| Friday, 12th June 2026, 1:37 pm

ന്യൂയോര്‍ക്ക്, സ്‌കോട്ട്ലന്‍ഡ് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഇസ്രഈല്‍ കമ്പനി 'ബ്ലാക്ക് കോര്‍' ഇടപെട്ടതായി സംശയം: ഫ്രഞ്ച് സര്‍ക്കാര്‍

ആര്യ. പി

പാരീസ്: ഫ്രാന്‍സിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടതായി സംശയിക്കപ്പെടുന്ന ഇസ്രഈലി കമ്പനിയായ ‘ബ്ലാക്ക് കോര്‍’ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനാധിപത്യ പ്രക്രിയകളില്‍ ഇടപെടലുകള്‍ നടത്തിയതായി ഫ്രഞ്ച് സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍.

വിവിധ രാജ്യങ്ങളിലെ ജനാധിപത്യ തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാനും പൊതുജനവികാരം കൃത്രിമമായി രൂപപ്പെടുത്താനും പ്രവര്‍ത്തിക്കുന്ന ഇസ്രഈല്‍ കമ്പനിയാണ് ബ്ലാക് കോര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യു.എസിലെ ന്യൂയോര്‍ക്ക് സിറ്റി, യു.കെയിലെ സ്‌കോട്ട്ലന്‍ഡ് തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളായ അംഗോള, ടോഗോ എന്നിവിടങ്ങളിലും ഈ ഇസ്രഈല്‍ സ്ഥാപനം സജീവമായി പ്രവര്‍ത്തിച്ചിരുന്നതായി ഡിജിറ്റല്‍ രംഗത്തെ വ്യാജ ഇടപെടലുകള്‍ നിരീക്ഷിക്കുന്ന ഫ്രഞ്ച് സര്‍ക്കാര്‍ ഏജന്‍സിയായ’വിജിനം’ കണ്ടെത്തി.

കഴിഞ്ഞ മാസം ഫ്രാന്‍സില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തീവ്ര ഇടതുപക്ഷ, ഫലസ്തീന്‍ അനുകൂല പാര്‍ട്ടിയായ ‘ഫ്രാന്‍സ് അണ്‍ബോവ്ഡ്’ സംഘടനയുടെ മൂന്ന് മേയര്‍ സ്ഥാനാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന ഓണ്‍ലൈന്‍ പ്രചാരണത്തിന് പിന്നില്‍ ബ്ലാക്ക് കോര്‍ ആണെന്ന് ഫ്രഞ്ച് അധികൃതര്‍ സംശയിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ ആഗോള ഇടപെടലുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണുവിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍, കൃത്യമായ സാങ്കേതിക പരിശോധനകളാണ് തങ്ങളെ ബ്ലാക്ക് കോറിന്റെ ഇടപാടുകളിലേക്ക് നയിച്ചതെന്ന് വിജിനം മേധാവി മാര്‍ക്ക്-ആന്റോയിന്‍ ബ്രില്ലന്റ് പറഞ്ഞു. ലോകമെമ്പാടുമുള്ള ബ്ലാക്ക് കോറിന്റെ ഇടപെടലുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും ഏജന്‍സി പുറത്തുവിട്ടിരുന്നു.

‘ഇത് ഫ്രാന്‍സിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. അംഗോള, ടോഗോ, സ്‌കോട്ട്ലന്‍ഡിലെ തെരഞ്ഞെടുപ്പുകള്‍, 2025 ലെ ന്യൂയോര്‍ക്കിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് തുടങ്ങി, മറ്റ് രാജ്യങ്ങളിലോ പ്രദേശങ്ങളിലോ വിദേശ ഡിജിറ്റല്‍ ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഈ ശൃംഖല ഉപയോഗിച്ചതായി കരുതപ്പെടുന്നു,’ മാര്‍ക്ക്-ആന്റോയിന്‍ ബ്രില്ലന്റ് വ്യക്തമാക്കുന്നത്.

എന്നിരുന്നാലും, ഫ്രാന്‍സിലെയും മറ്റ് രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ ബ്ലാക്ക് കോറിനെ ആരാണ് ചുമതലപ്പെടുത്തിയത് അല്ലെങ്കില്‍ ഇതിന്റെ യഥാര്‍ത്ഥ സ്പോണ്‍സര്‍മാര്‍ ആരാണെന്ന് കണ്ടെത്താന്‍ തങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലാക്ക് കോറിന്റെ വിവാദപരമായ നടപടികളെക്കുറിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ ഇസ്രഈലിനോട് ഔദ്യോഗികമായി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നുവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഫ്രാന്‍സ് തങ്ങളെ ബന്ധപ്പെട്ട കാര്യം പാരീസിലെ ഇസ്രഈല്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് അന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള വിശദമായ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ദേശീയ തലത്തിലായാലും മുനിസിപ്പല്‍ തലത്തിലായാലും ഫ്രഞ്ച് രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടാന്‍ ഇസ്രഈലിന് യാതൊരു ഉദ്ദേശ്യവുമില്ലെന്നുമാണ് എംബസി പ്രസ്താവനയിലൂടെ അറിയിച്ചത്.

ന്യൂയോര്‍ക്ക് സിറ്റി തെരഞ്ഞെടുപ്പില്‍ ‘ബ്ലാക്ക് കോര്‍’ കൃത്യമായി ആരെയാണ് ലക്ഷ്യം വെച്ചതെന്ന് വിജിനം മേധാവി പരാമര്‍ശിച്ചിട്ടില്ല. പ്രസ്തുത തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനായ സൊഹ്‌റാന്‍ മംദാനി വിജയിച്ചിരുന്നു.

മംദാനിയുടെ വിജയം യുവ ജൂത പുരോഗമനവാദികളെ ആവേശഭരിതരാക്കിയെങ്കിലും, ഫലസ്തീന്‍ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ തുറന്ന പിന്തുണ പരമ്പരാഗത ഇസ്രഈല്‍ അനുകൂലികളായ ന്യൂയോര്‍ക്കുകാരെ ഭയപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിലെ ഇസ്രഈല്‍ കമ്പനിയുടെ ഇടപെടല്‍ സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ മംദാനിയോ ന്യൂയോര്‍ക്ക് സിറ്റി-സ്റ്റേറ്റ് ഉദ്യോഗസ്ഥരോ, ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റോ യു.എസ് സൈബര്‍ പ്രതിരോധ ഏജന്‍സിയായ സി.ഐ.എസ്.എയോ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല. എഫ്.ബി.ഐയും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, സ്‌കോട്ട്ലന്‍ഡിലെ മുന്‍ മന്ത്രിയായിരുന്ന ജോണ്‍ സ്വിന്നിയെ ലക്ഷ്യം വെച്ചും ബ്ലാക്ക് കോര്‍ ലിങ്ക്ഡ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിച്ചതായി വിജിനം റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസയിലെ സ്ഥിതിഗതികളെ ‘മനുഷ്യനിര്‍മിത മാനുഷിക ദുരന്തം’ എന്ന് വിശേഷിപ്പിച്ച സ്വിന്നി, ഇസ്രഈലിന്റെ സൈനിക നടപടികള്‍ അവിടെ ഒരു വംശഹത്യയ്ക്ക് കാരണമായേക്കാമെന്ന് പരസ്യമായി പ്രസ്താവിച്ചിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് അട്ടിമറി വിഷയത്തില്‍ ജോണ്‍ സ്വിന്നിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അംഗോള, ടോഗോ സര്‍ക്കാരുകളും വിഷയത്തില്‍ മൗനം തുടരുകയാണ്.

ബ്ലാക്ക് കോര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫ്രഞ്ച് മാധ്യമമായ ‘ലിബറേഷന്‍’, ഇസ്രഈലി മാധ്യമമായ ‘ഹാരെറ്റ്‌സ്’ എന്നിവര്‍ നടത്തിയ സംയുക്ത അന്വേഷണത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഫ്രാന്‍സില്‍ സംഭാവനകള്‍ ശേഖരിക്കുന്നതിനായി ഈ ഇസ്രഈലി കമ്പനി ഒരു വ്യാജ ഫലസ്തീന്‍ സഹായ വെബ്സൈറ്റ് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍.

‘സദഖ ഫലസ്തീന്‍’ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വെബ്സൈറ്റ്, കുടിയിറക്കപ്പെടലും ദാരിദ്ര്യവും യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് മാനുഷിക സഹായം നല്‍കുന്ന ഒരു രാഷ്ട്രീയേതര, സര്‍ക്കാരിതര സംഘടന ആയിട്ടാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഈ സൈറ്റില്‍ ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാനുള്ള പേയ്മെന്റ് ഫോമുകള്‍ ഉണ്ടായിരുന്നതായി ആര്‍ക്കൈവ് ചെയ്ത ഡാറ്റകള്‍ വ്യക്തമാക്കുന്നു.

എക്സ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഈ വെബ്സൈറ്റ് പ്രമോട്ട് ചെയ്യപ്പെട്ടിരുന്നത്.

വെബ്സൈറ്റിന്റെ സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍, ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിച്ച സെര്‍വറുകള്‍ക്ക് ബ്ലാക്ക്കോര്‍ കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

യു.കെ ആസ്ഥാനമായാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തോന്നിപ്പിച്ചിരുന്നെങ്കിലും യു.കെയില്‍ ‘സദഖ ഫലസ്തീന്‍’ എന്ന പേരില്‍ ഒരു ചാരിറ്റിയോ എന്‍.ജി.ഒയോ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈ വ്യാജ ഓപ്പറേഷനിലൂടെ ഫലസ്തീന്‍ അനുകൂലികളില്‍ നിന്ന് പണം തട്ടുകയാണോ, അതോ അവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുകയാണോ, അതുമല്ലെങ്കില്‍ രണ്ടും കൂടിയാണോ ഇവര്‍ ലക്ഷ്യം വെച്ചതെന്ന് വ്യക്തമല്ലെന്ന് ലിബറേഷനും ഹാരെറ്റ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരാണ് ബ്ലാക്ക്‌കോര്‍?

റോയിട്ടേഴ്‌സിന്റെ അന്വേഷണങ്ങളെത്തുടര്‍ന്ന് തങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിന് മുന്‍പ്, ബ്ലാക്ക്‌കോര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത് ‘ആധുനിക യുഗത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു എലൈറ്റ്, സൈബര്‍, സാങ്കേതിക കമ്പനി’ (An elite influence, cyber, and technology company built for modern information warfare) എന്നാണ്.

വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കും വേണ്ടി ‘അത്യാധുനിക തന്ത്രങ്ങളും നൂതന ഡിജിറ്റല്‍ സംവിധാനങ്ങളും ഉപയോഗിച്ച് പൊതുജനവികാരം അനുകൂലമാക്കാനും തങ്ങള്‍ക്ക് കഴിയുമെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.

വിവിധ രാജ്യങ്ങളിലെ ജനാധിപത്യ തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാനും പൊതുജനവികാരം കൃത്രിമമായി രൂപപ്പെടുത്താനും സ്വകാര്യ സൈബര്‍ ഏജന്‍സികള്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഫ്രാന്‍സ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആധുനിക ഡിജിറ്റല്‍ കാലഘട്ടത്തില്‍ ലോകരാജ്യങ്ങളുടെ പരമാധികാരവും തെരഞ്ഞെടുപ്പ് സുതാര്യതയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഈ സൈബര്‍ ഇടപെടലുകള്‍ മാറിക്കഴിഞ്ഞു. ഇനി അറിയേണ്ടത് ഒന്നുമാത്രമാണ് ബ്ലാക്ക് കോര്‍ ഏതെല്ലാം രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടു?

Content Highlight: Israeli firm BlackCore suspected of meddling in New York and Scotland votes, France says

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more