| Wednesday, 25th February 2026, 3:02 pm

900ത്തിലേറെ തവണ വെടിയുതിര്‍ത്തു;രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് 'വധശിക്ഷ'; ഗസയിലെ മെഡിക്കല്‍ സംഘത്തോടുള്ള ഇസ്രഈല്‍ സേനയുടെ ക്രൂരത

അനിത സി

ഗസ: ഗസയില്‍ ഫലസ്തീനില്‍ അടിയന്തര സേവനം നടത്തുകയായിരുന്ന മെഡിക്കല്‍ സംഘത്തെ ഇസ്രഈല്‍ സേന കൊലപ്പെടുത്തിയത് 900ത്തോളം തവണ വെടിയുതിര്‍ത്തിട്ടെന്ന് റിപ്പോര്‍ട്ട്.

2025 മാര്‍ച്ച് 23ന് തെക്കന്‍ ഗസയിലെ റഫയുടെ ഭാഗമായ താല്‍ അസ്-സുല്‍ത്താനില്‍ ഇസ്രഈല്‍ സേന നടത്തിയ ക്രൂരതയുടെ വിശദാംശങ്ങള്‍ തിങ്കളാഴ്ച പുറത്തെത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്ന് വെടിവെപ്പില്‍ ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ പാരാമെഡിക്കലുകള്‍, ഫലസ്തീന്‍ സിവില്‍ ഡിഫന്‍സിലെ അഗ്നിരക്ഷാ സേനാംഗങ്ങള്‍, യു.എന്‍.ആര്‍.ഡബ്ല്യൂ.എയിലെ സ്റ്റാഫംഗം ഉള്‍പ്പടെയുള്ള 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെടിവെപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയെന്നും വധശിക്ഷാ ശൈലിയില്‍ വെടിവെച്ചിട്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണപ്പെട്ടവരെ വാഹനങ്ങള്‍ക്കൊപ്പം തന്നെ സംസ്‌കരിക്കുകയായിരുന്നു.

സ്വതന്ത്ര റിസര്‍ച്ച് ഏജന്‍സിയായ ഫോറന്‍സിക് ആര്‍കിടെക്ചറും ഓഡിയോ അന്വേഷണ സംഘമായ ഇയര്‍ഷോട്ടും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിശദാംശങ്ങളുള്ളത്.

ഏകോപനമില്ലാത്ത വാഹനസംഘത്തിന് നേരെയാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ഇസ്രഈലി സേനയുടെ തുടക്കത്തിലെ വാദം. പിന്നീട് അത് പ്രൊഫഷണല്‍ എററാണെന്ന് തിരുത്തിയിരുന്നു.

എന്നാല്‍ ഇസ്രഈല്‍ സേന കരുതിക്കൂട്ടി പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തിരിച്ച് വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവരെ കരുതിക്കൂട്ടി മനപൂര്‍വം വെടിവെച്ചു വീഴ്ത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി.

ഇസ്രഈല്‍ സേന Photo: pbs.org/web.com

നിലത്ത് കിടക്കുകയായിരുന്നവരെ പോലും വധശിക്ഷ പോലെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ട പാരാ മെഡിക്കായ റിഫാത്ത് റദ്‌വാന്റെ ഫോണില്‍ നിന്നും പുലര്‍ച്ചെ 5.09 മുതല്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വെറും അഞ്ചര മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന ദൃശ്യങ്ങളില്‍ 844 വെടിയൊച്ചകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

ഇതിന്റെ കൂടെ മറ്റ് തെളിവുകള്‍ കൂടി പരിഗണിച്ചാണ് കുറഞ്ഞത് 910 തവണയെങ്കിലും വെടിയുതിര്‍ത്തിട്ടുണ്ടാവുമെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.

ആംബുലന്‍സിന്റെ ഉള്ളില്‍ നിന്നും ചിത്രീകരിച്ച വീഡിയോയില്‍ റദ്‌വാന്‍ മാതാവിനോട് മാപ്പ് പറയുന്നതും ഷഹാദ ചൊല്ലുന്നതും കേള്‍ക്കാമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പുലര്‍ച്ചെ അഞ്ച് മണി മുതല്‍ 7.13 വരെ നീണ്ടുനിന്ന ആക്രമണത്തില്‍ മെഡിക്കല്‍ സംഘത്തിന് നേരെ ഇസ്രഈല്‍ സേന തുടര്‍ച്ചയായി വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Content Highlight: Israeli forces  attack medical team in Gaza, firing over 900 times

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more