ടെഹ്‌റാന്‍: തെക്കന്‍ ലെബനനിലെ നബാത്തിയ പ്രദേശത്ത് ഇസ്രഈല്‍ നടത്തിയ ശക്തമായ ആക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് ഇറാന്‍. ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം ഒരേ കുടുംബത്തിലെ 11 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കാനുള്ള നിയമപരവും ന്യായവുമായ അവകാശം ലെബനനുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
‘സ്വന്തം നിലനില്‍പ്പും ദേശീയ പരമാധികാരവും സ്വാതന്ത്ര്യവും സ്വഭിമാനവും സംരക്ഷിക്കുന്നതിനായി ഇസ്രഈലിന്റെ അധിനിവേശത്തിനെതിരെ സര്‍വ സജ്ജീകരണങ്ങളും ഉപയോഗിച്ച് പോരാടാന്‍ ലെബനന് പൂര്‍ണ നിയമപരമായ അവകാശമുണ്ട്. ഈ ഘട്ടത്തില്‍ ലെബനനിലെ ജനങ്ങളോടൊപ്പം ഇറാന്‍ നിലകൊള്ളുന്നു,’ ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഖേയി പറഞ്ഞു.
‘ലെബനന്റെ പരമാധികാരത്തിന്മേലും അതിര്‍ത്തി പ്രദേശങ്ങളിലുമുള്ള കടന്നുകയറ്റം ഇസ്രഈല്‍ തുടരുകയാണ്. പിടിച്ചെടുത്ത ലെബനന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രഈല്‍ സൈന്യം ഉടനടി പിന്മാറണം. അധിനിവേശ ശക്തികള്‍ക്കെതിരെ വീറോടെ പോരാടുന്ന ലബനനിലെ ജനങ്ങളുടെ ചെറുത്തുനില്‍പ്പ് പ്രശംസനീയമാണ്.
അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക തത്വങ്ങളും ഇസ്രഈല്‍ പരസ്യമായി ലംഘിക്കുമ്പോഴും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പുലര്‍ത്തുന്ന മൗനവും നിഷ്‌ക്രിയത്വവും തികച്ചും പ്രതിഷേധാര്‍ഹമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ ശക്തമായി അപലപിച്ച ഹിസ്ബുല്ല വരും ദിവസങ്ങളില്‍ കൃത്യമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി:
സിവിലിയന്മാരെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ക്രൂരമായ കൂട്ടക്കൊലകള്‍ ലെബനന്‍ ജനതയ്ക്ക് നേരെ ഇസ്രഈല്‍ വര്‍ഷങ്ങളായി തുടരുന്ന ചോരക്കളി മാത്രമാണ്. ജനങ്ങളുടെ വീടുകളും കൃഷിഭൂമികളും തകര്‍ത്ത് ഗ്രാമങ്ങളെത്തന്നെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാക്കാനാണ് ശത്രുക്കള്‍ ശ്രമിക്കുന്നതെന്ന് ഹിസ്ബുല്ല ചൂണ്ടിക്കാട്ടി.
ലെബനന് നേരെ നടക്കുന്ന ഈ നിരന്തര അക്രമങ്ങള്‍ക്കും പരമാധികാര ലംഘനങ്ങള്‍ക്കും ഇസ്രഈലിനൊപ്പം അവരെ അന്ധമായി പിന്തുണയ്ക്കുന്ന അമേരിക്കയും ഒരുപോലെ ഉത്തരവാദികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും തങ്ങളെ നിരായുധീകരിക്കാനുമായി അമേരിക്കയുടെ മധ്യസ്ഥതയില്‍ ജൂണ്‍ 26ന് തയ്യാറാക്കിയ കരാര്‍ ലെബനന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹിസ്ബുല്ല പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്.
Content Highlight: Israeli attack: Lebanon has the right to retaliate; Iran extends full support.