ബെയ്‌റൂട്ട്: ലെബനനില്‍ ജനവാസ മേഖലകള്‍ക്ക് മേല്‍ ഇസ്രഈല്‍ സൈന്യം പല തവണ രാസവസ്തുവായ
വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനകളില്‍ നിന്നും വിദഗ്ധരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.
തെക്കന്‍ ലെബനനിലെ ജനവാസ കേന്ദ്രങ്ങളിലാണ് ഇസ്രഈല്‍ ഫോസ്ഫറസ് പ്രയോഗം നടത്തിയത്. സിവിലിയന്‍മാര്‍ക്ക് നേര്‍ക്കോ ജനവാസ മേഖലകള്‍ക്ക് നേര്‍ക്കോ വൈറ്റ് ഫോസ്ഫറസ് പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.
ഹിസ്ബുല്ലയുമായുള്ള യുദ്ധം ആരംഭിച്ച ശേഷം തെക്കന്‍ ലെബനനിലെ വിവിധ ജനവാസ മേഖലകളില്‍ ഇസ്രഈല്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടൈര്‍ നഗരത്തിന് സമീപവും നബാതിയെ നഗരത്തിലും ഈ രാസ വസ്തു പ്രയോഗിച്ചു. ഖ്‌ലായ, ഖിയാം, യോഹ്‌മോര്‍ പട്ടണങ്ങള്‍ക്ക് സമീപവും വൈറ്റ് ഫോസ്ഫറസ് പ്രയോഗം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ പ്രദേശങ്ങളില്‍ രാസവസ്തു പ്രയോഗം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതായും യു.എസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നബാതിയെ മേഖലയിലുള്ള ബ്യൂഫോര്‍ട്ട് കോട്ട പിടിച്ചടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രഈലി സൈന്യം പകര്‍ത്തിയിരുന്നു. മേയ് 30നുള്ള ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നബാതിയെ നഗരത്തില്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗം കാരണമുള്ള പുക അന്തരീക്ഷത്തിലുയര്‍ന്നതായി കണ്ടെത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മറ്റ് ചില വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ടൈര്‍ നഗരത്തിനും ഖ്‌ലായ, ഖിയാം, യോഹ്‌മൂര്‍ പട്ടണങ്ങള്‍ക്കും സമീപമുള്ള മേഖലകളിലും രാസവസ്തു പ്രയോഗം നടന്നതായി കണ്ടെത്തിയെന്നും എന്‍.വൈ.ടി റിപ്പോര്‍ട്ട് ചെയ്യുന്നു.
വീഡിയോ ദൃശ്യങ്ങള്‍ വിദഗ്ധഗര്‍ പരിശോധിച്ച് വൈറ്റ് ഫോസ്ഫറസ് പ്രയോഗം സ്ഥിരീകരിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലെബനനില്‍ ജനവാസ മേഖലകളില്‍ ഇസ്രഈല്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകളില്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രഈല്‍ തള്ളി.
ലെബനനില്‍ ജനവാസ മേഖലകളില്‍ ഇസ്രഈല്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി ഈ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പ്രസ്താവന ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്ത് വന്നിരുന്നു. മാര്‍ച്ച് മൂന്നിന് യോഹ്‌മോര്‍ പട്ടണത്തില്‍ ഈ രാസവസ്തു പ്രയോഗിച്ചെന്നായിരുന്നു മനുഷ്യാവകാശ സംഘടനയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
Content highlight: Israeli forces used white Phosphorus in civilian Regions of Lebanon: Says Reports