ടെല്‍ അവീവ്: ഗസ പിടിച്ചടക്കാനും ഗസയില്‍ ആക്രമണം വര്‍ധിപ്പിക്കാനുമുള്ള പദ്ധതിക്ക് ഇസ്രഈല്‍ മന്ത്രിസഭയുടെ അംഗീകാരം. ഗസയില്‍ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസില്‍ സമ്മര്‍ദം ചെലുത്താനെന്ന വ്യാജേനയാണ് പുതിയ തീരുമാനം.
ഗസയില്‍ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി സൈനികബലം വര്‍ധിപ്പിക്കാനായി സേനയിലെ റിസര്‍വ് സൈനികരുടെ എണ്ണവും ഇസ്രഈല്‍ കൂട്ടിയിട്ടുണ്ട്. പതിനായിരക്കണക്കിന് റിസര്‍വ് സൈനികരെയാണ് ഇസ്രഈല്‍ സേനയിലേക്ക് പുതുതായി തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് എത്തിയതിന് ശേഷമെ ഈ തീരുമാനം പ്രാബല്യത്തില്‍ വരുകയുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രഈലിന്റെ ഈ തീരുമാനം ബന്ദികളെ പൂര്‍ണമായി നഷ്ടപ്പെടുത്തുമെന്ന ദേശീയ സുരക്ഷ മന്ത്രിയുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ഇസ്രഈല്‍ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ഇസ്രഈലിന്റെ തീരുമാനം മാനുഷിക തത്വങ്ങളുടെ ലംഘനമാണെന്നും ഈ തീരുമാനത്തെ അംഗീകരിക്കില്ലെന്നും യു.എന്നും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളും അറിയിച്ചിട്ടുണ്ട്.
വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതിന് ശേഷമുള്ള ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് വരും മാസങ്ങളില്‍ ഗസയില്‍ കരസേനയുടെ ആക്രമണങ്ങള്‍ ക്രമേണ വികസിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഐക്യകണ്‌ഠേനയായിരുന്നു മന്ത്രിസഭയുടെ തീരുമാനം.
പുതിയ പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ ഗസയുടെ കൂടുതല്‍ ഭാഗങ്ങള്‍ പിടിച്ചെടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. തുടര്‍ന്ന് ഈജിപ്ത് ഇസ്രഈല്‍ അതിര്‍ത്തികളിലൂടെ ബഫര്‍ സോണ്‍ സൃഷ്ടിക്കും.
ഇസ്രഈല്‍ പത്രമായ ഹാരെറ്റ്‌സിനോട് ഒരു ഇസ്രഈല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് പ്രകാരം ആദ്യം റെയ്ഡുകള്‍ നടത്തി അതുവഴി ഗസയിലെ പ്രദേശങ്ങള്‍ കീഴടക്കാനാണ് നെതന്യാഹു ലക്ഷ്യമിടുന്നത്. അതേസമയം മെയ് 13-16 തീയതികളില്‍ ട്രംപ് ഗസയില്‍ എത്തുന്നതിന് മുമ്പായി ബന്ദികളെ മോചിപ്പിക്കാന്‍ ഇനിയും അവസരം ഉണ്ടെന്നും സുരക്ഷ ക്യാബിനറ്റ് അംഗം സീവ് എല്‍കിന്‍ പറഞ്ഞു.
എന്നാല്‍ ഇസ്രഈലിന്റെ ഈ തീരുമാനം പരാജയപ്പെട്ട ഒരു തന്ത്രമാണെന്ന വിമര്‍ശനമുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇസ്രഈല്‍ ഗസയില്‍ ആക്രമണം നടത്തുകയായിരുന്നു, എന്നാല്‍ ഒരു ബന്ദിയെപ്പോലും മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല.
ബന്ദികളുടെ കുടുംബങ്ങളുടെ സംഘടനയായ ഹോസ്റ്റേജസ് ആന്‍ഡ് മിസ്സിങ് ഫാമിലീസ് ഫോറമും സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബന്ദികളെ തഴഞ്ഞ് ഗസയിലെ പ്രദേശങ്ങളെ കീഴടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് ഇസ്രഈലിലെ 70%ത്തിലധികം ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണെന്നുമാണ് സംഘടന പറയുന്നത്.
Content Highlight: Israeli cabinet approves new plan to seize and expand Gaza strip