| Sunday, 21st June 2026, 9:53 pm

ലെബനനിലെ സുരക്ഷാ മേഖലയില്‍ നിന്ന് സൈന്യം പിന്മാറില്ലെന്ന് ഇസ്രഈല്‍; വെടിനിര്‍ത്തലിനിടയിലും നിലപാട് കടുപ്പിച്ച് പ്രതിരോധ മന്ത്രി

ആദര്‍ശ് എം.കെ.

ടെല്‍ അവീവ്: ദക്ഷിണ ലെബനനിലെ തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിന്മാറില്ലെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ്. ലെബനനില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും, വടക്കന്‍ ഇസ്രഈല്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതിര്‍ത്തിയിലെ സുരക്ഷാ മേഖലയില്‍ സൈന്യം തുടരുമെന്നാണ് കാറ്റ്‌സ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ സൈന്യം നിലയുറപ്പിച്ചിട്ടുള്ള എല്ലാ സ്ഥാനങ്ങളിലും ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) തുടരുമെന്നും സുരക്ഷാ മേഖലയില്‍ നിന്ന് സൈന്യം പിന്മാറില്ലെന്നും കാറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ലെബനനില്‍ നിന്നുള്ള ഭീഷണികള്‍ നീക്കം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നതിന് ഇസ്രഈല്‍ സൈന്യത്തിന് മേല്‍ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും താനും ഈ വിഷയത്തില്‍ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും ഇറാനും തമ്മില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ച അതേ ദിവസം തന്നെയാണ് ഇസ്രഈലിന്റെ ഈ നിര്‍ണ്ണായക പ്രഖ്യാപനം വരുന്നത്.

ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും ശത്രുത അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ഇടക്കാല കരാര്‍ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും ഇസ്രഈല്‍ തങ്ങളുടെ സൈനിക സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ ലെബനനില്‍ ഇസ്രഈല്‍ വലിയ തോതിലുള്ള സൈനിക നീക്കം നടത്തിയിരുന്നു. ലെബനന്റെ തെക്കന്‍, കിഴക്കന്‍ ഭാഗങ്ങളിലായി 200ലധികം വ്യോമാക്രമണങ്ങളാണ് ഇസ്രഈല്‍ നടത്തിയത്.

ഹിസ്ബുല്ല കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്രഈല്‍ അവകാശപ്പെടുമ്പോഴും, ആക്രമണങ്ങളില്‍ ഭൂരിഭാഗവും ജനവാസ മേഖലകളെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയുമാണ് ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ ദിവസങ്ങളിലെ ആക്രമണങ്ങളില്‍ 105 പേര്‍ കൊല്ലപ്പെടുകയും 150ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് രണ്ട് മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച് ഏകദേശം 4,000 പേര്‍ കൊല്ലപ്പെടുകയും 12,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ദശാബ്ദങ്ങളായി ഇസ്രഈല്‍ കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളും 2023-2024 യുദ്ധകാലത്ത് പിടിച്ചെടുത്ത സ്ഥലങ്ങളും ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെ തുടരുകയാണ്.

Content highlight: Israeli army won’t withdraw from occupied territory in southern Lebanon: Israel Katz

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more