| Wednesday, 25th November 2026, 9:28 am

ഗസയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമം; ഇസ്രഈൽ വംശഹത്യയുടെ പ്രധാന ഘടകം: ആംനസ്റ്റി

ശ്രീലക്ഷ്മി എ.വി.

ലണ്ടൻ: ഗസയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള ഇസ്രഈൽ അതിക്രമങ്ങൾ വംശഹത്യയുടെ അവിഭാജ്യ ഘടകമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ.

കഴിഞ്ഞ മൂന്ന് വർഷമായി ഗസയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ഇസ്രഈൽ സൈന്യം ആവർത്തിച്ച് അതിക്രമങ്ങൾ നടത്തിയെന്ന് ആംനസ്റ്റി റിപ്പോർട്ട് ചെയ്തു.

ഫലസ്തീനികൾക്കെതിരെ ഇസ്രഈൽ തുടരുന്ന വംശഹത്യയിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ഈ മനുഷ്യവകാശ ലംഘനങ്ങളെന്നും ആംനസ്റ്റി പറഞ്ഞു.

‘No conditions for life: Women, girls and the gendered dimensions of Israel’s genocide against Palestinians in Gaza’ എന്ന തലക്കെട്ടോടെയാണ് ആംനസ്റ്റി റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

2023 ഒക്ടോബർ ഏഴ് മുതൽ 2026 ഒക്ടോബർ ഒന്ന് വരെ ഇസ്രഈൽ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും നിയമവിരുദ്ധമായി തടങ്കലിൽ വെച്ചതിന്റെയും വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

അവർക്ക് പ്രാഥമിക ആരോഗ്യസേവനങ്ങൾ നിഷേധിക്കപ്പെട്ടിരുന്നെന്നും അവരെ പട്ടിണിക്കിട്ടുവെന്നും ആംനസ്റ്റി റിപ്പോർട്ട് ചെയ്തു.

വെടിനിർത്തൽ എന്ന വിളിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ആക്രമണങ്ങൾ തുടരുന്നുണ്ടെന്നും ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡ് പറഞ്ഞു.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം തകർക്കുകയും അവർക്ക് കടുത്ത വേദന നൽകുകയും ചെയ്ത ക്രൂരമായ അതിക്രമങ്ങളുടെ പുതിയ വിവരങ്ങളാണ് ഇതിലുള്ളതെന്നും അവർ പറഞ്ഞു.

‘2025 ഒക്ടോബറിൽ ഹമാസും ഇസ്രഈലും തമ്മിൽ നടന്ന വെടിനിർത്തലിന് ശേഷവും ഇസ്രഈൽ വംശഹത്യ തുടരുകയാണ്. ഗസയിലെ മനുഷ്യരെ ശാരീരികമായി നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ജീവിത സാഹചര്യമാണ് ഇസ്രഈൽ അവിടെ ഉണ്ടാക്കുന്നത്. അവർക്ക് ഗുരുതരമായ ശാരീരികവും മാനസികവുമായ ആഘാതങ്ങൾ ഏൽപ്പിച്ചും ഇസ്രഈൽ ഇത് തുടരുകയാണ്,’ ആഗ്നസ് കാലമർഡ് പറഞ്ഞു.

അതേസമയം ഗസയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു അപ്പാർട്മെന്റിനുനേരെ ഇസ്രഈൽ ആക്രമണം നടത്തിയെന്നും നാലുപേർ കൊല്ലപ്പെട്ടെന്നും നിരവധിപേർക്ക് പരിക്കേറ്റെന്നും അൽ ഷിഫ ആശുപത്രി വൃത്തങ്ങൾ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

Content Highlight: Israeli atrocities against women and girls in Gaza: an integral part of the genocide – Amnesty International

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more