| Wednesday, 24th September 2025, 11:03 pm

ഗസയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയ്ക്ക് നേരെ ഇസ്രഈലിന്റെ ആക്രമണം; മുന്നറിയിപ്പുമായി സ്‌പെയിന്‍; സംരക്ഷണവുമായി ഇറ്റലിയുടെ യുദ്ധക്കപ്പല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏതന്‍സ്: ഗസയിലേക്ക് സഹായങ്ങളുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയ്ക്ക് നേരെ ഇസ്രഈലിന്റെ ഡ്രോണ്‍ ആക്രമണം. ഗ്രീസിന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. 15ഓളം ഡ്രോണുകള്‍ ഫ്‌ളോട്ടില്ലയുടെ ബോട്ടുകള്‍ക്ക് നേരെ പതിച്ചതായാണ് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ സംഘാടകര്‍ അറിയിച്ചത്.

ഒന്നിലധികം തവണ ആക്രമണമുണ്ടായി. തിരിച്ചറിയാനാകാത്ത വസ്തുക്കള്‍ വന്നുവീഴുകയും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാവുകയും ചെയ്‌തെന്ന് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ സംഘാടകര്‍ അറിയിച്ചു. എട്ട് ബോട്ടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, തങ്ങളെ ഒരു ആക്രമണത്തിനും ഭയപ്പെടുത്താനാകില്ലെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയാണെന്നും സംഘാടകര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഗസയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമവിരുദ്ധമായ ഉപരോധം തകര്‍ത്ത് സഹായം എത്തിക്കാനുള്ള ദൗത്യത്തില്‍ നിന്നും പിന്മാറില്ലെന്നും കുറിപ്പില്‍ പറയുന്നു. ബോട്ടുകളെ സംരക്ഷിക്കണമെന്ന് ഗ്രീസിനോട് സംഘം ആവശ്യപ്പെടുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഇസ്രഈലാണെന്ന് സംഘാടകര്‍ ആരോപിച്ചു. എന്നാല്‍ ഇതിനോട് ഇസ്രഈല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.

ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സഹായത്തിനായി നാവികസേനയുടെ യുദ്ധകപ്പലിനെ അയച്ച് ഇറ്റലി സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഫ്‌ളോട്ടില്ലയെ സഹായിക്കാനാണ് നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയതെന്ന് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ഗൈഡോ ക്രോസെറ്റോ പറഞ്ഞു.

ഒരു യുദ്ധക്കപ്പലിനെ സഹായത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറ്റാലിയന്‍ പൗരന്മാരും ഉള്‍പ്പെടുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയ്ക്ക് നേരെയുള്ള ആക്രമണത്തെ തടയാനാണ് ഇറ്റലിയുടെ നീക്കം.

ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് സ്‌പെയിന്‍ പ്രതികരിച്ചു. സഞ്ചാര സ്വാതന്ത്ര്യം,അഭിപ്രായ സ്വാതന്ത്ര്യം, അന്താരാഷ്ട്ര നിയമം എന്നിവ ലംഘിക്കുന്ന ഓരോ നടപടികള്‍ക്കും മറുപടി നല്‍കുമെന്നാണ് സ്പാനിഷ് വിദേശകാര്യമന്ത്രി ജോസ് മാനുവേല്‍ അല്‍ബാരസ് പ്രതികരിച്ചത്. സ്പാനിഷ് നഗരത്തില്‍ നിന്നും ആരംഭിച്ച ഫ്‌ളോട്ടില്ലയുടെ യാത്ര സമാധാനപരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗസയിലെ ഇസ്രഈലിന്റെ നിയമവിരുദ്ധമായ ഉപരോധം അവസാനിപ്പിക്കുക, മാനുഷിക സഹായം എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല സ്‌പെയിനിലെ നഗരമായ ബാഴ്‌സലോണയില്‍ നിന്നും യാത്ര ആരംഭിച്ചത്. ആക്ടിവിസ്റ്റ് ഗ്രെറ്റ തുംബെര്‍ഗ് ഉള്‍പ്പടെയുള്ളവരാണ് യാത്രയിലുള്ളത്. 44 രാജ്യങ്ങളില്‍ നിന്നുള്ള അമ്പതിലധികം ചെറുകപ്പലുകളുടെ കൂട്ടമാണ് ഫ്‌ളോട്ടില്ല.

നേരത്തെ,യാത്രയ്ക്കിടെ ടുണീഷ്യന്‍ തീരത്ത് വെച്ചും ഫ്‌ളോട്ടില്ലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. മുമ്പ് ഇസ്രഈല്‍ അതിര്‍ത്തി ഭേദിച്ച് കടക്കാന്‍ ശ്രമിച്ച ഫ്രീഡം ഫ്‌ളോട്ടില്ലയെ ഇസ്രഈല്‍ സൈന്യം പിടിച്ചെടുത്ത് തിരികെ അയച്ചിരുന്നു.

ഫ്‌ളോട്ടില്ലയെ യുദ്ധമേഖലയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന ഇസ്രഈല്‍ ആവര്‍ത്തിച്ചു. നാവിക ഉപരോധം ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഓറെന്‍ മാര്‍മോര്‍സ്റ്റീന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Content Highlight: Israeli attack on Global Sumud Flotilla bound for Gaza; Italy offers protection, Spain warns

Latest Stories

We use cookies to give you the best possible experience. Learn more