| Tuesday, 27th October 2026, 1:33 pm

നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള വിധിയെഴുത്ത്; നെസറ്റ് തെരഞ്ഞെടുപ്പില്‍ സമ്മതിദാനം രേഖപ്പെടുത്തി ഇസ്രഈല്‍ വോട്ടര്‍മാര്‍

റെന്വര്‍ പി

ടെല്‍അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാവി എന്താവുമെന്ന് തീരുമാനിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ഇസ്രഈല്‍ വോട്ടര്‍മാര്‍. നെതന്യാഹുവിന്റെ നിലനില്‍പ് ഇന്നത്തെ (ഒക്ടോബര്‍ 27, ചൊവ്വ) തെരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ചായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അടുത്ത മാസം നാലിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.

ഏകദേശം 12 ലക്ഷം ഫലസ്തീന്‍ പൗരന്മാരടക്കം, 73 ലക്ഷത്തോളം ആളുകള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ട്. പ്രധാന മുന്നണികള്‍ക്കൊന്നും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിനായി 12,018 പോളിങ് സ്റ്റേഷനുകളിലായി ഏകദേശം 18,000 ബാലറ്റ് പെട്ടികള്‍ സജ്ജീകരിച്ചിട്ടുണ്ട്.

2023 ഒക്ടോബറിന് ശേഷം നടക്കുന്ന ആദ്യ ഇസ്രഈല്‍ തെരഞ്ഞെടുപ്പാണിത്. ഗസയിലെ വംശഹത്യയുടെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ നെതന്യാഹു വിമര്‍ശനം നേരിടുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 120 അംഗങ്ങളുള്ള ഇസ്രഈല്‍ നെസറ്റില്‍ 61 നിയമസഭാംഗങ്ങളുടെ പിന്തുണ നേടിയാലാണ് സര്‍ക്കാര്‍ രൂപീകരിക്കാനാവുക. തെരഞ്ഞെടുപ്പില്‍ 37 പാര്‍ട്ടികളും തെരഞ്ഞെടുപ്പ് സഖ്യങ്ങളും മത്സരിക്കുന്നു.

മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള ‘യഷാര്‍'(Yashar) പാര്‍ട്ടിയാണ് ഇസ്രഈലിന്റെ മൂന്ന് പ്രധാന ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ട അഭിപ്രായ സര്‍വേയില്‍ മുന്നിട്ട് നില്‍ക്കുന്നത്. നെതന്യാഹുവിന്റെ ‘ലിക്കുഡ്’ പാര്‍ട്ടിയേക്കാള്‍ നേരിയ മുന്‍തൂക്കം ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്കുണ്ട്.

യഷാര്‍ പാര്‍ട്ടി 22 മുതല്‍ 23 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്. ലിക്കുഡ് പാര്‍ട്ടിക്ക് 19 മുതല്‍ 21 വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്നും പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രിമാരായ നഫ്താലി ബെനറ്റ്, യെയര്‍ ലാപിഡ് എന്നിവരുടെ നേതൃത്വത്തിലുള്ള ‘ബി-യാച്ചാഡ്’ സഖ്യം 14 അല്ലെങ്കില്‍ 15 സീറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. മുന്‍ ജനറല്‍ യായര്‍ ഗോളന്‍ നയിക്കുന്ന ‘ഡെമോക്രാറ്റ്‌സ്’, മുന്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന്റെ ‘യിസ്രായേല്‍ ബെയ്തേനു’ എന്നീ പ്രതിപക്ഷ പാര്‍ട്ടികളും ഈ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ട്.

നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അടങ്ങുന്ന വലതുപക്ഷ-മതപക്ഷ സഖ്യത്തിന് 50 സീറ്റുകള്‍ ലഭിച്ചേക്കാമെന്ന് തെരഞ്ഞടുപ്പ് പ്രവചനങ്ങളില്‍ പറയുന്നു. പ്രതിപക്ഷ സഖ്യത്തിന് 52 മുതല്‍ 56 വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്നും പ്രീപോള്‍ സര്‍വേകളില്‍ പറയുന്നു. ഫലസ്തീന്‍ വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ക്ക് ആകെ 14 മുതല്‍ 16 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിക്കപ്പെടുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 61 സീറ്റുകളുടെ ഭൂരിപക്ഷം നേടാന്‍ നെതന്യാഹുവിന്റെയോ ഐസന്‍കോട്ടിന്റെയോ മുന്നണികള്‍ക്ക് സാധിക്കില്ലെന്നും പ്രീ പോള്‍ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു.

വ്യത്യസ്ത കാലത്തായുള്ള 19 വര്‍ഷത്തെ ഭരണകാലത്തോടെ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ഇസ്രഈല്‍ പ്രധാനമന്ത്രിയായ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. അഴിമതിക്കേസുകളില്‍ നെതന്യാഹു വിചാരണ നേരിടുന്നുമുണ്ട്. കൂടാതെ, ഗസയിലെ യുദ്ധക്കുറ്റങ്ങള്‍, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റും ഇസ്രഈല്‍ പ്രധാനമന്ത്രിക്കെതിരെ നിലനില്‍ക്കുന്നു.

ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, ധനമന്ത്രി ബെസാലല്‍ സ്‌മോട്രിച്ച് എന്നിവരുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ ലിക്കുഡ് പാര്‍ട്ടിയുടെ സഖ്യത്തില്‍ ഭാഗാമാവുമെന്ന് വിലയിരുത്തപ്പെടുന്നു. അതി യാഥാസ്ഥിക വിഭാഗക്കാരുടെ ‘ഷാസ്’, ‘യുണൈറ്റഡ് തോറ ജുഡായിസം’ എന്നീ പാര്‍ട്ടികളും നെതന്യാഹുവിന്റെ സഖ്യകക്ഷികളാകാന്‍ സാധ്യതയുണ്ട്.

വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കണമെന്ന് വാദിക്കുന്നവരാണ് ബെന്‍-ഗ്വിറും സ്‌മോട്രിച്ചും. ഫലസ്തീന്‍ രാഷ്ട്രമെന്ന ആശയത്തെ അവര്‍ തള്ളിക്കളയുന്നു. അവര്‍ ഫലസ്തീനികളോട് ഗാസ വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

2015 മുതല്‍ 2019 വരെ ഇസ്രഈല്‍ സൈനിക തലവനായി സേവനമനുഷ്ഠിച്ചയാളാണ് നെതന്യാഹുവിന്റെ എതിരാളിയായ ഐസന്‍കോട്ട്. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങള്‍ക്ക് ശേഷം നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേര്‍ന്നിരുന്നു.

ഗസയിലെ സൈനിക നടപടികള്‍ കൈകാര്യം ചെയ്യുന്നതില്‍ നെതന്യാഹുവിനുണ്ടായ വീഴ്ചയുണ്ടായെന്നും സര്‍ക്കാരിന് വ്യക്തമായ രാഷ്ട്രീയ തന്ത്രമില്ലെന്നും വിമര്‍ശിച്ച് ഐസന്‍ കോട്ട് പിന്നീട് സര്‍ക്കാരില്‍ നിന്ന് വിട്ടുപോവുകയും ചെയ്തിരുന്നു.

ഫലസ്തീന്‍ അടക്കമുള്ള വിഷയങ്ങളില്‍ ഐസന്‍കോട്ടിന്റെ നിലപാടുകള്‍ നെതന്യാഹുവിന്റേതിന് സമാനമാണ്. നിലവിലെ സാഹചര്യത്തില്‍ പൂര്‍ണ പരമാധികാരമുള്ള ഒരു ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ ഐസന്‍കോട്ട് എതിര്‍ക്കുന്നു. ഗസയിലെ ഹമാസിന്റെ സൈനിക ശേഷിയും അവരുടെ ഭരണവും അവസാനിപ്പിക്കണമെന്നും നെതന്യാഹുവിന്റെ എതിരാളി പറയുന്നു.

Content Highlight: Israel votes Tuesday in closely contested election as Netanyahu faces challenge from Eisenkot

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more