| Tuesday, 17th June 2025, 4:34 pm

ഇറാനിലെ ഇസ്രഈല്‍ ആക്രമണം; സംസ്ഥാന വ്യാപക യുദ്ധവിരുദ്ധറാലിയുമായി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമേരിക്കയുടെ ഒത്താശയോടെ ഇസ്രഈല്‍ ഇറാനില്‍ നടത്തുന്ന കടന്നാക്രമണത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി ജൂണ്‍ 17, 18 തീയതികളില്‍ സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികള്‍ സംഘടിപ്പിക്കാനൊരുങ്ങി സി.പി.ഐ.എം.

ആയുധ വ്യാപാരികളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ജനങ്ങളെ കൊന്നൊടുക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ ബഹുജനങ്ങളെയാകെ അണിനിരത്തി മുന്നോട്ടുകൊണ്ടുപോകാനായി ലോക്കല്‍, ഏരിയാ കേന്ദ്രങ്ങളിലാണ് സാമ്രാജ്യത്വവിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഈ പരിപാടികളില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും സി.പി.ഐ.എം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയെ കുരുതിക്കളമാക്കുകയും, ലോകത്തെ യുദ്ധ ഭീതിയിലേക്ക് നയിക്കുകയും ചെയ്യുകയാണ് ഇസ്രഈലിന്റെ പ്രവര്‍ത്തനമെന്നും ഇറാന്‍ പോലൊരു പരമാധികാര രാഷ്ട്രത്തിനകത്ത് കടന്നുകയറി രാജ്യത്തിന്റെ എല്ലാ സംവിധാനങ്ങളേയും തകര്‍ക്കുകയെന്ന നയമാണ് ഇസ്രഈല്‍ സ്വീകരിച്ചിരിക്കുന്നതെന്നും സി.പി.ഐ.എം ആരോപിച്ചു.

ഇറാനെ തകര്‍ത്ത് പശ്ചിമേഷ്യയിലെ എതിര്‍പ്പുകളെയാകെ ഇല്ലാതാക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്കുവേണ്ടിയാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത്തരം നയങ്ങള്‍ക്കെതിരെ രംഗത്തുവരുന്നുവെന്നത് ശ്രദ്ധേയമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇറാന്റെ ആണവ കേന്ദ്രങ്ങളേയും ആക്രമിക്കുകയാണ്. സമാധാന ആവശ്യത്തിനാണ് അണവോര്‍ജം വികസിപ്പിക്കുന്നത് എന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അന്താരാഷ്ട്ര പരിശോധനകളിലും ഇക്കാര്യങ്ങള്‍ പുറത്തുവന്നിട്ടുള്ളതാണ്. ഇറാഖിനെ തകര്‍ക്കാന്‍ രാസായുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന ആരോപണമുന്നിയിച്ചാണ് അമേരിക്ക അവിടെ കടന്നുകയറിയത്. അവസാനം അത്തരത്തിലുള്ള യാതൊരു സംവിധാനങ്ങളും ഇറാഖിലില്ലെന്ന് വ്യക്തമാവുകയും ചെയ്തു.

ഫലസ്തീന്‍ ജനതയ്ക്ക് സ്വതന്ത്ര രാഷ്ട്രം വേണമെന്ന ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ കാറ്റില്‍പ്പറത്തിയാണ് അക്രമങ്ങളുടെ പരമ്പര ഇപ്പോഴും ഇവിടെ തുടരുന്നത്. ആശുപത്രികളെയും മറ്റും അക്രമിച്ചുവെന്ന് മാത്രമല്ല, ഭക്ഷണവും, മരുന്നുമെല്ലാം നിഷേധിച്ചുകൊണ്ട് ജനങ്ങളെ കൂട്ടക്കുരുതിക്ക് വിട്ടുകൊടുക്കുന്ന രീതി അവിടെ തുടരുകയാണെന്നും ഇസ്രഈല്‍ ചേരിയിലേക്ക് മാറിയ ഇന്ത്യയുടെ ചുവടുമാറ്റം അപലപനീയമാണെന്നും സി.പി.ഐ.എം പറയുന്നു.

എന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പം അണിനിരന്ന ഇന്ത്യ ഇപ്പോള്‍ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി നിന്നുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന സ്ഥിതിയാണുള്ളത്. ഈ മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ മതപരമായ സംഘര്‍ഷങ്ങളാക്കി ചുരുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

Content Highlight: Israeli attack on Iran; CPIM holds state-wide anti-war rally

We use cookies to give you the best possible experience. Learn more