പാരീസ്: ഫ്രാന്‍സില്‍ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കും പണപ്പെരുപ്പത്തിനുമെതിരെ യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം ആഗോള രാഷ്ട്രീയ പ്രതിഷേധമായി മാറുന്നു. പ്രകടനത്തിനിടയില്‍ പ്രതിഷേധക്കാര്‍ അമേരിക്കയുടെയും ഇസ്രഈലിന്റെയും ദേശീയ പതാകകള്‍ പരസ്യമായി കത്തിക്കുകയും ഇസ്രഈലിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.
ഒക്ടോബര്‍ 31ന് ഫ്രാന്‍സിലെ പ്രമുഖ നഗരങ്ങളായ ലിയോണ്‍, പാരീസ് എന്നിവിടങ്ങളിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വിലക്കയറ്റത്തിനെതിരെ തുടര്‍ച്ചയായ മൂന്നാം വാരമാണ് ഫ്രാന്‍സില്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. എന്നാല്‍ ശനിയാഴ്ച നടന്ന റാലിയില്‍ തീവ്ര ഇടതുപക്ഷ വിഭാഗങ്ങളും യുദ്ധവിരുദ്ധ പ്രവര്‍ത്തകരും ചേര്‍ന്നതോടെ പ്രതിഷേധത്തിന്റെ സ്വഭാവം മാറുകയായിരുന്നു.
ലിയോണ്‍ നഗരത്തിലെ പ്ലേസ് ജീന്‍ മാസി ട്രാം സ്റ്റേഷന് സമീപം നടന്ന മാര്‍ച്ചിലാണ് ഏറ്റവും വലിയ സംഘര്‍ഷമുണ്ടായത്. മാര്‍ച്ചില്‍ പങ്കെടുത്ത ചില പ്രതിഷേധക്കാര്‍ റെയില്‍വേ ഷെല്‍ട്ടറിന്റെ മുകളില്‍ കയറി ഇസ്രഈല്‍ പതാക ചവിട്ടിമെതിച്ചു.
തുടര്‍ന്ന് അമേരിക്കന്‍ പതാകയും ഇസ്രഈല്‍ പതാകയും ഒന്നിച്ച് തീയിടുകയായിരുന്നു. പതാകകള്‍ കത്തിയമരുമ്പോള്‍ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം കൈയടിക്കുകയും ഇസ്രഈല്‍ കൊലയാളിയെന്ന് ഫ്രഞ്ച് ഭാഷയില്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തലസ്ഥാനമായ പാരീസില്‍ മാത്രം എഴുപതിനായിരത്തോളം ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇന്ധനവില വര്‍ധനവിനും വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കലിനുമെതിരെയാണ് സമരം നടക്കുന്നത്, റാലി പാരീസിലെ റിപ്പബ്ലിക് സ്മാരകത്തിന് മുന്നിലെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ ഫ്രഞ്ച് ദേശീയ പതാക മാറ്റി അവിടെ ഫലസ്തീന്‍ പതാക ഉയര്‍ത്തി.
പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഇതുവരെ 296-ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നാണ് പ്രക്ഷോഭകര്‍ നല്‍കുന്ന സൂചന.
Content Highlight: ‘Israel the Killer’: Protesters set fire to U.S. and Israeli flags during a popular demonstration in France.