മാഡ്രിഡ്: സ്‌പെയിനിലെ ബാസ്‌ക് കണ്‍ട്രി ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി ഇസ്രഈല്‍ താരങ്ങള്‍. അന്താരാഷ്ട്ര മാസ്റ്റര്‍മാരായ ഗൈ ലെവിന്‍, യോതം ഷോഹത്ത് എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ അപലപിക്കുന്നതിനായി സംഘാടകര്‍ ഇസ്രഈല്‍ പതാക ടൂര്‍ണമെന്റില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് താരങ്ങളുടെ പിന്മാറ്റം.
സ്പാനിഷ് പട്ടണമായ സെസ്റ്റാവോയില്‍ നടക്കുന്ന ചെസ് ചാമ്പ്യന്‍ഷിപ്പാണ് ബാസ്‌ക് കണ്‍ട്രി ഓപ്പണ്‍. കഴിഞ്ഞ ദിവസമാണ് ടൂര്‍ണമെന്റിന്റെ 40ാം എഡിഷന്‍ ആരംഭിച്ചത്. സെപ്റ്റംബര്‍ 18 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ടൂര്‍ണമെന്റില്‍ നാല് ഭൂഖണ്ഡങ്ങളിലെ 33 രാജ്യങ്ങളിലെ താരങ്ങളാണ് പങ്കെടുക്കുന്നത്. 235 താരങ്ങളാണ് ഈ ടൂര്‍ണമെന്റിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇസ്രഈല്‍ താരങ്ങളുടെ പിന്മാറ്റം സെസ്റ്റാവോ ചെസ് ക്ലബ് പ്രസിഡന്റ് മിഗുവല്‍ ഏയ്ഞ്ചല്‍ ഒല്‍മോ സ്ഥിരീകരിച്ചു. ഇസ്രഈല്‍ താരങ്ങളോട് ലോക ചെസ് ഫെഡറേഷന്റെ പതാകയ്ക്ക് കീഴില്‍ മത്സരിക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും താരങ്ങള്‍ വിസമ്മതിക്കുകയായിരുന്നു.
ഗസ സ്ട്രിപ്പിലെ സാധാരണ ജനതയ്ക്കെതിരെ നടക്കുന്ന ഇസ്രഈല്‍ ആക്രമണങ്ങളില്‍ ശബ്ദമുയര്‍ത്താനാണ് ഇസ്രഈലിന്റെ പതാക നിരോധനത്തിലൂടെ ക്ലബ്ബ് ലക്ഷ്യമിട്ടതെന്നും സംഘാടകര്‍ പറഞ്ഞു.
ഓപ്പണ്‍ ടൂര്‍ണമെന്റുകള്‍ക്കായുള്ള അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ നിയന്ത്രണങ്ങളെ തങ്ങള്‍ മാനിക്കുന്നുവെന്നും തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ക്ലബ് പ്രസ്താവനയിലൂടെ പറഞ്ഞു. പിന്തുണയറിച്ച് ഫലസ്തീനിന്റെ ഉള്‍പ്പടെ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാക ടൂര്‍ണമെന്റില്‍ പ്രദര്‍ശിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉക്രൈനില്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം 2022ന് ശേഷം റഷ്യന്‍ താരങ്ങള്‍ ഉപരോധം നേരിട്ടിരുന്നു. അതോടെ റഷ്യന്‍ താരങ്ങള്‍ക്ക് കായിക ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യത്തിന്റെ പതാകയ്ക്ക് കീഴില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇസ്രഈല്‍ താരങ്ങള്‍ ഇതുവരെ ഇങ്ങനെ ഒരു വിലക്ക് നേരിടേണ്ടി വന്നിട്ടില്ല.
Content Highlight: Israeli flag banned in protest of genocide in Palestine; Players withdraw from Basque Country Open