ടെല്‍അവീവ്: അധിനിവേശത്തിലൂടെ കയ്യടക്കിയ വെസ്റ്റ് ബാങ്കിലെ വലിയ പ്രദേശങ്ങള്‍ ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിന് ഇസ്രഈല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 1967ന് ശേഷം ആദ്യമായാണ് ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രഈല്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
അനധികൃതമായി ഭൂമി പിടിച്ചെടുക്കുന്ന ഈ നടപടിക്ക് കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ വെസ്റ്റ് ബാങ്കിലെ ഭൂമിയില്‍ സ്ഥിരമായ ഉടമസ്ഥാവകാശം ഇസ്രഈലിന് ലഭിക്കും.
ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, നീതിന്യായ മന്ത്രി യാരിവ് ലെവിന്‍, പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് എന്നിവര്‍ സമര്‍പ്പിച്ച നിര്‍ദേശത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കെ.എ.എന്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
‘ഞങ്ങളുടെ ഭൂമി നിയന്ത്രിക്കുന്നതിനായി ഞങ്ങള്‍ കുടിയേറ്റ വിപ്ലവം തുടരുകയാണ്’, തീവ്ര വലതുപക്ഷ മന്ത്രിയായ സ്‌മോട്രിച്ച് പ്രതികരിച്ചു.
ഇസ്രഈലിന്റെ സമ്പൂര്‍ണ നിയന്ത്രണം പ്രദേശത്ത് ഉറപ്പുവരുത്താനുള്ള അത്യാവശ്യ സുരക്ഷാ ഭരണ നടപടിയെന്ന് രജിസ്‌ട്രേഷന്‍ നീക്കത്തെ കാറ്റ്‌സ് വിശേഷിപ്പിച്ചു.
1967ന് ശേഷം ഇസ്രഈല്‍ ഫലസ്തീനിലെ പല പ്രദേശങ്ങളും നിയമപരമായ പ്രശ്‌നങ്ങള്‍ ഔദ്യോഗികമായ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
അന്താരാഷ്ട്ര നിയമം അനുസരിച്ച് അധിനിവേശ ശക്തികള്‍ക്ക് അധിനിവേശ പ്രദേശങ്ങളിലെ ഭൂമി കണ്ടുകെട്ടാന്‍ സാധിക്കില്ല.
അതേസമയം, ഇസ്രഈല്‍ സര്‍ക്കാര്‍ നീക്കത്തെ ഫലസ്തീന്‍ അപലപിച്ചു. ഇത് ഗുരുതരമായ കടന്നുകയറ്റമാണ്. ഇസ്രഈല്‍ ഒപ്പുവെച്ച പല അന്താരാഷ്ട്ര കരാറുകളെ അസാധുവാക്കുന്ന നടപടിയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ഫലസ്തീന്‍ പ്രസിഡന്‍സി പ്രതികരിച്ചതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Israeli government approves move to register occupied West Bank territories as state property