ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് ഹമാസ് അംഗങ്ങളും ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.
ഖത്തറില്‍ ചര്‍ച്ചയ്ക്ക് എത്തിയ ഹമാസിന്റെ പ്രധാനപ്പെട്ട നേതാവായ ഖലീല്‍ അല്‍-ഹയ്യ, ചീഫ് ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്ററായ സാഹര്‍ ജബരിന്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രഈലിന്റെ ആക്രമണം. ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ മുതിര്‍ന്ന നേതാക്കള്‍ രക്ഷപ്പെട്ടെങ്കിലും അല്‍-ഹയ്യയുടെ മകനുള്‍പ്പടെ അഞ്ച് ഹമാസ് അംഗങ്ങളുടെ ജീവന്‍ നഷ്ടമായി.
അല്‍-ഹയ്യയുടെ മകന്‍ ഹുമാം അല്‍-ഹയ്യ, ഓഫീസ് ഡയറക്ടറായ ജിഹാദ് ലബാദ് എന്നിവരും സുരക്ഷാ ഉദ്യോഗസ്ഥരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅമന്‍ ഹസൗന, അഹ്‌മദ് അല്‍-മംലുക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ആക്രമണത്തെ കുറിച്ച് മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന ഇസ്രഈലിന്റെ വാദങ്ങളെ ഖത്തര്‍ തള്ളി. ആക്രമണം തുടങ്ങി പത്ത് മിനിറ്റിന് ശേഷമാണ് മുന്നറിയിപ്പ് നല്‍കുന്ന വാഷിങ്ടണില്‍ നിന്നുള്ള ഫോണ്‍ കോളെത്തിയതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി പ്രതികരിച്ചു.
ഖത്തറില്‍ നടന്നത് ഭീകരാക്രമണം ആണെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മേഖലയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ മടിക്കാത്തയാളാണെന്നും ഖത്തര്‍ വിമര്‍ശിച്ചു.
ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടിക്കാന്‍ ഖത്തറിന് അവകാശമുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റത്തെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇസ്രഈലിന്റെ ആക്രമണത്തെ അപലപിച്ച് അറബ് രാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഈ ആക്രമണത്തിന് കനത്ത വിലനല്‍കേണ്ടി വരുമെന്ന് സൗദി അറേബ്യ ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കി. ഇസ്രഈല്‍-ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിനായി മധ്യസ്ഥത വഹിക്കുന്ന ഖത്തറിന് നേരെയുണ്ടായ ആക്രമണത്തെ അറബ് രാഷ്ട്രങ്ങള്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.
ഇസ്രഈലിന്റെത് ഭീരുത്വമാണെന്ന് അറബ് ലീഗും ഗള്‍ഫ് സഹകരണ കൗണ്‍സിലും പ്രതികരിച്ചു. ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് രാഷ്ട്രത്തലവന്‍മാര്‍ ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ച് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചു. ബഹ്‌റൈന്‍ ശൂറാ കൗണ്‍സിലും ഒമാന്‍ വിദേശകാര്യ മന്ത്രാലയവും പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്.
സംഭവത്തോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച ഹൂത്തികള്‍, ഒന്നിച്ചുനിന്നില്ലെങ്കില്‍ തുടര്‍ന്നും ഇസ്രഈലിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് നല്‍കി. ഹൂത്തികള്‍ യെമനില്‍ നിന്നും ഇസ്രഈലിന് നേരെ മിസൈല്‍ ആക്രമണവും നടത്തി.
ഖത്തറിന്റെ പരമാധികാരം ലംഘിച്ച് ആക്രമണം നടത്തിയ ഇസ്രഈലിനെ യു.എന്‍ അപലപിച്ചു. യു.എന്‍ പൊതുസഭയുടെ പുതിയ അധ്യക്ഷ അന്നലീന ബെയര്‍ബോക്ക് ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
യു.എന്‍ ജനറല്‍ അസംബ്ലി നടക്കുന്നതിനിടെയാണ് ഇസ്രഈലിന്റെ ആക്രമണമുണ്ടായത്. തുടര്‍ന്ന് യു.എന്‍ അടിയന്തര സുരക്ഷാ കൗണ്‍സില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
Content Highlight:Israeli attack; Five people including Hamas leader’s son killed; Qatar says it has the right to retaliate