| Monday, 9th February 2026, 10:07 pm

തെക്കന്‍ ലെബനനില്‍ ഇസ്രഈല്‍ ആക്രമണം; ഒരു കുട്ടിയടക്കം മൂന്ന് മരണം

രാഗേന്ദു. പി.ആര്‍

ബെയ്റൂട്ട്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തെക്കന്‍ ലെബനനില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണം. ടയര്‍ മേഖലയിലെ യാനൂഹ് പട്ടണത്തിന്റെ മധ്യഭാഗത്തായാണ് അപകടം നടന്നത്.

ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായി അനഡോലു അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രഈല്‍ ആക്രമണത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടാന്‍ ലെബനന്‍ വിദേശകാര്യമന്ത്രി യൂസഫ് രാജ്ജിയ്ക്ക് പ്രധാനമന്ത്രി നവാഫ് സലാം നിര്‍ദേശം നല്‍കി.

അതേസമയം ബിന്ത് ജബീലിലെ ഐത അല്‍-ഷാബ് പട്ടണത്തിലും ഇസ്രഈലിന്റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു സിവിലിയന്‍ മരണവും രേഖപ്പെടുത്തിയതായാണ് വിവരം.

അല്‍-ഷാബിലെ ഒരു സെമിത്തേരിയില്‍ നിന്നിരുന്ന രണ്ട് പേരെ ഇസ്രഈലിന്റെ സൗണ്ട് ബോംബുകള്‍ ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ലെബനനിലെ ഒരു വീട്ടില്‍ നിന്നും ഇസ്രഈല്‍ സൈന്യം ഒരാളെ തട്ടിക്കൊണ്ടുപോയതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

2024 നവംബറില്‍ യു.എസിന്റെ മധ്യസ്ഥതയില്‍ ഇസ്രഈലും ലെബനനും വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നു. എന്നാല്‍ 2025 ഫെബ്രുവരിയില്‍ ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലെബനന്‍ ഐക്യരാഷ്ട്രസഭയില്‍ പരാതിപ്പെട്ടിരുന്നു.

യു.എന്‍ സുരക്ഷാ കൗണ്‍സിലിലാണ് ഇസ്രഈലിനെതിരെ ലെബനന്‍ പരാതി നല്‍കിയത്. ഇസ്രഈലിന്റെ ആവര്‍ത്തിച്ചുള്ള കരാര്‍ ലംഘനത്തില്‍ നടപടിയെടുക്കണമെന്നാണ് ലെബനന്‍ ആവശ്യപ്പെട്ടിരുന്നത്. ഇസ്രഈല്‍ തുടര്‍ച്ചയായി ‘യു.എന്‍ പ്രമേയം 1701’ ലംഘിക്കുകയാണെന്നും ലെബനന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2006 ഓഗസ്റ്റ് 11ന് അംഗീകരിച്ച യു.എന്‍ പ്രമേയം 1701, ഹിസ്ബുല്ലയും ഇസ്രഈലും തമ്മിലുള്ള ശത്രുത പൂര്‍ണമായും അവസാനിപ്പിക്കണമെന്നും തെക്കന്‍ ലെബനനിലെ ബ്ലൂ ലൈനിനും ലിറ്റാനി നദിക്കും ഇടയില്‍ ഒരു ആയുധരഹിത മേഖല സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Content Highlight: Israeli attack in southern Lebanon; Three dead, including a child

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more