| Thursday, 23rd April 2026, 7:42 am

ഇസ്രഈലിന്റെ പ്രസ്താവന രണ്ടാം ഹോളോകോസ്റ്റ് ഇരകളെ അപമാനിക്കുന്നതിന് തുല്യം; ഇറാന്‍ ഹോളോകോസ്റ്റിന് ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ റഷ്യ

നിഷാന. വി.വി

മോസ്‌ക്കോ: ഇറാന്റെ ആണവ പദ്ധതികളെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്ത ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്‌ക്കെതിരെ റഷ്യ.

ഈ താരതമ്യം ചരിത്രപരമായി തെറ്റാണെന്നും രണ്ടാം ലോക മഹായുദ്ധത്തിന്റെ ഇരകളോടുള്ള അധിക്ഷേപമാണെന്നും റഷ്യ പറഞ്ഞു.

ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇസ്രഈലിനെ നശിപ്പിക്കാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട്, ഇറാന്‍ ‘മറ്റൊരു ഹോളോകോസ്റ്റ്’ ഫലപ്രദമായി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മൗണ്ട് ഹെര്‍സലില്‍ നടന്ന ഒരു അനുസ്മരണ ചടങ്ങില്‍ സംസാരിച്ച നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇസ്രഈല്‍ സൈനികമായി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ നടാന്‍സ്, ഫോര്‍ഡോവ് – ഓഷ്വിറ്റ്‌സ്, മജ്ദാനെക് പോലുള്ള നാസി മരണ ക്യാമ്പുകളുടെ പര്യായമായി മാറുമായിരുന്നുവെന്നും നെതന്യാഹു ആരോപിച്ചിരുന്നു.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ചരിത്രത്തെ വളച്ചൊടുക്കുന്നതും ഇരകളെ അപമാനിക്കുന്നതുമാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞു.

ഇറാന്റെ ആണവായുധ നിലപാടുകളെക്കുറിച്ചുളള നെതന്യാഹുവിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ക്ക് കൃത്യമായ തെളിവുകളില്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിരീക്ഷണങ്ങളെ മാനിക്കണമെന്നും റഷ്യ പറഞ്ഞു.

1943ല്‍ ഷാ മുഹമ്മദ് റെസ പഹ്ലവിയുടെ കീഴില്‍ ഇറാന്‍ നാസി ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കാര്യവും റഷ്യ ചൂണ്ടിക്കാട്ടി. നാസി ജര്‍മനിയും യൂറോപ്പിലുടനീളമുളള അനുകൂലികളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ആരാണ് ഹോളോകോസ്റ്റ് നടത്തിയതെന്നും റഷ്യ പ്രസ്താവനയിലൂടെ ചോദിച്ചു.

നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട വിഷയങ്ങളെ ഇത്തരം പ്രസ്താവനകള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നതെന്നും റഷ്യ കുറ്റപ്പെടുത്തി.

Content Highlight: Israel’s statement is tantamount to insulting the victims of a second Holocaust; Russia accuses Iran of attempting a Holocaust

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more