| Wednesday, 20th August 2025, 3:21 pm

ഗസ പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി ഇസ്രഈല്‍; 60,000ത്തോളം റിസര്‍വ്വിസ്റ്റുകളെ വിന്യസിച്ച് പ്രതിരോധ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസ കീഴടക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ്. സൈന്യത്തിന്റെ ഓപ്പറേഷനെ പിന്തുണയ്ക്കാനായി ഏകദേശം 60,000ത്തോളം റിസര്‍വ്വിസ്റ്റുകള്‍ക്കുള്ള അനുമതി നല്‍കിയതായി ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയം എ.എഫ്.പിയോട് പറഞ്ഞു.

ഓപ്പറേഷന് അംഗീകാരം നല്‍കുന്നതിനുമുമ്പ് മന്ത്രി ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍, മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉദ്യോസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി ഇസ്രഈല്‍ ക്യാറ്റ്‌സിന്റെ ഓഫീസ് അറിയിച്ചു.

ഹമാസിനെ ബന്ദിയാക്കാനുള്ള സമ്മര്‍ദത്തില്‍ ഗസയുടെ 75% പ്രദേശത്തിന്റെയും നിയന്ത്രണം ഇസ്രഈല്‍ പ്രതിരോധ സേന ഏറ്റെടുത്ത ഗിഡിയോണ്‍സ് ചാരിറ്റസ് ബി പദ്ധതിയുടെ തുടര്‍ച്ചയാണിത്.

എന്നാല്‍ സൈനിക നീക്കങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ സൈന്യം പങ്കു വെച്ചിട്ടില്ല. ഹമാസിന്റെ സൈനിക ശേഷി തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അതേസമയം ജനങ്ങള്‍ക്കെരെയുള്ള ദ്രോഹങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യമായ മുന്‍കരുതലുകള്‍ എടുക്കുമെന്നും മാത്രമാണ് സൈന്യം പറഞ്ഞത്.

ഏകദേശം രണ്ടു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ മധ്യസ്ഥര്‍ ശക്തമാക്കുന്നതിനിടെയാണ് ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം.

60 ദിവസത്തെ വെടിനിര്‍ത്തല്‍, ബന്ദികളെ ക്രമേണ മോചിപ്പിക്കല്‍, ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കല്‍, ഗസയിലേക്ക് പ്രവേശിക്കുന്നതിനുള്ള സഹായ വ്യവസ്ഥകള്‍ എന്നിവ ആവശ്യപ്പെടുന്ന ഒരു ചട്ടക്കൂടിന് ഹമാസ് അംഗീകാരം നല്‍കിയിട്ടുണ്ട്. മാത്രമല്ല എല്ലാ ബന്ദികളേയും ഉടനടി മോചിപ്പിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഒരു മുതിര്‍ന്ന ഇസ്രഈല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ ഈ നിര്‍ദേശത്തെ കുറിച്ച് പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച ഇസ്രഈല്‍ എല്ലാ ബന്ദികളെയും ഒരേസമയം വിട്ടയക്കുന്ന ഒരു കരാര്‍ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നും യുദ്ധം അവസാനിപ്പിക്കുന്നത് തങ്ങളുടെ വ്യവസ്ഥകള്‍ക്കനുസൃതമായിരിക്കുമെന്നും പറഞ്ഞു.

Content Highlight: Israeli Defense Ministry unveils plan to capture Gaza

We use cookies to give you the best possible experience. Learn more