| Thursday, 26th November 2026, 8:06 am

ഗസയില്‍ ഇസ്രഈല്‍ വ്യോമാക്രമണം; മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനും കുടുംബവുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ശ്രീരാഗ് പാറക്കല്‍

ടെല്‍അവീവ്: ഗസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനും കുടുംബത്തിലെ മൂന്ന് അംഗങ്ങളും മരിച്ചതായി പ്രാദേശിക ഡോക്ടര്‍മാരും ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചു.

ഫലസ്തീന്‍ ആഭ്യന്തര സുരക്ഷാ സേവനത്തിന്റെ തലവനായ മുഹമ്മദ് അബു അല്‍ ഔഫ് (47), ഭാര്യ നൗറ (41), പെണ്‍മക്കളായ യുസ്ര (15), ജന (13) എന്നിവര്‍ കൊല്ലപ്പെട്ടുവെന്ന് മന്ത്രാലയം അറിയിച്ചു. ഗസ സിറ്റിയിലെ ഷാതി അഭയാര്‍ത്ഥി ക്യാമ്പിലുള്ള ഉദ്യോഗസ്ഥന്റെ അപ്പാര്‍ട്ട്‌മെന്റ് ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന ബോംബ് ആക്രമണത്തില്‍ ഇസ്രഈല്‍ തകര്‍ക്കുകയായിരുന്നു.

‘മുഹമ്മദ് അബു അല്‍ ഔഫ് തീവ്രവാദിയാണ്. അദ്ദേഹം ഇസ്രഈലിന് നേരെ വലിയ ഭീഷണി ഉയര്‍ത്തുന്നു. അതിനാല്‍ ഉദ്യോഗസ്ഥനെ ഇല്ലാതാക്കി,’ ഇസ്രഈല്‍ സൈന്യം പറഞ്ഞു.

അതേസമയം ഇസ്രഈല്‍ ആക്രമണത്തില്‍ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു. ഹമാസ് ആഭ്യന്തര സുരക്ഷാ സേനയുടെ കമാന്ററും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്രഈലിന്റെ ആക്രമണത്തെ ‘ക്രൂരമായ കുറ്റകൃത്യ’മാണെന്ന് ഹമാസ് അപലപിച്ചു. ഫലസ്തീന്‍ സമൂഹത്തിനുള്ളില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗസയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഇസ്രഈല്‍ ലക്ഷ്യമിടുകയാണെന്നും ഹമാസ് പറഞ്ഞു.

ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ചുമതല സംഘടനയ്ക്കുള്ളില്‍ അച്ചടക്കം ഉറപ്പാക്കുക, സംഘടനയുടെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുക, വിവരങ്ങള്‍ ചോര്‍ത്തുന്നവരെ കണ്ടെത്തുക എന്നിവയടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്ന് ഹമാസ് ചൂണ്ടിക്കാട്ടി.

ഗസ സിറ്റിയിലെ ഷാതി അഭയാര്‍ത്ഥി ക്യാമ്പിലുള്ള ഉദ്യോഗസ്ഥന്റെ അപ്പാര്‍ട്ട്‌മെന്റ് – Photo: BBC

അബു അല്‍-ഔഫ് ഗസയിലെ ഇസ്രഈലിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിരുന്ന പ്രധാന വ്യക്തിയായിരുന്നുവെന്ന് ഇസ്രഈല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

‘അദ്ദേഹത്തെ വധിച്ചത് സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്. ഒരു ദിവസം മുമ്പ് അദ്ദേഹത്തിന്റെ കമാന്‍ഡറെയും വധിച്ചിരുന്നു,’ ഇസ്രഈല്‍ സൈന്യം പറഞ്ഞു.

ചൊവ്വാഴ്ച ഗസ സിറ്റിയുടെ പടിഞ്ഞാറന്‍ മേഖലയിലെ അല്‍ കരാമയ്ക്ക് അടുത്ത് ഇസ്രഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി നഈം അബു നഹേല്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. ഗസ സിറ്റിയില്‍ ഇസ്രഈല്‍ പ്രത്യേക സേന നടത്തിയ റെയ്ഡില്‍ മുന്‍ മേധാവി പിടിയിലായതിനെ തുടര്‍ന്നായിരുന്നു നിയമനം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും ഗാസയില്‍ ഇസ്രഈലിന്റെ ആക്രമണങ്ങള്‍ തുടരുകയാണ്.

ഇസ്രഈലിന്റെ വംശഹത്യ നിലവില്‍ 1,680 പേര്‍ കൊല്ലപ്പെടുകയും 6,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Israeli airstrike in Gaza; 10 people, including a senior security official and his family, killed

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more