ഗസ: വെസ്റ്റ് ബാങ്കിലെ ദെയ്ര്‍ ഇസ്റ്റിയ ഗ്രാമത്തില്‍ മുസ്‌ലിം പള്ളി ആക്രമിച്ച് ഇസ്രഈല്‍ കുടിയേറ്റക്കാര്‍. നോര്‍ത്ത് വെസ്റ്റ് ബാങ്കിലെ സാല്‍ഫിറ്റിനടുത്തുള്ള ഹജ്ജ ഹാമിദ പള്ളിയാണ് ഇസ്രഈലി കുടിയേറ്റക്കാര്‍ തീവെച്ച് നശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമികള്‍ പളളിയുടെ ചുമരുകളില്‍ വംശീയ, ഫലസ്തീന്‍ വിരുദ്ധ മുദ്രാവാക്യങ്ങളെഴുതുകയും ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തു.
‘ഇവര്‍ ഞങ്ങളുടെ ജീവിതം തകര്‍ക്കുകയാണ്. ഓരോ ദിവസവും കൂടുതല്‍ ഭയത്തോടെയാണ് ഞങ്ങളിവിടെ കഴിയുന്നത്,’ ആക്രമിക്കപ്പെട്ട പള്ളിയിലെ ഇമാം അഹമ്മദ് സലീം പറഞ്ഞു.
‘ഇത്തരം സംഭവങ്ങള്‍ പേടിപ്പിക്കുന്നതാണ്. ഈ സമയത്ത് ഞങ്ങള്‍ പള്ളിയിലുണ്ടായിരുന്നെങ്കിലോ? ഞങ്ങള്‍ ഇത്തരം സംഭവങ്ങളെയാണ് ഞങ്ങള്‍ ഓരോ ദിവസവും നേരിടുന്നത്,’ ദെയ്ര്‍ ഇസ്റ്റിയയിലെ ഒരാള്‍ പറഞ്ഞു.
സംഭവത്തെ ഫലസ്തീന്‍ മതകാര്യ മന്ത്രാലയം അപലപിച്ചു. തീര്‍ത്തും ഹീനമായ കുറ്റകൃത്യമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പ്രാര്‍ത്ഥനകള്‍ തടസപ്പെടുത്തുന്നതും ആക്രമണവും തീവെപ്പും അടക്കമുള്ള ഒന്നിന് പിന്നാലെ ഒന്നായി തുടരുന്ന ആക്രമണങ്ങള്‍ ആരാധനാസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതായി മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റക്കാരുടെ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. ഒലിവ് വിളവെടുക്കുന്ന സമയത്താണ് ഇവരുടെ ആക്രമണം രൂക്ഷമാകുന്നത്. ഈ വര്‍ഷം ഒലിവ് വിളവെടുപ്പ് സീസണില്‍ മാത്രം 77 ഗ്രാമമങ്ങളിലായി ഫലസ്തീനികളുടെ നിരവധി ഒലിവ് മരങ്ങള്‍ നശിപ്പിക്കപ്പെട്ടു.
ഒലിവ് വിളകള്‍ മോഷ്ടിക്കുന്നതും സ്വന്തം കൃഷിയിടത്തിലേക്ക് കടക്കാന്‍ അനുവദിക്കാതെ ഫലസ്തീന്‍ കര്‍ഷകരെ തടയുന്നതും വര്‍ധിച്ചുവരികയാണ്.
ഒക്ടോബര്‍ ഒന്ന് മുതല്‍ ഒലിവ് വിളവെടുപ്പിനിടെ ഏറ്റവും ചുരുങ്ങിയത് 167 കുടിയേറ്റ ആക്രമണങ്ങള്‍ നടന്നതായി ഐക്യാരാഷ്ട്ര സഭയുടെ മാനുഷിക ഏജന്‍സിയുടെ പുതിയ അപ്‌ഡേറ്റില്‍ പറയുന്നു. 150 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും 5,700ലധികം മരങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കര്‍ഷകര്‍, അന്താരാഷ്ട്ര സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യനമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെ ഇസ്രഈലി സൈന്യത്തിന്റെ അനുമതിയോടെ ആക്രമണങ്ങള്‍ വ്യാപകമാവുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Content Highlight: Israel settlers burn Quran after mosque set on fire in West Bank