| Monday, 3rd February 2025, 10:48 pm

2025ല്‍ വെസ്റ്റ് ബാങ്കില്‍ മാത്രം 70 ഫലസ്തീനികളെ ഇസ്രഈലി സൈന്യം കൊലപ്പെടുത്തി: ഗസ ആരോഗ്യമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: 2025 ജനുവരി മുതല്‍ വെസ്റ്റ് ബാങ്കില്‍ മാത്രമായി 70 ഫലസ്തീനികളെ ഇസ്രഈലി സൈന്യം കൊലപ്പെടുത്തിയെന്ന് ഗസ ആരോഗ്യമന്ത്രാലയം. 10 കുട്ടികളെ ഉള്‍പ്പെടെയാണ് സൈന്യം കൊലപ്പെടുത്തിയതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജെനിനില്‍ 38, തുബാസില്‍ 15, നബ്‌ലസില്‍ ആറ്, തുല്‍ക്കറെമില്‍ അഞ്ച്, ഹെബ്രോണില്‍ മൂന്ന്, ബെത്‌ലഹേമിൽ രണ്ട്, അധിനിവേശ കിഴക്കന്‍ ജെറുസലേമില്‍ ഒരാളുമാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈലിന്റെ ആക്രമണത്തില്‍ 47,487 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 14,222 പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രഈല്‍ ഫലസ്തീനില്‍ അതിക്രമം തുടരുകയാണെന്നും ഇത് വംശീയ ഉന്മൂലനമാണെന്നും ഫലസ്തീന്‍ അതോറിറ്റി പ്രതികരിച്ചു.

കരാര്‍ നിലവില്‍ വന്നതിനുശേഷം വെസ്റ്റ് ബാങ്കില്‍ മാത്രമായി 2161 അക്രമ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് വാള്‍ ആന്റ് സെറ്റില്‍മെന്റ് റെസിസ്റ്റന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കിലെ 912ലധികം സൈനിക ചെക്ക് പോസ്റ്റുകളില്‍ ഇസ്രഈല്‍ ആധിപത്യം സ്ഥാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് അറിയിച്ചു. മധ്യസ്ഥ രാജ്യങ്ങളുമായി അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും ഹമാസ് പറഞ്ഞു.

കരാറിന്റെ രണ്ടാം ഘട്ടത്തില്‍ ഹമാസ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കും. കൂടാതെ സ്ഥിരമായ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകളും ആരംഭിക്കും. ഈ ഘട്ടത്തില്‍ ഇസ്രഈല്‍ സൈന്യം പൂര്‍ണമായും ഗസയില്‍ നിന്ന് പിന്മാറണമെന്നാണ് കരാറില്‍ പറയുന്നത്.

തുടര്‍ന്ന് ഇസ്രഈല്‍ സൈന്യം ഗസയില്‍ നിന്ന് ബഫര്‍ സോണുകളിലേക്ക് പിന്മാറുകയും വേണം. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടം വ്യര്‍ത്ഥം എന്ന് തെളിഞ്ഞാല്‍ യുദ്ധത്തിലേക്ക് മടങ്ങാന്‍ തനിക്ക് അവകാശമുണ്ടെന്ന് നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു.

Content Highlight: Israeli forces kill 70 Palestinians in West Bank alone in 2025: Gaza health ministry

We use cookies to give you the best possible experience. Learn more