നു ബെന്‍ഗ്വിറിന്റെ നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാറിന് മുന്നിലുണ്ടായിരുന്ന തടസം. ഇപ്പോള്‍ ആ തടസം ഒഴിവാക്കാന്‍ മുതലയെ സംരക്ഷിത വന്യജീവി അല്ലാതാക്കുകയാണ് ഇസ്രഈല്‍ സര്‍ക്കാരെന്ന് പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംരക്ഷിത വന്യജീവികളുടെ പട്ടികയിലായിരുന്ന മുതലകളെ വളര്‍ത്താന്‍ സാധിക്കുന്ന വന്യജീവികളുടെ പട്ടികയിലേക്ക് മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് ഇസ്രഈല്‍ പരിസ്ഥിതി മന്ത്രി ഇഡിറ്റ് സില്‍മാന്‍ അംഗീകാരം നല്‍കിയതായി ചാനല്‍ 7 റിപ്പോര്‍ട്ട് ചെയ്തു. ഈ മാറ്റം പ്രാബല്യത്തില്‍ വന്നതോടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മുതലകളെ വളര്‍ത്താനാവും. ഇത് പ്രകാരം തടവറകളുടെ ചുമതലയുള്ള ഇസ്രഈല്‍ പ്രിസണ്‍ സര്‍വീസിനും മുതലകളെ വളര്‍ത്താനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംരക്ഷിത വന്യജീവി എന്ന വിഭാഗത്തിലായിരുന്നപ്പോള്‍ അംഗീകൃത മൃഗശാലകളില്‍ മാത്രമായിരുന്നു മുതലകളെ വളര്‍ത്താന്‍ സാധിക്കുമായിരുന്നുള്ളൂ. ബെന്‍ഗ്വിര്‍ പറഞ്ഞത് പോലെ തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റും മുതലകളെ വളര്‍ത്തുന്നതിന്റെ സാധ്യത പ്രിസണ്‍ സര്‍വീസ് പരിശോധിച്ചുവരുന്നതായി ചാനല്‍ 7 റിപ്പോര്‍ട്ട് ചെയ്തു.
‘മുതല ജയില്‍’ എന്ന പേരിലായിരുന്നു ബെന്‍ഗ്വിര്‍ നിര്‍ദേശിച്ച തടങ്കല്‍ കേന്ദ്രങ്ങളെ ഇസ്രഈല്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ഈ നിര്‍ദേശത്തിനെതിരെ ഇസ്രഈല്‍ നേച്ചര്‍ ആന്‍ഡ് പാര്‍ക്ക്‌സ് അതോറിറ്റി തടസവാദങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുതലകളുടെ വന്യജീവി പദവിയില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് ഇസ്രഈലിന്റെ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമോപദേശകരുടെ നിര്‍ദേശത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ മുതലകളുടെ വന്യജീവി പദവിയില്‍ മാറ്റം വരുത്തുന്നതെന്ന് ഇസ്രഈലി ചാനലായ വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ നീക്കത്തിനെതിരെ പരിസ്ഥിതി സംഘടനകള്‍ വിമര്‍ശനമുന്നയിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും മാത്രമേ മുതലകളെ വളര്‍ത്താന്‍ പറ്റൂ എന്നായിരുന്നു നാച്ചര്‍ ആന്‍ഡ് പാര്‍ക്‌സ് അതോറിറ്റി ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നത്. പ്രകൃതി സംരക്ഷണ മന്ത്രാലയം നിയമോപദേശകയായ നേത ഡ്രോറിയും ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേട്ടനായകളെ കൈകാര്യം ചെയ്ത് ശീലമുള്ളതിനാല്‍ മുതലകളെയും കൈകാര്യം ചെയ്യാം എന്നായിരുന്നു ഈ എതിര്‍പ്പുകളോട് പ്രിസണ്‍ സര്‍വീസിന്റെ പ്രതികരണം.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ബെന്‍ഗ്വിര്‍ മുതലകളെ ചുറ്റും വളര്‍ത്തുന്ന രീതിയിലുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ചുറ്റും കനാലുകളില്‍ മുതലകളെ വളര്‍ത്തിക്കൊണ്ടുള്ള അതീവ സുരക്ഷാ ജയിലുകള്‍ നിര്‍മിക്കണമെന്നായിരുന്നു ബെന്‍ഗ്വിറിന്റെ നിര്‍ദേശം. യു.എസിലെ ഫ്‌ളോറിഡയിലുള്ള, അലിഗേറ്റര്‍ അല്‍കാട്രാസ് എന്നറിയപ്പെടുന്ന വിവാദ കുടിയേറ്റ തടവുകേന്ദ്രമാണ് ബെന്‍ഗ്വിര്‍ ഇതിന് മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നത്.
മുതലകളെ വളര്‍ത്താവുന്ന ജീവികളാക്കി നിര്‍വചിച്ചുകൊണ്ടുള്ള തീരുമാനത്തിന് പിന്നാലെ ബെന്‍ഗ്വിര്‍ താന്‍ ഒരു മുതലയെ പിടിച്ച് നില്‍ക്കുന്ന എ.ഐ നിര്‍മിത ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ‘ഭീകരവാദികളെ, രക്ഷപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണോ? ഒരു വട്ടം കൂടി ആലോചിക്കൂ,’ എന്നും ബെന്‍ഗ്വിര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ദേശീയ സുരക്ഷാ മന്ത്രിയായ ബെന്‍ഗ്വിറിന് കീഴിലാണ് ജയിലുകളുടെ ചുമതലയുള്ള ഇസ്രഈല്‍ പ്രിസണ്‍ സര്‍വീസസ്. ബെന്‍ ഗ്വിറിനെ യുദ്ധക്കുറ്റകൃത്യങ്ങളിലും, വംശഹത്യ, വംശഹത്യാ പ്രേരണ എന്നീ കുറ്റകൃത്യങ്ങളിലും വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ (എച്ച്.ആര്‍.എഫ്) കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. ജൂലൈ ഏഴ്, എട്ട് തീയതികളിലായി ബെന്‍ ഗ്വിര്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാനിരിക്കെയായിരുന്നു എച്ച്.ആര്‍.എഫിന്റെ പരാതി.
ഇസ്രഈല്‍ പ്രിസണ്‍ സര്‍വീസ് തടവിലിട്ടിരിക്കുന്ന ഫലസ്തീന്‍കാരുടെ അവസ്ഥ കൂടുതല്‍ മോശമാക്കാന്‍ ലക്ഷ്യമിട്ടുള്ള നയങ്ങളാണ് ബെന്‍ ഗ്വിര്‍ അധികാരമേറ്റ കാലം മുതല്‍ ഐ.പി.എസ് നടപ്പാക്കുന്നതെന്ന് എച്ച്.ആര്‍.എഫിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബെന്‍ ഗ്വിര്‍ നേരിട്ടെത്തി തടവില്‍ കഴിയുന്നവരെ പീഡിപ്പിക്കുന്നതിലും പങ്കാളിയായി. 2025-2026 വര്‍ഷങ്ങളില്‍ ഫ്ളോട്ടില്ല ബോട്ടുകളില്‍ ഗസയിലേക്ക് പോയ യു.എസ് സ്വദേശികള്‍ അടക്കമുള്ളവരെ ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചിരുന്നു. ഫ്ളോട്ടില്ലയില്‍ നിന്ന് തടവിലെടുത്തവരെ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിക്കുമ്പോഴും ബെന്‍ഗ്വിര്‍ അതില്‍ പങ്കാളിയായയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Israeli Government takes legal step toward Ben-Gvir’s proposed “crocodile prison” plan