ടെല്‍ അവീവ്: ഗസ സമാധാന പദ്ധതിയുടെ ഭാഗമായി ഇസ്രഈല്‍ വിട്ടു നല്‍കിയ ഫലസ്തീന്‍ തടവുകാരുടെ മൃതദേഹങ്ങളില്‍ നിന്നും അവയവങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തല്‍. ഇസ്രഈല്‍ സൈന്യം മനപൂര്‍വം തടവുകാരെ കൊലപ്പെടുത്തി അവയവങ്ങള്‍ കവര്‍ന്നെന്ന് ഗസ അധികൃതര്‍ ആരോപിച്ചു.
ഭയാനകമായ കുറ്റകൃത്യമാണ് ഇസ്രഈല്‍ നടത്തിയത്. സംഭവത്തില്‍ അന്താരാഷ്ട്ര സമിതി അന്വേഷണം നടത്തണമെന്നും ഫലസ്തീനിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു.
‘കണ്ണുകള്‍, കോര്‍ണിയകള്‍, മറ്റ് അവയവങ്ങള്‍’ എന്നിവ ഉള്‍പ്പെടെ നിരവധി അവയവങ്ങള്‍ മൃതശരീരങ്ങളില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. മൃതദേഹങ്ങളില്‍ നിന്നും അവയവങ്ങള്‍ മോഷ്ടിച്ചുവെന്ന് ഇക്കാര്യം തെളിയിക്കുന്നു. ക്രൂരമായ കുറ്റകൃത്യമാണിതെന്ന് സര്‍ക്കാര്‍ മീഡിയ ഓഫീസ് ഡയറക്ടര്‍ ഇസ്മായില്‍ തവാബ്ത പറഞ്ഞു.
റെഡ് ക്രോസ് വഴി കൈമാറിയ നൂറിലേറെ മൃതദേഹങ്ങളില്‍ പലതും കൈകാലുകള്‍ ബന്ധിച്ച് കണ്ണുകള്‍ കെട്ടിയ നിലയിലാണ്. ചിലരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി വ്യക്തമായി. കഴുത്തില്‍ കയറിന്റെ അടയാളങ്ങള്‍ ഇതിനുള്ള തെളിവാണ്. മനപൂര്‍വമായ കൊലപാതകത്തിലേക്കാണ് ഇവ വിരല്‍ചൂണ്ടുന്നതെന്നും ഇസ്മായില്‍ തവാബ്ത പറഞ്ഞു.
മൃതദേഹങ്ങള്‍ മിക്കതും വളരെ മോശം അവസ്ഥയിലാണ് ഇസ്രഈല്‍ വിട്ടുനല്‍കിയത്. കൊലപാതകത്തിന്റെയും ക്രൂരമായ പീഡനങ്ങളുടെയും സൂചനകളാണ് ഓരോ മൃതദേഹത്തില്‍ നിന്നും ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈല്‍ മൃതദേഹങ്ങള്‍ക്ക് എതിരെ ഗുരുതരമായ അവകാശ ലംഘനങ്ങള്‍ നടത്തി. ഫലസ്തീനികളുടെ അവയവങ്ങള്‍ മോഷ്ടിച്ചതിനെതിരെ അടിയന്തിരമായി അന്വേഷണം നടത്താന്‍ അന്താരാഷ്ട്ര അന്വേഷണ സമിതിയെ ചുമതലപ്പെടുത്തണമെന്ന് ഇസ്മായില്‍ തവാബ്ത അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും ആവശ്യപ്പെട്ടു. അതേസമയം, ഇസ്രഈല്‍ സൈന്യം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
തെക്കന്‍ ഇസ്രഈലിലെ നെഗേവ് മരുഭൂമിയിലെ സ്‌ഡെ ടെയ്മാന്‍ സൈനിക താവളത്തില്‍ ഗസയില്‍ നിന്നുള്ള ഏകദേശം 1,500 ഫലസ്തീന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഇസ്രഈല്‍ പത്രം ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഹമാസും ഇസ്രഈലും ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മൃതദേഹങ്ങളും 2000 ഫലസ്തീന്‍ തടവുകാരെയും ഇസ്രഈല്‍ വിട്ടുനല്‍കണമെന്നാണ് വ്യവസ്ഥ. പകരമായി ഹമാസ് ഇസ്രഈലി ബന്ദികളെ മോചിപ്പിക്കുകയും മൃതദേഹങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട്.
അതേസമയം, നടപടികള്‍ പുരോഗമിക്കുന്നത് പതിയെയാണെന്ന് ആരോപിച്ച് ഇസ്രഈല്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നു. ഗസയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച 20 പോയിന്റ് പദ്ധതിയുടെ ഭാഗമായാണ് ഹമാസും ഇസ്രഈലും വെടി നിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചത്.
2023 ഒക്ടോബര്‍ മുതല്‍ ഇസ്രഈല്‍ ഗസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 69,000ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷണ കമ്മീഷനും സ്ഥിരീകരിച്ചിരുന്നു.
Content Highlight: ‘A heinous crime’: Israeli army steals organs from Palestinian prisoners, report says