| Monday, 25th August 2025, 6:44 am

യെമനിലെ ഇസ്രഈല്‍ വ്യോമാക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു, 86 പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന: യെമനില്‍ ഹൂത്തി വിമതസംഘത്തിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികള്‍. ഹൂത്തി ആരോഗ്യ മന്ത്രാലയ വക്താവാണ് ഈ വിവരം എക്‌സിലൂടെ അറിയിച്ചത്.

തലസ്ഥാന നഗരമായ സന ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്നലെയായിരുന്നു ആക്രമണം ഉണ്ടായത്. ഇസ്രഈലിന്റെ ആക്രമണത്തില്‍ ഒരു പവര്‍ പ്ലാന്റും ഗ്യാസ് സ്റ്റേഷനും തകര്‍ന്നതായി ഹൂത്തി മീഡിയ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. ഇസ്രഈല്‍ ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വെള്ളിയാഴ്ച ഇസ്രഈലിന് നേരെ ഹൂത്തികള്‍ മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. തുടര്‍ന്ന് ഗസയിലെ ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഇതെന്നും ഇസ്രഈലിന് വേണ്ടി തയ്യാറാക്കിയ മിസൈലുകളാണ് വിക്ഷേപിച്ചതെന്നും ഹൂത്തി വിമതസംഘം പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രഈലിന്റെ ഈ പ്രതികാര നടപടി.

‘യെമനിലെ സനയില്‍ പ്രവര്‍ത്തിക്കുന്ന ഹൂത്തി തീവ്രവാദ ഭരണകൂടത്തിന്റെ നിരവധി സൈനിക കേന്ദ്രങ്ങള്‍, പ്രസിഡന്‍ഷ്യല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്ന മേഖല, ആദര്‍, ഹിസാസ് പവര്‍ പ്ലാന്റുകള്‍, ഇന്ധനം സംഭരിക്കുന്നതിനുള്ള ഒരു സൈറ്റ് ഉള്‍പ്പെടെ ആക്രമിച്ചു.

ഇത് മിസൈലുകളും യു.എ.വികളും ഉപയോഗിച്ച് ഇസ്രഈലിന് നേരെ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ്,’ ഐ.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം വെള്ളിയാഴ്ച നടന്ന ഹൂത്തികളുടെ ആക്രമണത്തില്‍ ഇസ്രഈലില്‍ ഇതുവരെ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി സംഘം സിവിലിയന്‍സിനെതിരായ ആക്രമണം തുടരുകയാണെന്ന് ഇസ്രഈല്‍ സൈന്യം ആരോപിച്ചു.

ജൂലൈയില്‍ ഇസ്രഈലുമായി ബന്ധമുള്ള ചരക്ക് കപ്പലുകളെ ദേശീയത പരിഗണിക്കാതെ തന്നെ ലക്ഷ്യമിടുമെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്രഈലിനെതിരായ സൈനിക നടപടികളുടെ നാലാം ഘട്ടത്തിലാണ് ഹൂത്തി സംഘം ഈ പ്രഖ്യാപനം നടത്തിയത്.

Content Highlight: Israeli attack in Yemen; 6 killed, 86 injured

We use cookies to give you the best possible experience. Learn more