| Tuesday, 21st April 2026, 5:39 pm

ഇസ്രാഈലിന്റെത് ഭൂമിയിലെ ഏറ്റവും അധപതിച്ച സൈന്യം; പ്രതികരണവുമായി യു.എൻ പ്രത്യേക റിപ്പോർട്ടർ

മുഹമ്മദ് നബീല്‍

ന്യൂ യോർക്ക്: ഇസ്രഈൽ പട്ടാളം ഭൂമിയിലെ ഏറ്റവും അധപതിച്ച സൈന്യമാണെന്ന് ഐക്യരാഷ്ടസഭയുടെ സ്പെഷ്യൽ റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ്. ഇസ്രഈൽ സേന എല്ലാ പരിധികളും ലംഘിച്ചെന്നും അവരുടെ ചെയ്തികൾ അന്താരാഷ്‌ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അവർ പറഞ്ഞു.

ഇസ്രഈൽ പട്ടാളം ഒരു ഫലസ്തീൻ ബാലനെ ക്രൂരമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിലാണ് അവർ പ്രതികരിച്ചത്.

‘ഇസ്രഈൽ സൈന്യം ഏറ്റവും അധപതിച്ച സൈന്യമാണ്, ഒരു സംശയവുമില്ലാതെ ഇത് പറയാൻ ആവശ്യമായ കാര്യങ്ങൾ ഞാൻ കണ്ടു കഴിഞ്ഞു,’ എന്നായിരുന്നു അവർ സമൂഹ മാധ്യമ അക്കൗണ്ടിൽ പ്രതികരിച്ചത്.

ദ ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്നും താൻ നിരന്തരമായ ഭീഷണിയിലാണ് കഴിയുന്നതെന്നും യു.എൻ സ്പെഷ്യൽ റിപ്പോർട്ടർ പറഞ്ഞു.

ഗസ മുനമ്പിൽ ഇസ്രഈൽ വംശഹത്യ നടത്തിയെന്ന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം താൻ നേരിടുന്ന സമ്മർദങ്ങളും ഭീഷണികളും കാരണം തന്റെ ജീവിതം അതീവ സാഹസം നിറഞ്ഞതായെന്നും അവർ വിവരിച്ചു.

റിപ്പോർട്ട് പ്രകാരം 2023 ഒക്ടോബർ 8 മുതൽ ഫലസ്തീനികൾക്കെതിരെ ഇസ്രഈൽ വംശഹത്യയാണ് നടത്തിവരുന്നത്. ഇതിന്റെ ഫലമായി ഗസയിലെ ഭൂരിഭാഗം ആശുപത്രികളും തകർക്കപ്പെടുകയും, മെഡിക്കൽ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തു.

ഇസ്രഈൽ ഏർപ്പെടുത്തിയ ഉപരോധം അവിടുത്തെ ആരോഗ്യ മേഖലയെ വഷളാക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇസ്രഈൽ വംശഹത്യ 72000ത്തിലധികം ഫലസ്തീനികളുടെ മരണത്തിന് കാരണമായി. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. 172000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ഗസയിലെ 90 ശതമാനം അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Israeli army is the most degraded army on earth; UN special rapporteur responds

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more