ഗസസിറ്റി: ഗസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രഈല്‍ ആക്രമണത്തില്‍ മൂന്ന് ജേര്‍ണലിസ്റ്റുകളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗസ സിറ്റിയിലെ അല്‍- അഹ്‌ലി ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവം ആശുപത്രിയുടെ ഉടമസ്ഥരായ ആംഗ്ലിക്കന്‍ ചര്‍ച്ച് സ്ഥിരീകരിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രി പരിസരത്ത് ആക്രമണമുണ്ടായതെന്നാണ് വിവരം.
ഫലസ്തീന്‍ ടുഡേ ടി.വി ചാനലിന്റെ ക്യാമറാമാന്‍ ഇസ്മായില്‍ ബദഹ്, ഫലസ്തീന്‍ ടുഡേ എഡിറ്റര്‍ സോളിമാന്‍ ഹജാജ്, ഷംസ് ന്യൂസ് നെറ്റ് വര്‍ക്കിലെ സമീര്‍ അല്‍-റെഫായ് എന്നിവരാണ് മരിച്ച മൂന്ന് പത്രപ്രവര്‍ത്തകരെന്നാണ് വിവരം.
ആശുപത്രി വളപ്പിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും മകന് ചികിത്സ നല്‍കാന്‍ വന്ന പിതാവും മറ്റൊരാളും മരിച്ചതായി ജറുസേലം എപ്പിസ്‌കോപ്പല്‍ രൂപത അറിയിച്ചു. സംഭവത്തില്‍ നാല് ആശുപത്രി ജീവനക്കാരുള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഇസ്രഈല്‍ യുദ്ധകുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതായി ഫലസ്തീന്‍ പത്രപ്രവര്‍ത്തകരുടെ സിന്‍ഡിക്കേറ്റ് ആരോപിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
അല്‍- അഹ് ലി ആശുപത്രി വളപ്പിന് നേരെയുണ്ടായ ആക്രമണം മാധ്യമ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഫലസ്തീന്‍ പത്രപ്രവര്‍ത്തക കൂട്ടായ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ഗസയിലേക്ക് പ്രവേശനം നല്‍കണമെന്നും ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട അതേ ദിവസം തന്നെയാണ് ആക്രമണമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസ് ഫ്രീഡം സംഘടനകളടക്കം 130 ഓളം അന്താരാഷ്ട്ര ഏജന്‍സികളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
20 മാസമായി ഗസക്ക് പുറത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫലസ്തീന്‍ പ്രദേശത്തേക്ക് കടക്കാന്‍ ഇസ്രഈല്‍ അനുമതി നല്‍കുന്നില്ലെന്നും മുമ്പൊരിക്കലും ഇല്ലാത്ത സാഹചര്യമാണുള്ളതെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
യഥാര്‍ത്ഥ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ഗസയിലുള്ള പ്രാദേശിക പ്രവര്‍ത്തകര്‍ കുടിയിറക്കവും പട്ടിണിയും നേരിടുന്നുവെന്നും 200 മാധ്യമ പ്രവര്‍ത്തകരെയടക്കം ഇസ്രഈല്‍ കൊല്ലപ്പെടുത്തിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
അതേസമയം വ്യാഴാഴ്ച ഗസയിലുടനീളം ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 37 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. ഗസ സിറ്റി, വടക്ക് ജബലിയ, ബെയ്റ്റ് ലഹിയ, തെക്ക് ഖാന്‍ യൂനിസ് എന്നിവിടങ്ങളിലും ആക്രമണങ്ങള്‍ നടന്നതായും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ ആക്രമണത്തില്‍ കുട്ടികളടക്കം ഗസയില്‍ കുറഞ്ഞത് 54,677 പേര്‍ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
Content Highlight: Israeli airstrike on Gaza hospital kills five, including three journalists