ജെനിന്‍: വെസ്റ്റ്ബാങ്ക് സന്ദര്‍ശനത്തിനിടെ വിദേശപ്രതിനിധി സംഘത്തിന് നേരെ വെടിയുതിര്‍ത്ത് ഇസ്രഈലി സൈന്യം. ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രതിനിധി സംഘത്തിന് നേരെ വെടിവെപ്പുണ്ടായത്. സംഘത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ തുടങ്ങിയ 20 തിലധികം രാജ്യങ്ങളുടെ പ്രതിനിധികളുണ്ടായിരുന്നു.
എന്നാല്‍ വിദേശപ്രതിനിധി സംഘത്തിന് ഒരു മുന്നറിയിപ്പ് നല്‍കുന്നതിനായാണ് വെടിയുതിര്‍ത്തതെന്നാണ് ഇസ്രഈല്‍ സൈന്യം നല്‍കുന്ന വിശദീകരണം. അവര്‍ അനുവദനീയമല്ലാത്ത റൂട്ടില്‍ സന്ദര്‍ശനം നടത്തിയെന്നും അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായാണ് വെടിയുതിര്‍ത്തതെന്നുമാണ് ഇസ്രഈല്‍ സൈന്യത്തിന്റെ വാദം.
ഇത്തരമൊരു സംഭവം ഉണ്ടായതില്‍ കുറ്റബോധമുണ്ടെന്നും സൈന്യം പറഞ്ഞെങ്കിലും ആക്രമണത്തിന് പിന്നിലുള്ളവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് കാജ കല്ലാസ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഇസ്രഈലുമായുള്ള വ്യാപാരബന്ധം പുനപരിശോധിക്കാനുള്ള നീക്കത്തെ പിന്തുണച്ചതായും കാജ കല്ലാസ് വ്യക്തമാക്കി.
എന്നാല്‍ ഇസ്രഈല്‍ ഈ കൃത്യം മനപ്പൂര്‍വം ചെയ്തതാണെന്നും അഞ്ച് നയതന്ത്ര പ്രതിനിധികളെ മനപ്പൂര്‍വം ലക്ഷ്യമിട്ടാണ് ഈ ആക്രമണം നടത്തിയതെന്നും ഫലസ്തീന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.
പ്രതിനിധി സംഘത്തിന് നേരെയുണ്ടായ വെടിവെപ്പ് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. തങ്ങളുടെ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ ഒരിക്കലും വെടിവെക്കുകയോ ഒരു തരത്തിലോ ആക്രമിക്കുകയോ ചെയ്യരുതെന്നും യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രഈല്‍ അംബാസിഡറെ വിളിച്ച് വരുത്തുമെന്ന് ഇറ്റലിയും ഫ്രാന്‍സും അറിയിച്ചിട്ടുണ്ട്. ഇസ്രഈല്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്ന് ബെല്‍ജിയവും ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സ്‌പെയിനും പറഞ്ഞു.
എന്നാല്‍ പതിനിധി സംഘത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ആരും ഉണ്ടായിരുന്നില്ല എന്ന് ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
അതേസമയം ഗസയിലേക്കുള്ള സഹായങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇസ്രഈലിന് മേല്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആക്രമണം ഉണ്ടായിരിക്കുന്നത്. ഗസയിലെ ഈസ്രഈല്‍ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങളായ കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.
ഗസയിലെ സൈനിക നടപടി അവസാനിപ്പിച്ച് മുനമ്പിലേക്ക് കൂടുതല്‍ സഹായങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഇസ്രഈലിന് കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
Content Highlight: Israeli forces Fire ‘Warning Shots’ Against Foreign Diplomats In West Bank