ടെഹ്റാന്‍: ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രതിരോധമന്ത്രി അമിര്‍ നാസിര്‍സദെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഐ.ആര്‍.ജി.സി തലവന്‍ മുഹമ്മദ് പക്പൂറും കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇറാന്‍ മാധ്യമങ്ങളോ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ എന്നിവരടക്കമുള്ള നേതാക്കളും കൊല്ലപ്പെട്ടതായി ഇറാനില്‍ നിന്നുള്ള ഏതാനും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഖാംനഇ സുരക്ഷിതനാണെന്ന് അരാഗ്ചി വ്യക്തമാക്കി. ഖാംനഇ വരും മണിക്കൂറുകളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഇറാനിലെ അല്‍-അലം ടി.വിയും റിപ്പോര്‍ട്ട് ചെയ്തു.
തന്റെ അറിവില്‍ ഖാംനഇ ജീവിച്ചിരിപ്പുണ്ടെന്നാണ് അരാഗ്ചി പറഞ്ഞത്. ദശലക്ഷക്കണക്കിന് ആളുകളുടെ പിന്തുണ ഇറാനുണ്ട്. ഇസ്രഈലിന്റെ ആക്രമണത്തില്‍ ഒന്നോ രണ്ടോ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും. അത് ഇറാനെ സംബന്ധിച്ച് ഒരു തിരിച്ചടിയല്ല. മരിച്ചുവെന്ന് പറയപ്പെടുന്ന നേതാക്കളെല്ലാം ജീവനോടെയുണ്ടെന്നും അരാഗ്ചി പറഞ്ഞു.
ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തെ ‘മിഷന്‍ ഇംപോസിബിള്‍’ എന്നാണ് അരാഗ്ചി വിശേഷിപ്പിച്ചത്.
ഒമാന്റെ മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് ഇസ്രഈല്‍ ഇറാനെ ആക്രമിച്ചത്. ഖാംനഇയുടെ ഓഫീസിന് നേരെയാണ് ഇസ്രഈലിന്റെ ആദ്യ ആക്രമണം ഉണ്ടായത്.
പിന്നീടുണ്ടായ ആക്രമണത്തില്‍ ഖാംനഇയുടെ വസതി പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഖാംനഇ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
നിലവില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാന്‍ തയ്യാറെടുക്കുകയാണ്. യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ ജി.സി.സി രാജ്യങ്ങള്‍ അപലപിക്കുകയും ചെയ്തു.
ഇതിനിടെ ഇറാനിലെ മിസൈല്‍ ലോഞ്ചറുകള്‍ ആക്രമിക്കുകയാണെന്ന് ഇസ്രഈല്‍ അവകാശപ്പെട്ടു. ഇസ്രഈലില്‍ സൈറണുകള്‍ മുഴങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Israeli attack; Iran’s defense minister and IRGC commander reportedly killed