ടെഹ്‌റാന്‍: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നടക്കുന്ന സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ഇസ്രഈല്‍ ശ്രമിക്കുന്നെന്ന് ഇറാന്‍. മേഖലയെ അസ്ഥിരപ്പെടുത്താനായി ഒരു യുദ്ധത്തിന് കളമൊരുങ്ങുന്നുണ്ടെന്നും ഇസ്രഈല്‍ ഇതിനായി യു.എസിനെ പ്രേരിപ്പിക്കുകയാണെന്നും ഇറാന്‍ സുരക്ഷാ മേധാവി അലി ലാരിജാനി പറഞ്ഞു.
യു.എസുമായി നിലവില്‍ നടക്കുന്ന ചര്‍ച്ച പ്രാഥമികഘട്ടത്തിലാണെന്നും ഈ ചര്‍ച്ചകള്‍ അട്ടിമറിക്കാനായി ഇസ്രഈല്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്നും ലാരിജാനി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈലുമായി ഇറാന്‍ ചര്‍ച്ചകളൊന്നും നടത്തുന്നില്ല. എല്ലാ ചര്‍ച്ചകളും അമേരിക്കയുമായി മാത്രമാണ്. എന്നിട്ടും ചര്‍ച്ചകള്‍ക്ക് തുരങ്കം വെക്കാനാണ് ഇസ്രഈല്‍ ചര്‍ച്ചകളില്‍ ഇടപെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇറാനോട് മാത്രമല്ല, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായും ഇതേ നിലപാടാണ് ഇസ്രഈലിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഇസ്രഈലിന്റെ ശ്രമങ്ങള്‍. അതിന്റെ ഭാഗമായാണ് ഖത്തര്‍ തലസ്ഥാനത്ത് ആക്രമണം നടത്തി ഹമാസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതെന്നും ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരോപിച്ചു.
നേരത്തെ ഇറാനും യു.എസും തമ്മില്‍ ഫലപ്രദമായ ചര്‍ച്ച തുടരുന്നതിനിടെയാണ് ഇത് അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെ ജൂണില്‍ ഇസ്രഈല്‍ ഇറാനെ ആക്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ആണവ തര്‍ക്കത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ഇറാനും
യു.എസും ഒമാനിലെ മസ്‌കറ്റില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതേസമയം, ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഏത് പരിശോധനയ്ക്കും ഇറാന്‍ തയ്യാറാണെന്നും എന്നാല്‍, യു.എസ് ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിക്കില്ലെന്നും കഴിഞ്ഞദിവസം ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ പറഞ്ഞിരുന്നു.
ആണവ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ആണവായുധങ്ങള്‍ രാജ്യം നിര്‍മിക്കുന്നില്ല, അതുകൊണ്ട് തന്നെ ഏതുതരത്തിലുള്ള പരിശോധനയ്ക്കും തയ്യാറാണ്, എന്നാല്‍, ആക്രമണത്തിന് മുന്നില്‍ ഇറാന്‍ മുട്ടുമടക്കില്ല.
പക്ഷെ മേഖലയിലെ സമാധാനം പുനസ്ഥാപിക്കുന്നതിനായി അയല്‍രാജ്യങ്ങളുമായും സഖ്യ രാഷ്ട്രങ്ങളുമായും ചര്‍ച്ചകള്‍ തുടരുകയാണെന്നും പെസസ്‌കിയാന്‍ അറിയിച്ചിരുന്നു. ഇറാന്റെ ഇസ് ലാമിക വിപ്ലവത്തിന്റെ 47ാം വാര്‍ഷികത്തില്‍ ടെഹ്റാനിലെ ആസാദി സ്‌ക്വയറില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇറാന്‍ പ്രസിഡന്റ്.
നേരത്തെ, ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിക്ക് തയ്യാറെടുക്കുമെന്നും ഇതിനായി മിഡില്‍ ഈസ്റ്റിലേക്ക് രണ്ടാമത്തെ വിമാനവാഹിനി കപ്പലിനെ അയക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.
Content Highlight: Israel sabotaging talks with US; inciting war: Iran’s security chief