| Thursday, 1st October 2026, 12:52 pm

ഇസ്രഈല്‍ ക്രൂരത: നീണ്ട 17 ദിവസത്തെ തിരിച്ചിലിനൊടുവില്‍ കണ്ടെത്തിയത് 105 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍

നിഷാന. വി.വി

ടെല്‍അവീവ്: ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 105 ഫലസ്തീനികളുടെ മൃതദേഹം കണ്ടെടുത്തു. നീണ്ട 17 ദിവസത്തെ തിരിച്ചിലിന് ശേഷമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിരിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് ഔദ്യോഗികമായി അറിയിച്ചു.

മുഴുവനായും തകര്‍ന്നടിഞ്ഞ അല്‍ താജ് പ്രദേശത്ത് വെച്ചാണ് വരിവരിയായി കിടത്തിയ മൃതദേഹങ്ങള്‍ക്ക് ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചത്. ‘സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാന്‍ പൂര്‍ണ അവകാശമുള്ള സാധാരണക്കാരാണ് കൊല്ലപ്പെട്ടത്,’ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസാള്‍ പ്രതികരിച്ചു. ഗസയിലെ സാധാരണക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട ഡോക്ടര്‍ അലിയ റംസി അല്‍-ഹനാവി, അവരുടെ ഭര്‍ത്താവ്, നാല് മക്കള്‍ എന്നിവരുടെ ഭൗതികശരീരങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇതോടെ ഇവരുടെ കുടുംബം പൂര്‍ണമായും സിവില്‍ രജിസ്റ്ററില്‍ നിന്ന് ഇല്ലാതായതായി മാതാവ് തഗ്രീദ് അല്‍-ഹനാവി പറഞ്ഞു.

ആക്രമണം നടക്കുന്ന സമയത്ത് റസിഡന്‍ഷ്യല്‍ ബ്ലോക്കില്‍ മുന്നൂറോളം ആളുകള്‍ ഉണ്ടായിരുന്നുവെന്നും, കൊല്ലപ്പെട്ട ഏറിയ പങ്കു ആളുകളുടെയും കാണാതായവരുടെയും മൃതദേഹങ്ങള്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഫവാസ് സിയാറ പറഞ്ഞു.

2025 ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 1,431 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 5,026 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

2023 ഒക്ടോബര്‍ എട്ട് മുതല്‍ തുടരുന്ന ഇസ്രഈല്‍ ആക്രമണങ്ങളില്‍ ഇതുവരെ 74,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,75,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഗസയിലെ 90 ശതമാനത്തോളം അടിസ്ഥാന സൗകര്യങ്ങളും ആക്രമണങ്ങളില്‍ പൂര്‍ണമായി തകര്‍ന്നു.

Content Highlight: Israeli Atrocity: Bodies of 105 Palestinians Recovered After a 17-Day Search

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more