സനാ: യെമനില്‍ ഹൂത്തി വിമതസംഘത്തിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി ഇസ്രഈല്‍ സൈന്യം. തലസ്ഥാന നഗരമായ സന ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ആക്രമണം ഉണ്ടായത്. ഇസ്രഈലിന്റെ ആക്രമണത്തില്‍ ഒരു പവര്‍ പ്ലാന്റും ഗ്യാസ് സ്റ്റേഷനും തകര്‍ന്നതായി ഹൂത്തി മീഡിയ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇസ്രഈലിന് നേരെ ഹൂത്തികള്‍ മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇസ്രഈലിന് വേണ്ടി തയ്യാറാക്കിയ മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് ഹൂത്തി വിമതസംഘം പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രഈലിന്റെ പ്രതികാര നടപടി.
‘യെമനിലെ സനയില്‍ പ്രവര്‍ത്തിക്കുന്ന ഹൂത്തി തീവ്രവാദ ഭരണകൂടത്തിന്റെ നിരവധി സൈനിക കേന്ദ്രങ്ങള്‍, പ്രസിഡന്‍ഷ്യല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്ന മേഖല, ആദര്‍, ഹിസാസ് പവര്‍ പ്ലാന്റുകള്‍, ഇന്ധനം സംഭരിക്കുന്നതിനുള്ള ഒരു സൈറ്റ് ഉള്‍പ്പെടെ ആക്രമിച്ചു. ഇത് മിസൈലുകളും യു.എ.വികളും ഉപയോഗിച്ച് ഇസ്രഈലിന് നേരെ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ്,’ ഐ.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി സംഘം സിവിലിയന്‍സിനെതിരായ ആക്രമണം തുടരുകയാണെന്നും ഇസ്രഈല്‍ സൈന്യം ആരോപിച്ചു. അതേസമയം വെള്ളിയാഴ്ച നടന്ന ഹൂത്തികളുടെ ആക്രമണത്തില്‍ ഇസ്രഈലില്‍ ഇതുവരെ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജൂലൈയില്‍, ഇസ്രഈലുമായി ബന്ധമുള്ള ചരക്ക് കപ്പലുകളെ ദേശീയത പരിഗണിക്കാതെ തന്നെ ലക്ഷ്യമിടുമെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്രഈലിനെതിരായ സൈനിക നടപടികളുടെ നാലാം ഘട്ടത്തിലാണ് ഹൂത്തി സംഘം ഈ പ്രഖ്യാപനം നടത്തിയത്.
ഫലസ്തീന്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ചെങ്കടലിനെയും ഇന്ത്യന്‍ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന സുപ്രധാന സമുദ്രപാതയായ ബാബ് എല്‍ മന്ദേബ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെയാണ് വിമതസംഘം ലക്ഷ്യമിട്ടത്.
2023 ഒക്ടോബറിലാണ് ഇസ്രഈൽ ഗസക്കെതിരായ ആക്രമണം ശക്തമാക്കുന്നത്. ഇക്കാലയളവ് മുതൽ ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെ ഹൂത്തികള്‍ ആക്രമിച്ചിരുന്നു. ഏകദേശം നൂറിലധികം കപ്പലുകള്‍ ഹൂത്തികളുടെ ആക്രമണത്തില്‍ പെട്ടിട്ടുണ്ട്. കുറഞ്ഞത് നാല് നാവികര്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇത് ആഗോള ഷിപ്പിങ്ങിനെ തടസപ്പെടുത്തുകയും ഷിപ്പിങ് കമ്പനികള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദീര്‍ഘവും ചെലവേറിയതുമായ വഴികളിലൂടെ കപ്പലുകളെ വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. ഇതിനുപുറമെ ഹൂത്തികള്‍ പലതവണയായി ഇസ്രഈലിനെ ആക്രമിക്കുകയും ചെയ്തു.
അതേസമയം 2023 ഒക്ടോബര്‍ മുതല്‍ ഇസ്രഈല്‍ ആരംഭിച്ച ആക്രമണത്തില്‍ 62,622 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 157,673ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Israeli forces attack Houthi targets in Yemen