ബെയ്റൂത്ത്: അഞ്ചു വയസുള്ള ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിനെ കൊലപ്പെടുത്തിയ ഇസ്രഈല്‍ സൈനിക സംഘത്തിന്റെ കമാന്‍ഡര്‍ തെക്കന്‍ ലെബനനില്‍ ഹിസ്ബുല്ലയുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇസ്രഈലിന്റെ 401-ാം സായുധ ബ്രിഗേഡിന്റെ 52-ാം ബറ്റാലിയന്റെ കമാന്‍ഡറായ ലെഫ്റ്റനന്റ് കേണല്‍ ഗെഡാലിയ ബെന്‍ ഡോര്‍ ഗെഡാലിയ ബെന്‍ സിംഹോനാണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം മറ്റ് മൂന്ന് സൈനികരും കൊല്ലപ്പെട്ടു.
സൈനികരുടെ മരണം ഇസ്രഈല്‍ സ്ഥിരീകരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ടാങ്കിനു നേര്‍ക്കുണ്ടായ ഹിസ്ബുല്ല ആക്രമണത്തിലാണ് മരണമെന്നാണ് വിവരം.
ഹിന്ദ് റജബിന്റെ കൊലപാതകത്തിന് ശേഷം 52-ാം ബറ്റാലിയനെതിരെ ആഗോള തലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2024 ജനുവരിയിലായിരുന്നു ഹിന്ദ് റജബിനെ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയത്.
2024 ജനുവരി 29ന് ഗസയില്‍ ഇസ്രഈല്‍ നടത്തിയ ക്രൂരമായ ആക്രമണത്തിലായിരുന്നു അഞ്ചു വയസുകാരിയായ ഫലസ്തീന്‍ ബാലിക ഹിന്ദ് റജബ് കൊല്ലപ്പെട്ടത്. ഹിന്ദ് റജബിന്റെ കുടുംബാംഗങ്ങളെയെല്ലാം ഇസ്രഈല്‍ കൊലപ്പെടുത്തിയിരുന്നു. തന്റ കുടുംബാംഗങ്ങളുടെ മൃത ദേഹങ്ങള്‍ക്കിടയില്‍ സഹായത്തിനായി നിലവിളിച്ച ഹിന്ദ് റജബിനെ ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആര്‍.സി.എസ്) രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇസ്രഈല്‍ വീണ്ടും ആക്രമണം നടത്തി ഹിന്ദ് റജബിനെ കൊലപ്പെടുത്തുകയായിരുന്നു.
റജബിനെ രക്ഷിക്കാനായി എത്തിയ ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി സംഘത്തെയും ഇസ്രഈല്‍ ലക്ഷ്യംവെച്ചിരുന്നു. രക്ഷിക്കാനായി അവര്‍ എത്തുന്നതിന് മുന്‍പ് തന്നെ റജബിനെ ഇസ്രഈല്‍ സൈന്യം കൊലപ്പെടുകയായിരുന്നു. ഒപ്പം ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അംഗങ്ങളേയും.
ഇസ്രഈല്‍ സൈന്യം ഗസ ആക്രമിച്ചപ്പോള്‍ തന്റെ നാല് സഹോദരങ്ങള്‍ക്കും കുടുംബത്തിനുമൊപ്പം ടെല്‍ അല്‍ ഹവയിലായിരുന്നു റജബ്. ആക്രമണ സമയത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇസ്രഈല്‍ സൈന്യത്തിന്റെ ഐ.ഡി.എഫ് യൂണിറ്റ് റജബിന്റേയും കുടുംബത്തിന്റേയും കാറിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങുകയായിരുന്നു.
‘ ദയവായി എന്നെ ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോകൂ… എല്ലായിടത്തും ഇരുട്ടാണ്… എനിക്ക് ഇരുട്ട് പേടിയാണ്…’ എന്ന് പറഞ്ഞായിരുന്നു അന്ന് കൊല്ലപ്പെടുന്നതിന് മുമ്പ് തന്റെ ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന് ഹിന്ദ് റജബ് കരഞ്ഞു പറഞ്ഞത്. ഗസയില്‍ ഇസ്രഈല്‍ നടത്തിയ വംശഹത്യയുടെ ഏറ്റവും ഭയാനകമായ രേഖകളിലൊന്നായി ഹിന്ദ് റജബിന്റെ ശബ്ദം മാറി.
ഗസയിലെ സാധാരണക്കാരായ മനുഷ്യരെ ഇസ്രഈല്‍ ആസൂത്രിതമായും വിവേചനരഹിതമായും ലക്ഷ്യമിടുന്നതിന്റെ തെളിവുകളിലൊന്നായി മാറി ഹിന്ദ് റജബിന്റെ കൊലപാതകം. ഇസ്രഈല്‍ വംശഹത്യയുടെ ഇര എന്നതിലുപരി ചെറുത്തുനില്‍പ്പിന്റെ പ്രതീകമായും ഹിന്ദ് ഓര്‍മിക്കപ്പെടുന്നു.
ഹിന്ദിന്റെ കൊലപാതകത്തിന് ശേഷം ഇസ്രഈല്‍ നടത്തിയ ആക്രമണത്തിലും കൊലപാതകങ്ങളിലും വംശഹത്യയെന്ന അവരുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. ഹിന്ദ് റജബിന്റെ കൊലപാതകത്തിന് ശേഷം ഇസ്രഈലിനെതിരെ പ്രതിഷേധങ്ങളും ഉപരോധങ്ങളും ബഹിഷ്‌കരണ നടപടികളും ഉയര്‍ന്നെിരുന്നു.
റജബിന്റെ കഥ പിന്നീട് ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന ഡോക്യുഡ്രാമയായി മാറി. അത് സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടി.
Content Highlight: Israeli commander linked to Hind Rajab death killed in Lebanon