| Monday, 25th August 2025, 1:18 pm

ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് ഇസ്രഈല്‍ സൈന്യം; 4 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയില്‍ സഹായ കേന്ദ്രത്തിന് സമീപം ജനക്കൂട്ടത്തിന് നേരെ ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ത്തു. ആക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗസ സിറ്റിയുടെ തെക്ക് ഭാഗത്തുള്ള മേഖലയിലേക്ക് സഞ്ചരിച്ചവരെയാണ് സൈന്യം കൊലപ്പെടുത്തിയത്.

അല്‍-ഔദ ആശുപത്രിയും രണ്ട് ദൃക്‌സാക്ഷികളുമാണ് ഈ കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പ്രദേശവാസികള്‍ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് പതിവായി ഉപയോഗിക്കുന്ന പാതയില്‍ വെച്ചാണ് നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

ഗസ ഹ്യുമനിറ്റേറിയന്‍ ഫൗണ്ടേന്റെ നെറ്റ്‌സാരിം ഇടനാഴി പ്രദേശത്തേക്ക് പോകുകയായിരുന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അല്‍-ഔദ ആശുപത്രിയും സാക്ഷികളും പറഞ്ഞു.

അതേസമയം ഇന്നലെ (ഞായറാഴ്ച) പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട എട്ട് മരണങ്ങള്‍ കൂടി ഗസയിലെ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. ഇതോടെ യുദ്ധത്തില്‍ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ആകെ മരണങ്ങളുടെ എണ്ണം 289 ആയി ഉയര്‍ന്നിട്ടുണ്ട്. അതില്‍ 115 പേരും കുട്ടികളാണ്.

ഗസയെ നിര്‍ബന്ധിത പട്ടിണിയില്‍ തള്ളിവിടുന്ന ഇസ്രഈലിന്റെ നടപടി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കുട്ടികളെ ആണെന്ന് യൂണിസെഫ് നേരത്തെ പറഞ്ഞിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികളെ രക്ഷിക്കാന്‍ ശക്തമായ നടപടി വേണമെന്നും യു.എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഗസയില്‍ ക്ഷാമം രൂക്ഷമാണെന്നും അടുത്ത മാസം അവസാനത്തോടെ ഇത് മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ വെള്ളിയാഴ്ച പറഞ്ഞു.

ഗസയിലേക്കുള്ള ഭക്ഷണത്തിനും വൈദ്യസഹായങ്ങള്‍ക്കും ഇസ്രഈല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭീകരമായ പട്ടിണിക്ക് കാരണമാകുമെന്ന് വിവിധ സഹായ സംഘടനകള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: Israeli forces open fire on crowd; 4 Palestinians killed

Latest Stories

We use cookies to give you the best possible experience. Learn more