| Saturday, 16th May 2026, 9:40 am

ഫലസ്തീന്‍ തടവുകാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ലേഖനം: ന്യൂയോര്‍ക്ക് ടൈംസിനെതിരെ ഭീഷണിയുമായി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇസ്രഈലില്‍ ഫലസ്തീന്‍ തടവുകാര്‍ ബലാത്സംഗം അടക്കമുള്ള ലൈംഗിക പീഡനങ്ങള്‍ നേരിട്ടതിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചതിന് യു.എസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിനെതിരെ ഭീഷണിയുമായി ഇസ്രഈല്‍. മാധ്യമസ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇസ്രഈല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

‘ഇസ്രഈലിനെതിരെ ആധുനിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഏറ്റവും പരിതാപകരമായ കള്ളങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസിലേത്,’ എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മന്ത്രി ഗിഡിയണ്‍ സആറും ന്യൂയോര്‍ക്ക് ടൈംസിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ‘ഈ കള്ളങ്ങള്‍ക്കെതിരെ ഞങ്ങള്‍ കോടതിയില്‍ പോരാടും,’ എന്ന് നെതന്യാഹു റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ പറഞ്ഞു.

അതേസമയം, ഇത്തരം നിയമപരമായ അവകാശവാദങ്ങളില്‍ ഒരു കഴമ്പും ഇല്ലെന്ന് ഇസ്രഈലിന്റെ പ്രസ്താവനയെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് വക്താവ് ഡാനിയെലെ റോഡ്‌സ് അഭിപ്രായപ്പെട്ടു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ തടയാന്‍ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് ഇത്. ഒരു പ്രത്യേക ആഖ്യാനത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങാത്ത മാധ്യമപ്രവര്‍ത്തനത്തെയാണ് ഇത്തരത്തില്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ നിക്കോളാസ് ക്രിസ്‌റ്റോഫിന്റെ ലേഖനത്തിനെതിരെയാണ് ഇസ്രഈല്‍ നീക്കം. ‘ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പതിറ്റാണ്ടുകളായി നിക്ക് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. സംഘര്‍ഷ മേഖലകളില്‍ സ്ത്രീകളും പുരുഷന്‍മാരും നേരിടുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും മികച്ച ഓണ്‍ സൈറ്റ് റിപ്പോര്‍ട്ടര്‍മാരിലൊരാളാണ് അദ്ദേഹം,’ ഡാനിയെല റോഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രഈല്‍ തടറകളില്‍ ലൈംഗിക പീഡനം നേരിട്ട 14 പുരുഷന്‍മാരുടെയും സ്ത്രീകളുടെയും അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രിസ്റ്റോഫിന്റെ ലേഖനത്തിനെതിരെയാണ് ഇസ്രഈല്‍ ഇപ്പോള്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. വസ്തുതാന്വേഷണം കൃത്യമായി നടത്തിയിട്ടാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വക്താവ് ചാര്‍ളീ സ്റ്റാറ്റ്‌ലാന്‍ഡര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

‘ വിവരങ്ങളെല്ലാം പരിശോധിച്ച് ഉറപ്പിച്ചവയായിരുന്നു. വാര്‍ത്തകളും സര്‍വേകളും മനുഷ്യാവകാശ സംഘടനനകകളില്‍ നിന്നുള്ള സ്വതന്ത്ര അന്വേഷണങ്ങളുമായി ഒത്തുനോക്കി. ഒരു കേസിന്റെ കാര്യത്തില്‍ യു.എന്‍ സാക്ഷ്യപ്പെടുത്തല്‍ വരെയുണ്ടായിരുന്നു,’ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഏത് നിയമപരിധി വെച്ചാണ് ഇസ്രഈലി ഉദ്യോഗസ്ഥര്‍ നിയമനടപടി സ്വീകരിക്കുന്നതെന്ന് വ്യക്തമല്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച, ന്യൂയോര്‍ക്ക് ടൈംസിന്റെ ഒപ്പീനിയന്‍ വിഭാഗത്തിലാണ് ക്രിസ്‌റ്റോഫിന്റെ ലേഖനം പ്രസിദ്ധീകരിച്ചത്. ഇസ്രഈലിന്റെ ജയില്‍ ഗാര്‍ഡുമാര്‍, സൈനികര്‍, കുടിയേറ്റക്കാര്‍, ചോദ്യം ചെയ്യലിനെത്തിയവര്‍ തുടങ്ങിയവര്‍ ഫലസ്തീന്‍ തടവുകാര്‍ക്ക് നേരെ ബലാത്സംഗം അടക്കമുള്ള ലൈംഗിക പീഡനങ്ങള്‍ നടത്തിയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ലേഖനത്തിലുള്ളത്. നായകളെ ഉപയോഗിച്ച് വരെ ലൈംഗികമായി പീഡിപ്പിച്ചതായി ലേഖനത്തില്‍ പറയുന്നു.

മനുഷ്യാവകാശ സംഘടനകള്‍, അഭിഭാഷകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാധാരണക്കാരായ ഫലസ്തീനികള്‍ എന്നിവര്‍ വഴിയാണ് ഈ ആക്രമണങ്ങള്‍ നേരിട്ടവരിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ലേഖനത്തില്‍ പറയുന്നു. ബത്‌സലേം, സേവ് ദ ചില്‍ഡ്രന്‍ തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ ഇസ്രഈല്‍ തടവിലുള്ള ഫലസ്തിന്‍ തടവുകാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തേ രേഖപ്പെടുത്തിയിരുന്നു.

ദ ഗാര്‍ഡിയന്‍ പത്രവും മുന്‍പ് ഇത്തരം വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ഒരു മാര്‍ഗമായി ഇസ്രഈലി കുടിയേറ്റക്കാര്‍ ലൈംഗിക ആക്രമണങ്ങളെ ഉപയോഗിക്കുന്നതായും ഗാര്‍ഡിയന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Israel seeks to sue New York Times over article on rape of Palestinian prisoners

Latest Stories

We use cookies to give you the best possible experience. Learn more