| Wednesday, 9th September 2026, 12:56 pm

വംശീയ ഉന്മൂലനം ചൂണ്ടിക്കാട്ടിയതിനും അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരായ ഉപരോധത്തിനും ബ്രിട്ടനെതിരെ പ്രതികാര നടപടികളുമായി ഇസ്രഈല്‍

റെന്വര്‍ പി

ലണ്ടന്‍: വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിന് ബ്രിട്ടണെതിരെ പ്രതികാര നടപടികളുമായി ഇസ്രഈല്‍. കിഴക്കന്‍ ജെറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ച് പൂട്ടാന്‍ ഉത്തരവിടുന്നതടക്കമുള്ള നടപടികളാണ് ഇസ്രഈല്‍ സ്വീകരിച്ചത്. ഇതിന് പുറമെ ബ്രിട്ടിഷ് എം.പിമാര്‍ക്കെതിരെ പ്രവേശന വിലക്കും ഇസ്രഈല്‍ പ്രഖ്യാപിച്ചു.

ഉപരോധത്തിന് പുറമെ ബ്രിട്ടിഷ് സര്‍ക്കാരില്‍ നിന്ന് ഇസ്രഈലിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സമീപ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. നെതന്യാഹു സര്‍ക്കാരിന്റെ നിശബ്ദ പിന്തുണയോടെ നടത്തിയ ‘വംശീയ ഉന്മൂലനം’ ആണ് വെസ്റ്റ്ബാങ്കില്‍ നടക്കുന്നതെന്ന് ബ്രിട്ടീഷ് മന്ത്രി എഡ് മിലിബാന്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതും ഇസ്രഈലിന്റെ പ്രതികാര നടപടിക്കുള്ള കാരണമായി വിലയിരുത്തപ്പെടുന്നു.

ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സആര്‍ ആണ് ബ്രിട്ടീഷ് കോണ്‍സുലേറ്റ് പൂട്ടാന്‍ ഉത്തരവിട്ടത്. ബ്രിട്ടനിലെ ഇസ്രഈല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എം.പിമാര്‍ക്കെതിരെ പ്രവേശന വിലക്കും സആര്‍ പ്രഖ്യാപിച്ചു.

മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍, യുവര്‍ പാര്‍ട്ടി എം.പി. സാറാ സുല്‍ത്താന, ലേബര്‍ എം.പിമാരായ ഡയാന്‍ ആബട്ട്, നാസ് ഷാ, ജോണ്‍ മക്‌ഡൊണല്‍, റിച്ചാര്‍ഡ് ബര്‍ഗണ്‍, ഗ്രീന്‍ പാര്‍ട്ടി എം.പിമാരായ ഹന്ന സ്‌പെന്‍സര്‍, കാര്‍ല ഡെന്യര്‍, സിയാന്‍ ബെറി, എല്ലി ചൗണ്‍സ് എന്നിവരുള്‍പ്പെടെ ബ്രിട്ടനിലെ മിക്ക ഇടതുപക്ഷ എം.പിമാര്‍ക്കും ഇസ്രഈല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജെറുസലേം ഇസ്രഈലിന്റെ തലസ്ഥാനമാണെന്നും സആര്‍ അവകാശപ്പെട്ടു. ‘ഐക്യ ജറുസലേം ഇസ്രഈലിന്റെ തലസ്ഥാനമാണ്. അവിടം ഇസ്രഈലിന്റെ പൂര്‍ണ്ണ പരമാധികാരത്തിന് കീഴിലാണ്. ആ പ്രദേശത്തെ ഏതൊരു വിദേശ പ്രവര്‍ത്തനവും ഇസ്രായേലിന്റെ പരമാധികാരം ലംഘിക്കാതെയാവണം. അത് അംഗീകൃതവും യോജിച്ചതുമായ മാര്‍ഗങ്ങളിലൂടെ നടത്തണം,’ സആര്‍ അവകാശപ്പെട്ടു.

1967 ലെ ആറ് ദിവസത്തെ യുദ്ധത്തിനുശേഷം കിഴക്കന്‍ ജറുസലേമിനെ ഇസ്രായേല്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുകയാണ്. അതിനെ എതിര്‍ക്കുന്ന നിലപാടാണ് മിക്ക രാജ്യങ്ങളും സ്വീകരിക്കുന്നത്. എന്നാല്‍ ജറുസലേം തങ്ങളുടെ അവിഭാജ്യ തലസ്ഥാനമാണെന്ന് ഇസ്രഈല്‍ അവകാശവാദം ഉന്നയിക്കുന്നു.

വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ സുരക്ഷാ സേനയ്ക്ക് പരിശീലനം നല്‍കുന്നതില്‍ ബ്രിട്ടണുള്ള പങ്കാളിത്തം അവസാനിപ്പിക്കുമെന്നും ഇസ്രഈല്‍ സര്‍ക്കാര്‍ പ്രതികരിച്ചു. യു.എസ് നേതൃത്വത്തിലുള്ള ഗാസ ഏകോപന ദൗത്യത്തില്‍ നിന്നും ബ്രിട്ടനെ ഒഴിവാക്കുമെന്നും ഇസ്രഈല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ബ്രിട്ടീഷ് നീക്കം ധാര്‍മികമായി വളച്ചൊടിക്കപ്പെട്ടതാണെന്ന് സആര്‍ ആരോപിച്ചു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ സആര്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

‘ഇസ്രായേലിന് ബ്രിട്ടീഷ് ജനതയോട് ഒരു വിരോധവുമില്ല. ബ്രിട്ടനില്‍ ഞങ്ങള്‍ക്ക് ധാരാളം സുഹൃത്തുക്കളുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.

നിര്‍ഭാഗ്യവശാല്‍, ശത്രുതാപരമായ ഒരു ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലുണ്ട്. ഇസ്രഈല്‍ രാഷ്ട്രത്തിനെതിരെ അവര്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നു. ഒടുവില്‍ അതിന്റെ ശത്രുതാപരമായ നടപടികള്‍ക്ക് മറുപടി നല്‍കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല.’ സആര്‍ ആരോപിച്ചു.

ബ്രിട്ടന്റെ നടപടിയെ ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും കുറ്റപ്പെടുത്തി. ‘ഗുരുതരമായ തെറ്റായ കണക്കുകൂട്ടല്‍, ചരിത്രത്തിന്റെ തെറ്റായ വശത്ത് വീഴുന്ന ഒരു തീരുമാനം’ എന്ന് ബ്രിട്ടന്റെ തീരുമാനത്തെ ഹെര്‍സോഗ് കുറ്റപ്പെടുത്തി.

ബ്രിട്ടന് പുറമെ ഫ്രാന്‍സും കാനഡയും വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ വ്യാപാര ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ഒമ്പത് രാജ്യങ്ങളും ഇസ്രഈലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ സമാന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ ഇസ്രഈലി കുടിയേറ്റങ്ങളുമായുള്ള വ്യാപാരത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പദ്ധതികള്‍ കാനഡയും 11 യൂറോപ്യന്‍ രാജ്യങ്ങളും പ്രഖ്യാപിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ് അറിയിച്ചിരുന്നു. ഇസ്രഈലിനെതിരായ നിയന്ത്രണങ്ങളെ ഈ രാജ്യങ്ങള്‍ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ കുടിയേറ്റങ്ങളുമായുള്ള വ്യാപാരത്തിന് ദേശീയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കുന്നതായി ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം, കാനഡ, ഡെന്‍മാര്‍ക്ക്, സ്പെയിന്‍, ഫിന്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. ഈ രാജ്യങ്ങള്‍ ഇസ്രഈലിനെതിരായ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു,’ ബാരറ്റ് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Israel to close British consulate in Jerusalem after sanctions announced

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more