| Friday, 19th June 2026, 11:22 am

ഇസ്രഈലിന്റെ നിലപാടുകള്‍ യുക്തിസഹമല്ല; യു.എസ്-ഇറാന്‍ കരാറിനെ വിമര്‍ശിച്ച ഇസ്രഈല്‍ മന്ത്രിമാരെ തള്ളി ജെ.ഡി വാന്‍സ്

നിഷാന. വി.വി

വാഷിങ്ടണ്‍: യു.എസും ഇറാനും തമ്മിലുള്ള സമാധാന കരാറിനെ എതിര്‍ത്ത് രംഗത്തെത്തിയ ഇസ്രഈല്‍ മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്.

ഇസ്രഈല്‍ മന്ത്രിമാരായ ഇറ്റാമര്‍ ബെന്‍ഗ്വിറിന്റെയും ബെസാലെല്‍ സ്‌മോട്രിച്ചിന്റെയും കരാരിനെതിരായ നിലപാട് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നതാണെന്നും ഇസ്രഈലിന്റെ സ്വന്തം താത്പര്യങ്ങള്‍ക്ക് തന്നെ എതിരാണെന്നും വാന്‍സ് പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. 90 ലക്ഷം ആളുകള്‍ മാത്രമുള്ള ചെറിയ രാജ്യമാണ് ഇസ്രഈലെന്നും അവിടുത്തെ എല്ലാ ദേശീയ സുരക്ഷാപ്രശ്നങ്ങളും ഇല്ലാതാക്കനുള്ള വഴിയാണ് കരാറെന്നും അത് സ്വയം ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘ഇസ്രഈലിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്കും പ്രതിരോധ ശേഷിക്കും അമേരിക്കന്‍ നികുതിദായകരുടെ വലിയ സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ട്. ഇസ്രഈലിന്റെ പ്രതിരോധ സംവിധാനങ്ങളിലെ

നിരവധി ആയുധങ്ങള്‍ അമേരിക്കയുടെ സഹായത്തിലൂടെയാണ് ലഭിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാത്രമാണ് ഇപ്പോള്‍ ഇസ്രഈലിനോട് അനുകമ്പയുള്ള ഒരേയൊരാള്‍. അത്തരം സാഹചര്യത്തില്‍ അമേരിക്കന്‍ നേതൃത്വത്തെ തന്നെ ആക്രമിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ യുക്തിസഹമല്ല,’ വാന്‍സ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഇറാനും അമേരിക്കയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. സമാധാന കരാര്‍ ഒപ്പുവെക്കുന്നതായി യു.എസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഇസ്രഈല്‍ മന്ത്രിമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വാന്‍സിന്റെ പ്രതികരണം. സമാധാന കരാര്‍ അംഗീകരിക്കില്ലെന്നും ലെബനനിലും ഗസയിലും ആക്രമണങ്ങള്‍ തുടരുമെന്നും ഇസ്രഈലി മന്ത്രിമാര്‍ പറഞ്ഞിരുന്നു.

Content Highlight: Israel’s positions are irrational; J.D. Vance rejects Israeli ministers who criticized the US-Iran deal

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more