| Sunday, 23rd August 2026, 7:29 am

ലെബനനില്‍ ഇസ്രഈല്‍ സൈന്യം ഫോസ്ഫറസ് ഷെല്‍ ആക്രമണം നടത്തിയതായി നാഷനല്‍ ന്യൂസ് ഏജന്‍സി

റെന്വര്‍ പി

ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രഈലി സൈന്യം ഫോസ്ഫറസ് ഷെല്ലുകളുപയോഗിച്ച് ആക്രമണം നടത്തിയതായി ലെബനന്റെ നാഷനല്‍ ന്യൂസ് ഏജന്‍സി (എന്‍.എന്‍.എ). വെള്ളി, ശനി ദിവസങ്ങളിലായി തെക്കന്‍ ലെബനനിലുണ്ടായ ഇസ്രഈല്‍ ആക്രമണങ്ങളിലാണ് ഫോസ്ഫറസ് ഉപയോഗിച്ചതെന്നും ഏജന്‍സി പറയുന്നു.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത വിവിധ പ്രദേശങ്ങളിലുണ്ടായ ഈ ആക്രമണങ്ങളില്‍ ഇസ്രഈല്‍ ഫോസ്ഫറസ് ഷെല്ലുകളും ഉപയോഗിച്ചതായി എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ ലെബനനില്‍ മന്‍സൂരി പട്ടണത്തിനും മജ്ദല്‍ സൗന്‍ നഗരത്തിന്റെ സമീപം ബയ്ത് അല്‍ സയ്യദിലും ശനിയാഴ്ച പുലര്‍ച്ചെ ഇസ്രഈലിന്റെ ആക്രമണമുണ്ടായിരുന്നു. ഇതില്‍ ബയ്ത് അല്‍ സയ്യിദിലാണ് ആക്രമണങ്ങളില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തെ എല്ലാ വീടുകളും ഇസ്രഈല്‍ ആക്രമണങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. സമീപത്തെ താഴ് വരകള്‍ക്ക് നേര്‍ക്ക് മെഷീന്‍ ഗണ്ണുപയോഗിച്ചുള്ള ഇസ്രഈല്‍ ആക്രമണങ്ങളും നടന്നു. തെക്കന്‍ ലെബനന്റെ പടിഞ്ഞാറന്‍ മേഖലകളിലും മധ്യ മേഖലകളിലും ഇസ്രഈലി ഡ്രോണുകള്‍ തുടര്‍ച്ചയായി പറന്നിരുന്നെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നബതിഹ് അല്‍-ഫൗഖക്ക് സമീപം അലി അല്‍-താഹര്‍ കുന്നില്‍ പ്രാദേശിക സമയം രാവിലെ 6:45 ന് ഇസ്രായേലി യുദ്ധവിമാനങ്ങള്‍ രണ്ട് ആക്രമണങ്ങള്‍ നടത്തിയതായും എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ദാവത് കഫര്‍ റെമ്മാന്‍, ദബാഷ ഹില്‍, അല്‍സ താഹര്‍ എന്നീ പ്രദേശങ്ങളിലും ഇസ്രഈല്‍ ഷെല്ലാക്രമണങ്ങളുണ്ടായി. ഇതില്‍ വിവിധ പ്രദേശങ്ങളില്‍ ഫോസ്ഫറസ് ഷെല്ലുകളും ഇസ്രഈല്‍ ഉപയോഗിച്ചതായി എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോസ്ഫറസ് ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നത് അടക്കമുള്ള കാരണങ്ങളാല്‍ സിവിലിയന്‍ മേഖലകളിലെ ഇവയുടെ ഉപയോഗം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് പ്രകാരം വിലക്കിയിട്ടുണ്ട്. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള വ്യവസ്ഥകളും ഫോസ്ഫറസ് ഉപയോഗത്തെ വിലക്കുന്നു. ശരീരത്തിലെ സെല്ലുകളുടെ നാശം, ശ്വാസകോശ പ്രശ്‌നങ്ങള്‍, കണ്ണിന് ഗുരുതരമായ പരിക്ക്, സെകന്‍ഡ് ഡിഗ്രി അല്ലെങ്കില്‍ തേഡ് ഡിഗ്രി പൊള്ളല്‍ എന്നീ ആരോഗ്യ പ്രശ്‌നങ്ങളാണ് ഈ രാസവസ്തു കാരണം ശരീരത്തിലുണ്ടാവുക.

അതേസമയം, തെക്കന്‍ ലെബനനില്‍ ശനിയാഴ്ചയും ഇസ്രഈല്‍ ആക്രമണം തുടര്‍ന്നതായി എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ രണ്ട് ഗ്രാമങ്ങള്‍ക്ക് നേര്‍ക്ക് ശനിയാഴ്ച പകല്‍ ഇസ്രഈല്‍ ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് രണ്ട് മുതല്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ ലെബനനില്‍ കുറഞ്ഞത് 4,348 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ആക്രമണങ്ങളില്‍ 12,300 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് മുമ്പും ലെബനനില്‍ ജനവാസ മേഖലകള്‍ക്ക് മേല്‍ ഇസ്രഈല്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ മാര്‍ച്ച് മുതല്‍ പല തവണ ഇസ്രഈല്‍ സൈന്യം ലബനനില്‍ ഈ വര്‍ഷം ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യാവകാശ സംഘടനകളില്‍ നിന്നും വിദഗ്ധരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചുമായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

തെക്കന്‍ ലെബനനിലെ ജനവാസ കേന്ദ്രങ്ങളിലാണ് ഇസ്രഈല്‍ ഫോസ്ഫറസ് പ്രയോഗം നടത്തിയതെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസം കണ്ടെത്തിയത്. ടൈര്‍ നഗരത്തിന് സമീപവും നബാതിയെ നഗരത്തിലും ഈ രാസ വസ്തു പ്രയോഗിച്ചു. ഖ്ലായ, ഖിയാം, യോഹ്‌മോര്‍ പട്ടണങ്ങള്‍ക്ക് സമീപവും വൈറ്റ് ഫോസ്ഫറസ് പ്രയോഗം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെക്കന്‍ നബാതിയെ മേഖലയിലുള്ള ബ്യൂഫോര്‍ട്ട് കോട്ട പിടിച്ചടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രഈലി സൈന്യം പകര്‍ത്തിയിരുന്നു. മേയ് 30നുള്ള ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നബാതിയെ നഗരത്തില്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗം കാരണമുള്ള പുക അന്തരീക്ഷത്തിലുയര്‍ന്നതായി കണ്ടെത്തിയെന്ന് അന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മറ്റ് ചില വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ടൈര്‍ നഗരത്തിനും ഖ്ലായ, ഖിയാം, യോഹ്‌മൂര്‍ പട്ടണങ്ങള്‍ക്കും സമീപമുള്ള മേഖലകളിലും രാസവസ്തു പ്രയോഗം നടന്നതായി കണ്ടെത്തി. വീഡിയോ ദൃശ്യങ്ങള്‍ വിദഗ്ധഗര്‍ പരിശോധിച്ച് വൈറ്റ് ഫോസ്ഫറസ് പ്രയോഗം സ്ഥിരീകരിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ലെബനനില്‍ ജനവാസ മേഖലകളില്‍ ഇസ്രഈല്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകളില്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രഈല്‍ തള്ളുകയായിരുന്നു.

ലെബനനില്‍ ജനവാസ മേഖലകളില്‍ ഇസ്രഈല്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി ഈ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ പ്രസ്താവന ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്ത് വന്നിരുന്നു. മാര്‍ച്ച് മൂന്നിന് യോഹ്‌മോര്‍ പട്ടണത്തില്‍ ഈ രാസവസ്തു പ്രയോഗിച്ചെന്നായിരുന്നു മനുഷ്യാവകാശ സംഘടനയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

Content Highlight: Israel strikes multiple areas in southern Lebanon with phosphorus shells

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more